കൊച്ചി: ചോറ്റാനിക്കരയിലെ ഹോട്ടലില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചരയോടെ നടക്കും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം നാല് മണി മുതല്‍ അഞ്ചര വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും ഖബറടക്കം. പത്തരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും.
ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഹോട്ടല്‍ മുറിയില്‍ എത്തിയ നവാസിനെ മരിച്ച നിലയില്‍ കാണുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു ഇടവേളക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍ക്കൊപ്പം സിനിമാ മിമിക്രി താരങ്ങള്‍. മരണവിവരമറിഞ്ഞ് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ സഹപ്രവര്‍ത്തകര്‍ ഓടിയെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം എന്നും അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ആശുപത്രിയിലെത്തിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടി, കൈലാഷ്, സരയു മോഹന്‍, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവര്‍ ആശുപത്രിയില്‍ എത്തി. കെ.എസ്. പ്രസാദ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തി.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ വേര്‍പാട്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്. എന്നാല്‍ മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചുവെങ്കിലും എടുത്തില്ല. നവാസിനെ അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നുകിടക്കുന്നതായാണ് കണ്ടത്. നോക്കുമ്പോള്‍ നവാസ് നിലത്ത് വീണുകിടക്കുന്ന നിലയില്‍ ആയിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മലയാളിയെ എന്നും ചിരിപ്പിച്ച അതുല്യകലാകാരനാണ് വിട വാങ്ങിയത്. ഹോട്ടല്‍ മുറിയിലെത്തിയ റൂം ബോയിയാണ് നിലത്ത് വീണ നിലയില്‍ നവാസിനെ ആദ്യം കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിലെ ഹോട്ടല്‍ ഉടമ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസിന്റെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു ആശുപത്രിയിലെത്തിയവരൊക്കെയും.
സീരിയല്‍, സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടേയും മലയാളികളെ കുടുകുടാ ചിരിപ്പിച്ച് ഒടുവില്‍ കണ്ണീരിലാഴ്ത്തിയ അതുല്യ കലാകാരനാണ് കലാഭവന്‍ നവാസ്. കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് സ്‌പോട്ട് കോമഡിയിലൂടെ സ്റ്റേജ് ഷോകളെ ഇളക്കിമറിച്ചും നവാസ് കയ്യടി നേടി. കൂട്ടുകാരൊത്തുള്ള ഉല്ലാസവേളയില്‍ ശബ്ദാനുകരണം നടത്തിയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ നവാസ് മിമിക്രി ലോകത്തേക്ക് കടന്നുവന്നത്. നാട്ടിലെ യുവജനമേളയില്‍ മിമിക്രിയില്‍ സ്ഥിരം ഒന്നാംസ്ഥാനം നേടിയിരുന്നയാളെ, നടി ഫിലോമിനയുടെ ശബ്ദം അനുകരിച്ച് രണ്ടാം സ്ഥാനത്താക്കി നവാസ് ചിരിമുറ്റത്ത് ഇരിപ്പുറപ്പിച്ചു.
കെ എസ് പ്രസാദിന്റെ കൈപിടിച്ച് ചിരിയുടെ സര്‍വകലാശാലയായ കലാഭവനിലേക്ക് കടന്നു. ആബേലച്ചന്റെ പിന്തുണ നവാസിനെ കലാഭവന്റെ സ്റ്റേജുകളില്‍ നിത്യസാന്നിധ്യമാക്കി. കുന്നംകുളത്തെ സ്റ്റേജില്‍ തുടക്കം. പാടാനുള്ള കഴിവ് ശബ്ദാനുകരണത്തില്‍ സമന്യയിപ്പിച്ചതോടെ താരങ്ങള്‍ നവാസിലൂടെ ഗായകരായി. നാടക ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകന് അഭിനയിക്കാനുളള കഴിവ് ജന്മസിദ്ധമായിരുന്നു. ടെലിവിഷന്‍ ഷോകളിലൂടെ മലയാളിയുടെ വീടുകങ്ങളില്‍ സുപരിചിതനായി മാറിയ നവാസ് 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിലെത്തിയത്.
മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈ ഡിയര്‍ കരടി, ചട്ടമ്പി നാട്, ചക്കരമുത്ത് മേരാം നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. അഭിനയിച്ചതിലേറെയും ഹാസ്യ കഥാപാത്രങ്ങള്‍. നവാസിനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രകടനമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ കണ്ടത്. ടെലിവിഷന്‍ കോമഡി പരിപാടികളില്‍ ജഡ്ജസിന്റെ റോളിലെത്തിയിരുന്ന നവാസ് അവിടെയും പ്രേക്ഷകനെ കയ്യിലെടുത്തു. സഹോദരന്‍ നിയാസ് ബക്കറിനൊപ്പം ആരംഭിച്ച കൊച്ചിന്‍ ആര്‍ട്‌സ് മിമിക്രി ട്രൂപ്പിലൂടെ സ്റ്റേജ് ഷോകളില്‍ സജീവ സാന്നിധ്യമായിരുന്നു. ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് മടങ്ങിവരാനുളള ശ്രമങ്ങള്‍ക്കിടെയാണ് നവാസിന്റെ അപ്രതീക്ഷിത വിയോഗം.
Related News