മുംബൈ: സ്‌കൂളില്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷാഹാപൂരിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവ പരിശോധനയ്ക്ക് വിധേയരാക്കിയെന്ന ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്‌കൂളിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇത്തരമൊരു ക്രൂരമായ നടപടി സ്വീകരിച്ചത്.
സ്‌കൂള്‍ പ്രിന്‍സിപ്പലും ഒരു വനിതാ അറ്റന്‍ഡറും ചേര്‍ന്നാണ് ഈ പരിശോധന നടത്തിയത്. ഈ വിഷയത്തില്‍ പ്രിന്‍സിപ്പലിനെയും പ്യൂണിനെയും അറസ്റ്റ് ചെയ്യുകയും നാല് അധ്യാപകര്‍ക്കും രണ്ട് ട്രസ്റ്റികള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ക്ലാസ് 5 മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥിനികളെയാണ് പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ഹാളിലേക്ക് വിളിച്ചുവരുത്തിയത്. ശുചിമുറിയിലെ രക്തക്കറകളുടെ ചിത്രങ്ങള്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ച ശേഷം ആര്‍ക്കാണ് ആര്‍ത്തവമെന്ന് ചോദിച്ചു. ആര്‍ത്തവമുള്ളവരെയും അല്ലാത്തവരെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ആര്‍ത്തവമുണ്ടെന്ന് പറഞ്ഞവരോട് വിരലടയാളം പതിക്കാന്‍ ആവശ്യപ്പെട്ടു. ആര്‍ത്തവമില്ലെന്ന് പറഞ്ഞവരെ ശുചിമുറിയിലേക്ക് കൊണ്ടുപോയി വനിതാ അറ്റന്‍ഡറെ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍ ഒരു പെണ്‍കുട്ടിക്ക് സാനിറ്ററി പാഡ് ഉണ്ടായിരുന്നുവെന്നും, എന്നാല്‍ അവള്‍ തനിക്ക് ആര്‍ത്തവമില്ലാത്തവരുടെ ഗ്രൂപ്പിലാണെന്ന് പറഞ്ഞിരുന്നുവെന്നും കണ്ടെത്തി. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഈ പെണ്‍കുട്ടിയെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അധിക്ഷേപിച്ചു. കുട്ടികള്‍ വീട്ടിലെത്തി ഈ സംഭവം വിവരിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രതിഷേധിക്കുകയും അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോക്‌സോ (Protection of Children from Sexual Offences) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍, ഒരു പ്യൂണ്‍, രണ്ട് അധ്യാപകര്‍, രണ്ട് ട്രസ്റ്റികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രിന്‍സിപ്പലിനെയും പ്യൂണിനെയും അറസ്റ്റ് ചെയ്തു, മറ്റ് നാല് പേരെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
ഈ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ആര്‍ത്തവത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കുന്നതിനുപകരം, വിദ്യാര്‍ത്ഥിനികളെ മാനസികമായി പീഡിപ്പിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തതെന്ന് രക്ഷിതാക്കളും പൊതുജനങ്ങളും ആരോപിക്കുന്നു. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും കുട്ടികളുടെ അവകാശങ്ങളെ ലംഘിക്കുന്നതുമായ ഈ പ്രവൃത്തിക്കെതിരെ ശക്തമായ നിയമനടപടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Related News