ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു. യെമനിലെ നിമിഷ പ്രിയയുടെ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവെച്ചതായി അറിയാന്‍ കഴിഞ്ഞു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ജയില്‍ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സന്‍ആയിലെ ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്.
വധശിക്ഷ ഒഴിവാക്കാന്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെയും ഇന്നും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും മതപണ്ഡിതരും മറ്റു പ്രമുഖരും പങ്കെടുത്ത യോഗം യെമനില്‍ ചേര്‍ന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ ഇന്ന് രാവിലെ അറിയിച്ചിരുന്നു. നാളത്തെ ശിക്ഷ നല്‍കുന്ന നടപടി താല്‍ക്കാലികമായി നീട്ടിവെക്കുക എങ്കിലും ചെയ്യണം എന്ന കാന്തപുരത്തിന്റെ ആവശ്യം യമന്‍ ഭരണകൂടം ഇന്ന് പരിഗണിക്കുമെന്നും സുഭാഷ് ചന്ദ്രന്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെ വധശിക്ഷ മാറ്റിവെച്ച നിര്‍ണായക വിവരം പുറത്തുവന്നിരിക്കുന്നത്.
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതിനാല്‍, കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വധശിക്ഷ മാറ്റിവെച്ചതായ വിവരം പുറത്തുവന്നിരിക്കുന്നത്.
Related News