ന്യൂഡല്‍ഹി: ഇന്നു രാവിലെ ഹരിയാനയിലെ ഝജ്ജര്‍ ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, റോഹ്തക്, സോനിപത് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ (എന്‍സിഎസ്) അറിയിപ്പു പ്രകാരം, രാവിലെ 9:04 ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ഝജ്ജര്‍ ആണ്.
ഡല്‍ഹി-എന്‍സിആറിലെ താമസക്കാര്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി പറഞ്ഞു. പലരും വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഡല്‍ഹി ഉള്‍പ്പെടുന്ന ഈ പ്രദേശം സീസ്മിക് സോണ്‍ IVല്‍ ഉള്‍പ്പെടുന്നതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലുള്ള മേഖലയാണ്.
Related News