റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ട് സ്വത്ത് സമ്പാദിക്കാന്‍ അനുമതി നല്‍കുന്ന നിയമാവലി പുറത്തിറക്കി. സൗദി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയാണ് നിയമങ്ങളും നിബന്ധനകളും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതുപ്രകാരം ഭൂമിയും കെട്ടിടങ്ങളും ആറ് വിഭാഗങ്ങളില്‍പ്പെടുന്ന വിദേശികള്‍ക്കാണ് വാങ്ങാനാവും. രാജ്യത്ത് പ്രവര്‍ത്തിക്കുന്നതല്ലാത്തവ ഉള്‍പ്പടെയുള്ള വിദേശ കമ്പനികള്‍, വിദേശികളായ വ്യക്തികള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിദേശ സ്ഥാപനങ്ങള്‍, സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രാതിനിധ്യ സ്ഥാപനങ്ങളും ഏജന്‍സികളും, വിദേശികളുടെ സംയുക്ത ഉടമസ്ഥതയില്‍ മൂലധനമുള്ള സൗദി കമ്പനികള്‍, വിദേശികളുടെ സ്വന്തമായുള്ള കമ്പനികള്‍, ഫണ്ടുകള്‍ അല്ലെങ്കില്‍ പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങള്‍ എന്നീ വിഭാഗക്കാര്‍ക്കാണ് അനുമതി.
റിയാദ്, ജിദ്ദ നഗരങ്ങളില്‍ നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ സ്വത്ത് സ്വന്തമാക്കാനാവും. മക്ക, മദീന എന്നിവിടങ്ങളില്‍ മതപരം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായായിരിക്കും അനുമതി നല്‍കുക. മക്കയിലും മദീനയിലും മുസ്ലിംകള്‍ക്ക് മാത്രമേ ഭൂമിയും വസ്തുവും സ്വന്തമാക്കാന്‍ അനുമതി ലഭിക്കൂ. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങടങ്ങുന്ന രേഖ ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റ് ഉടന്‍ പ്രസിദ്ധീകരിക്കും.
റിയാദ്, ജിദ്ദ, മക്ക, മദീന, മറ്റ് നഗരങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ നിര്‍ദ്ദിഷ്ട പ്രദേശങ്ങള്‍, സ്വന്തമാക്കാന്‍ പറ്റുന്ന സ്വത്തിന്റെ അനുവദനീയമായ ശതമാനം, ഉടമസ്ഥാവകാശങ്ങളുടെ തരങ്ങള്‍, ഗ്രേസ് പിരീഡുകള്‍, മറ്റ് വ്യവസ്ഥകള്‍ എന്നിവ വിശദമാക്കുന്നതും നിര്‍ദിഷ്ട സ്ഥലങ്ങളുടെ ഭൂപടങ്ങള്‍ ഉള്‍പ്പെടുന്നതുമായിരിക്കും ഈ രേഖ. അതോറിറ്റിയുടെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വസ്തുക്കള്‍ മാത്രമേ വാങ്ങാനാവൂ. നികുതിയും ഫീസും ഉള്‍പ്പെടെ 10 ശതമാനം തുക വാങ്ങൂന്നയാള്‍ നല്‍കണം. മേല്‍പറഞ്ഞ റിയല്‍ എസ്റ്റേറ്റ് നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാല്‍ ഒരു കോടി റിയാലായിരിക്കും് പിഴ.
സൗദി റിയല്‍ എസ്റ്റേറ്റ് വിപണിയുടെ നിയന്ത്രണ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം വികസിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്ക് എണ്ണയിതര മേഖലകളില്‍നിന്നുള്ള വിഹിതം വര്‍ധിപ്പിക്കുന്നതിനുമുള്ള 'വിഷന്‍ 2030' ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ നിയമം.
Related News