ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു നിയമന പ്രഖ്യാപനം. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകനാണ് ജമീല്‍. നേരത്തെ ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റേയും കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2017ല്‍ ഐലീഗ് കിരീടം ചൂടിയ ഐസ്വാള്‍ എഫ്സി ടീമിന്റെ പരിശീലകനായിരുന്നു മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് 48 കാരനെ ഖാലിദ് ജമീലിനെ തെരഞ്ഞെടുത്തത്. അന്തിമപട്ടികയില്‍ ഇംഗ്ലീഷ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈയ്നും സ്ലൊവാക്യയുടെ സ്റ്റെഫാന്‍ തര്‍കോവിച്ചും ഇടംപിടിച്ചിരുന്നു. മനോലോ മാര്‍ക്വസ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്. 170ലധികം അപേക്ഷകളാണ് ലഭിച്ചത്. നിലവില്‍ സമീപകാലത്തെ ഏറ്റവും മോശം ഫോമിലാണ് ഇന്ത്യ. ഫിഫ റാങ്കിങ്ങില്‍ 133-ാം സ്ഥാനത്താണ്. ഇവിടെനിന്ന് ടീമിനെ ഉയര്‍ത്തികൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമാണ് പുതിയ കോച്ച് ഖാലിദ് ജമീലിനുള്ളത്.
Related News