പുണെ: കാര്‍ഗില്‍ യുദ്ധവീരന്റെ കുടുംബത്തിന് നേരെ ഹിന്ദുത്വ സംഘടനയുമായി ബന്ധമുള്ള 80 ഓളം പേര്‍ വീട് ആക്രമിക്കുകയും ഇന്ത്യന്‍ പൗരത്വത്തിന് തെളിവ് ആവശ്യപ്പെടുകയും ചെയ്തതായി ആരോപണം. ബംഗ്ലാദേശികളാണെന്ന് ആരോപിച്ചായിരുന്നു ഇത്.
പുണെയിലെ ചന്ദന്‍നഗര്‍ പ്രദേശത്ത് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഹക്കീമുദ്ദീന്‍ ഷെയ്ഖിന്റെ സഹോദരന്‍ ഇര്‍ഷാദ് ഷെയ്ഖ് (48) പറഞ്ഞു. സായുധ സേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും ഇര്‍ഷാദ് ഷെയ്ഖ് വ്യക്തമാക്കി.
രാത്രി ഏകദേശം 12 മണിയോടെ 80 ഓളം പേര്‍ വാതിലില്‍ തട്ടാന്‍ തുടങ്ങി. വാതില്‍ തുറന്നപ്പോള്‍ ചിലര്‍ അകത്തേക്ക് അതിക്രമിച്ചു കയറുകയും ആധാര്‍ കാര്‍ഡുകള്‍ ആവശ്യപ്പെടുകയും ചെയ്തു. രേഖകള്‍ കാണിച്ച ശേഷവും അവര്‍ അത് വ്യാജമാണെന്ന് പറഞ്ഞ് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു. 60 വര്‍ഷത്തിലേറെയായി കുടുംബം പുണെയില്‍ താമസിക്കുകയാണെന്നും മൂന്ന് കുടുംബാംഗങ്ങള്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും വിശദീകരിച്ചിട്ടും സംഘം അധിക്ഷേപിക്കുകയും അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിക്കുകയും ചെയ്തു. സംഘം 'ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം വിളിക്കുകയും കുടുംബാംഗങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതായും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. സാധാരണ വേഷത്തിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ നിശബ്ദരായി നോക്കിനിന്നെന്നും ഇര്‍ഷാദ് ആരോപിച്ചു.
പോലീസ് സ്റ്റേഷനില്‍ വെച്ച് കുടുംബത്തെ രണ്ട് മണിക്കൂറോളം കാത്തുനിര്‍ത്തി. 'വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ഞങ്ങളുടെ പേപ്പറുകള്‍ വാങ്ങിവെക്കുകയും അടുത്ത ദിവസം തിരികെ വരാന്‍ പറയുകയും ചെയ്തു. ഇല്ലെങ്കില്‍ ബംഗ്ലാദേശ് പൗരന്മാരായി കണക്കാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി,' ഇര്‍ഷാദ് പറഞ്ഞു. അടുത്ത ദിവസം കുടുംബം വീണ്ടും സ്റ്റേഷനില്‍ പോയി. 'കേസ് കൊടുക്കരുതെന്നും മിണ്ടാതിരിക്കണമെന്നും ഞങ്ങളോട് പറഞ്ഞു. ആ രാത്രി ആരും ഞങ്ങളുടെ വീട്ടില്‍ കയറിയില്ലെന്ന് ഇപ്പോള്‍ പോലീസ് അവകാശപ്പെടാന്‍ ശ്രമിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ രേഖകള്‍ പൂര്‍ണ്ണമായും സാധുവാണെന്നും ഇര്‍ഷാദ് പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി തങ്ങള്‍ പുണെയില്‍ താമസിക്കുകയാണെന്നും കുടുംബത്തിലെ പലരും രാജ്യത്തെ സേവിച്ചിട്ടുണ്ടെന്നും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഹക്കീമുദ്ദീന്‍ ഷെയ്ഖ് സ്ഥിരീകരിച്ചു.
അതേസമയം, പുണെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സോണ്‍ 4) സോമയ് മുണ്ടെ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അനധികൃത ബംഗ്ലാദേശ് പൗരന്മാര്‍ക്കെതിരായ നഗരവ്യാപക ഡ്രൈവിന്റെ ഭാഗമായി ചില പോലീസ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കാന്‍ വീട്ടില്‍ പോയിരുന്നു. എന്നാല്‍, ഒരു വലിയ സംഘം അതിക്രമിച്ചു കയറിയെന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും മുണ്ടെ അറിയിച്ചു.
Related News