റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്‍ഡ്-റയാന്‍ സൂപ്പര്‍ കപ്പിന്റെ രണ്ടാം വാരം ആദ്യ മത്സരത്തില്‍ കെഎംസിസി കോഴിക്കോട് ജില്ലക്കും ആലപ്പുഴ ജില്ലക്കും തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് ബിയില്‍ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തൃശൂരിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. കോഴിക്കോടിനായി തഷിന്‍ റഹ്‌മാന്‍, മുഹമ്മദ് സാലിം എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. കോഴിക്കോടിന്റെ തഷിന്‍ റഹ്‌മാനാണ് കളിയിലെ കേമന്‍.
രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് ഒന്നിലെ ആലപ്പുഴ ജില്ലയും എറണാകുളം ജില്ലയും തമ്മില്‍ നടന്ന മത്സരം അത്യന്തം ആവേശകരമായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആലപ്പുഴ വിജയികളായി. ആലപ്പുഴക്കായി നബീലും ഫായിസും ഗോളുകള്‍ നേടിയപ്പോള്‍ എറണാകുളത്തിന്റെ ആശ്വാസ ഗോള്‍ മുബശ്ശിര്‍ ഇഖ്ബാലിന്റെ വകയായിരുന്നു. ആലപ്പുഴയുടെ നബീലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
അവസാനം നടന്ന പാലക്കാടും കാസര്‍കോടും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. മുഹമ്മദും സൈനും ഇരു ടീമുകള്‍ക്ക് വേണ്ടി ഗോളുകള്‍ നേടി. പാലക്കാടിന്റെ റിസ്‌വാന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ചാണ്ടി ഉമ്മന്‍ എം എല്‍ എ ടൂര്‍ണമെന്റില്‍ മുഖ്യതിഥിയായി പങ്കെടുക്കയും കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം കല കായിക പരിപാടികള്‍ക്ക് കൂടി കെഎംസിസി പ്രാധാന്യം കൊടുക്കുന്നത് ശ്രദ്ധേയമാണെന്നും ഫുട്‌ബോളിന്റെ മികച്ച സംഘാടനം പ്രശംസ അര്‍ഹിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, തനിമ സാംസ്‌കാരിക വേദി സെക്രട്ടറി റഹ്‌മത്ത് ഇലാഹി, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ടൂര്‍ണമെന്റ് ചീഫ് കോ ഓഡിനേറ്റര്‍ മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സത്താര്‍ താമരത്ത്, അഡ്വ. അനീര്‍ ബാബു, അഷ്റഫ് കല്‍പകഞ്ചേരി, നാസര്‍ മാങ്കാവ്, ഷമീര്‍ പറമ്പത്ത്, നജീബ് നല്ലാങ്കണ്ടി, അബ്ദുറഹ്‌മാന്‍ ഫറൂഖ്, മാമുക്കോയ തറമ്മല്‍, സിറാജ് മേടപ്പില്‍, റഫീഖ് മഞ്ചേരി, ഫാരിസ് പാരജോണ്‍,നാസര്‍ അല്‍ഖര്‍ജ് കെഎംസിസി എന്നിവര്‍ വിവിധ മത്സരങ്ങളിലെ ടീമുകളെ പരിചയപ്പെട്ടു. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ യഥാക്രമം അസ്ലം പുറക്കാട്ടിരി എ ജി സി, സെന്‍ട്രല്‍ കമ്മിറ്റി കായിക വിഭാഗം ചെയര്‍മാന്‍ ജലീല്‍ തിരൂര്‍, ഷബീര്‍ ഒതായി എന്നിവര്‍ കൈമാറി.
Related News