വടക്കന്‍ ഇറ്റലിയിലൂടെ ഒഴുകുന്ന പോ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് ക്രെമോണ. സംഗീതത്തിന് പേരുകേട്ട ഈ നഗരത്തില്‍ നിന്നാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ ക്രെമോണിസിന്റെ വരവ്. ഇറ്റാലിയന്‍ ആഭ്യന്തര ലീഗിലെ സീരി ബിയില്‍ കളിച്ചിരുന്ന ക്രെമോണിസ് ഇത്തവണ പ്ലേ ഓഫ് കളിച്ചാണ് സീരി എയിലേക്ക് യോഗ്യത നേടിയത്. ക്രെമോണിസ് എന്ന ക്ലബ്ബിന് ഫുട്‌ബോളില്‍ വലിയ മേല്‍വിലാസവും ചരിത്രവും ഒന്നുമില്ലെങ്കിലും, ആ ക്ലബ്ബിന്റെ പ്രതിരോധനിരയിലെ ഒരു താരത്തെയാണ് ഫുട്‌ബോള്‍ ലോകം അത്ഭുതത്തോടെ നോക്കുന്നത്. റൊമേനോ ബെനിറ്റോ ഫ്‌ലോറിയാനി മുസ്സോളനി എന്ന ഇരുപത്തരണ്ടുക്കാരനായ യുവതാരം വരുന്നത് ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളില്‍ ഒരാളായ ബെനിറ്റോ മുസ്സോളനിയുടെ പരമ്പരയില്‍ നിന്നാണ്. മുസ്സോളനിയുടെ മകനായ റൊമേനോ മുസ്സോളനിയുടെ മകള്‍ അലസ്സാന്ദ്ര മുസ്സോളനിയുടെ മകനാണ് ഫ്‌ലോറിയാനി മുസ്സോളനി.
2003-ല്‍ റോമിലാണ് താരത്തിന്റെ ജനനം. റോമയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന താരം പിന്നീട് പെസ്‌ക്കാറ എഫ്‌സിക്ക് വേണ്ടി കളിച്ച് കൊണ്ടാണ് സീരി സിയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ സീസണില്‍ സീരി ബി യില്‍ യുവെ സ്റ്റാബിയക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഫ്‌ലോറിയാനി മുസ്സോളനിയെ സീരി എ യിലേക്ക് യോഗ്യത നേടിയ ക്രെമോണിസ് റാഞ്ചുകയായിരുന്നു. ക്രൂരവും വംശീയപരവുമായ നിലപാടുകള്‍ എടുത്ത് യൂറോപ്പിനെയാകെ അസ്വസ്ഥമാക്കിയ ഒരു സ്വേച്ഛാധിപതി തന്റെ മുന്‍തലമുറകളില്‍ ഉണ്ടെങ്കിലും തനിക്ക് രാഷ്ട്രീയത്തില്‍ ഒട്ടും താല്പര്യമില്ലെന്നാണ് യുവതാരം പറയുന്നത്.
എന്നാല്‍ ഗായികയും നടിയുമായ മാതാവ് അലസ്സാന്ദ്ര മുസ്സോളനി തികഞ്ഞ ഒരു രാഷ്ട്രീയക്കാരിയാണ്. ഫോര്‍സാ ഇറ്റാലിയ എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം കൂടിയാണ് അവര്‍. ഒരു സ്വേച്ഛാധിപതിയുടെ പരമ്പരയില്‍ നിന്ന് ഒരാള്‍ കാല്‍പന്തിന്റെ മൈതാനങ്ങളിലേക്ക് കടന്നുവരുന്നത് കൗതുകമുള്ള കാര്യം തന്നെയാണ്. ക്രെമോണിസിന്റെ പ്രതിരോധ കോട്ടകള്‍ക്ക് വിള്ളല്‍ വീഴാതെ നോക്കാന്‍ റൊമേനോ ബെനിറ്റോ ഫ്‌ലോറിയാനി മുസ്സോളനിക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണണം.
-മുനീർ വാളക്കുട
Related News