കിനാക്കളുടെ കൂട് കൂട്ടാത്തൊരു ദിവസം പ്രവാസികള്‍ക്കുണ്ടാവില്ല. യാഥാര്‍ഥ്യങ്ങളുടെ കനലിലും കിനാവിന്റെ കുളിരുള്ളത് കൊണ്ടാണ് കരിഞ്ഞ് പോകാത്തത് എന്നതൊരു സത്യവും തത്വവുമൊക്കയാണ്. പകല്‍ കിനാവാണ് വിജയ രഹസ്യമെന്ന് സൈക്കോളജി പറയുന്നുണ്ടെങ്കിലും പ്രവാസികള്‍ വിജയിക്കാത്തതെന്തുകൊണ്ട്?
പറഞ്ഞ് പഴകിപ്പുളിച്ച് കേള്‍ക്കുമ്പോള്‍ ഓക്കാനം വന്നാലും പറയാതിരിന്നിട്ട് കാര്യമില്ല. പ്രവാസിയുടെ പ്രഥമവും പ്രാധാനവുമായ ലക്ഷ്യം വീടാണെന്ന തോന്നലാണ് തോല്‍വിയുടെ കാരണം. ആദ്യം ചിന്തിക്കേണ്ടത് അവസാനത്തേക്ക് മാറ്റിയതാണ് പ്രവാസികളുടെ പരാജയമെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
' നാട്ടില്‍ തിരിച്ചെത്തിയ ശേഷം വരുമാന മാര്‍ഗ്ഗം കണ്ടെത്താമെന്ന വിചാരം നുള്ളി മാറ്റണം ' വന്നത് വരുമാനമുണ്ടാക്കാനാണെന്ന വിചാരമുള്ളവര്‍ക്കേ വിജയിക്കാനാവൂ. നാട്ടിലെ പദവിമാറ്റത്തിനുള്ള നമ്മുടെ നാടകം കളി നാണം കെടുത്തും. ഇതിനു തെളിവ് തേടി തെണ്ടേണ്ട ഗതികേടില്ലാത്തതാണ് നമ്മുടെ നേട്ടം.
'മരുപ്പറമ്പിലെ ഉണങ്ങാത്ത വിയര്‍പ്പോടെ നാട്ടിലെത്തുമ്പോള്‍ തണുത്ത കാറ്റ് വീശുന്ന അനുഭവം അവര്‍ ആസ്വദിക്കുന്നു' (A Hanbook Expatri-atse)
വ്യാജം വെടിഞ്ഞ് വിവേവികളായില്ലെങ്കില്‍ നിലനില്‍പ് തന്നെ അവതാളത്തിലാകും. തോളിലേറ്റാനാളുണ്ടാവില്ല. തവളെയെപ്പോലെ പോക്രോം പേക്രോം പാടി ചാടിച്ചാടി കടല്‍ തന്നെച്ചാടിക്കേണ്ടിവരും. തിരിച്ച് ചെന്ന നമ്മെ നാടുകടത്തുന്നത് ആര്? എന്ത്? ഉത്തരം തപ്പിത്തെരഞ്ഞ് നേരം കളയേണ്ടാ
'ഗള്‍ഫ് കുടിയേറ്റത്താല്‍ വന്ന വിലക്കയറ്റവും ആഡംഭരത്വവും ധൂര്‍ത്തും തന്നെയാണ് വരുന്നവരെ ഇളിച്ച് കാണിക്കുന്ന ഘടകങ്ങള്‍ ' (കടപ്പാട്). ധൂര്‍ത്തും ധിക്കാരവും വിജയിക്ക് യോജിച്ചതല്ല. ലോക പ്രശസ്ത തത്വജ്ഞാനിയുടെ വാക്കുകള്‍ വി: ഖുര്‍ആന്‍ എടുത്തുദ്ദരിക്കുന്നത് നോക്കൂ, മേനേ നീ മനുഷ്യരോടു മുഖം തിരിക്കരുത്, അഹന്ത കാട്ടി ഭൂമിയില്‍കൂടി നടക്കുകയും അരുത്. നിശ്ചയമായും ദുരഭിമാനിയെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല
'അഹങ്കാരം കാണിക്കുന്ന ദരിദ്രനോട് നാഥന്‍ ദേഷ്യം വെക്കും ' മുഹമ്മദ് നബി (സ) പറഞ്ഞ നിര്‍ഭാഗ്യവാനില്‍ പെടലാണ്പ്രവാസം കൊണ്ടുള്ള നേട്ടമെങ്കില്‍
ഇരുലോകവും ഇരുളില്‍ തന്നെ. കുറേ കിനാവ് കാണുന്നതിന് പകരം നല്ലൊരു കിനാവ് കാണാന്‍ പഠിക്കണം പ്രവാസികള്‍. മടക്കം മിടുക്കോടെയാകാന്‍ മിഴിതുറന്നിരുന്ന് കിനാവ് കാണാന്‍ കഴിയണം. നല്ല കാഴ്ചപ്പാടും സ്വയം ബോധവും ഇല്ലാത്തത് കൊണ്ടാണ് നല്ലൊരു പകല്‍ കിനാവ് കാണാന്‍ കഴിയാത്തത്.
നമ്മുടെ ദേശാടനം ദിശ തെറ്റിയ കപ്പല്‍ യാത്രയല്ല. വരും ദശാബ്ദങ്ങള്‍ ആശിച്ചത് പോലെ ജീവിക്കാനുള്ള ആസൂത്രണവും അതിനായുള്ള അതിജീവനവുമാണ്.
പ്രവാസം പാര്‍പ്പിടം പണിയുന്നതില്‍ പരിമിതപ്പെടരുത്. എന്നല്ല പാര്‍പ്പിടം പണിയലല്ല പണമുണ്ടാക്കലാണ് പ്രവാസ ലക്ഷ്യം. വീട് വരുമാന മാര്‍ഗ്ഗമല്ല എന്ന കാര്യം മറക്കരുത്. ഭാവനകൊത്ത വീടല്ല ഭാവികൊത്ത വീടാണ് നിര്‍മ്മിക്കേണ്ടത്. ഭവന നിര്‍മ്മാണം ഭാവിയെ ഭീതിയിലാക്കുന്നതാവരുതെന്ന് ചുരുക്കം. ഇതിന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമൊന്നും നേടേണ്ടാ.
'കൊക്കിലൊതുങ്ങതേ കൊത്താവൂ' ഈ പഴമൊഴിയുടെ പൊരുളുള്‍കൊള്ളാന്‍ മനസ്സുള്ളവന്ന് മാന്യമായി ജീവിക്കാം. അല്ലെങ്കില്‍ കിടപ്പാടം പണിത് കടപ്പാടത്ത് കിടന്നുരുളാം. ആധുനിക സാമ്പത്തിക ശാസ്ത്ര പ്രകാരം വരുമാനത്തിന്റെ ഇരുപത് ശതമാനം മാത്രമേ പാര്‍പ്പിടം പണിയാന്‍ ചെലവഴിക്കാവൂ. വീട് പണിക്ക് ചെലവഴിച്ചപ്പണം ഡെഡ്മണിയായാണ് സാമ്പത്തിക ശാസ്ത്രം കണക്കാക്കുന്നത്. വരുമാനത്തിനൊത്ത വീടുണ്ടാക്കലാണ് വിരുത്.
Related News