l o a d i n g

സർഗ്ഗവീഥി

പുസ്തക സഞ്ചി

റഫീക്ക് പെരൂള്‍

Thumbnail

ഇരു വശത്തും വയലുകള്‍, വയലുകളെ കീറി മുറിച്ചു പോകുന്ന ചെറിയ റോഡ്, അവിടെ ഇവിടെ ആയി ചുരുക്കം ചില വീടുകള്‍. ശുദ്ധ വായു ആവശ്യത്തില്‍ കൂടുതല്‍. പാടത്തും പറമ്പിലും മേയുന്ന പശുക്കള്‍, റോഡില്‍ വാഹനങ്ങള്‍ വളരെ കുറവ്. ചുരുക്കം ഉള്ള കാല്‍നട യാത്രക്കാരില്‍ ഏറ്റവും രസകരമായിട്ടുള്ളത് കിലോമീറ്ററുകളോളം താണ്ടി തലയില്‍ മടഞ്ഞ ഓല, തേങ്ങയുടെ പുറംതോട്, ചിരട്ട ഇവ ചുമന്നു നടക്കുന്ന ഒരു കൂട്ടം സ്ത്രികളാണ്. അതിരാവിലെ അവര്‍ നിര്‍ത്താതെ നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു നടക്കുന്നത് ഒരു പ്രത്യേക കാഴ്ച്ചയാണ്. മണിക്കൂര്‍ ഇടവിട്ട് മാത്രം അങ്ങാടിയില്‍ പോകുന്ന ബസ്സ്. അതിന്റെ മുകളില്‍ വാഴകുല, ചാക്കുകെട്ടുകള്‍, ഇത് ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ ആശ്വാസം ആണ്.

'നാളെ നാളെ, നാളെയാണ് നറുക്കെടുപ്പ് 'എന്ന് വിളിച്ചു പോകുന്ന ലോട്ടറി വാഹനം, പിന്നെ വെള്ളി ആഴ്ച്ചതോറും മാറുന്ന സിനിമ അറിയിച്ചു ഉച്ചഭാഷിണിയില്‍ വിളിച്ചു പറഞ്ഞു പോകുന്ന ഓട്ടോ, അതാണ് ആകെ ഉള്ള ബഹളം. അത്രയും നിശബ്ദമായ ശാന്ത സുന്ദര ഗ്രാമം. ദിനചര്യകള്‍ ചിട്ടപ്പെടുത്തുന്നതില്‍ ബസ്സിന്റെ സമയം ഒരു വലിയ പങ്ക് വഹിക്കുന്നു. അടുപ്പില്‍ അരി വേവിക്കാന്‍ വെക്കുന്നത്, അലക്കിയത് ഉണക്കാന്‍ ഇടുന്നത്, നമസ്‌ക്കാര സമയം, കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുന്ന സമയം ഇതൊക്കെ അതാത് സമയം കടന്നു പോകുന്ന ബസ്സ് ഓര്‍മിപ്പിക്കും.

ഓരോ കുട്ടികളും ഓരോ ബസ്സ് എന്റെ സ്വന്തം എന്ന് പറഞ്ഞു നടക്കും. ആ ബസ്സ് കൃത്യസമയത്ത് എത്തുന്നുണ്ടോ എന്നത് ഒരു വല്ലാത്ത ആകാംക്ഷയാണ്. ബസ്സിന്റെ മൊഞ്ചും അതിന്റെ സ്പീഡും ബസ്സ് ഇഷ്ടപ്പെടാനും അത് സ്വന്തമാക്കാനും ഉള്ള മാനദണ്ഡം. അങ്ങനെ എനിക്കും ഉണ്ടായിരുന്നു ഒരു ബസ്സ്. എന്റെ സ്വന്തമായിട്ടുള്ള ബസ്സ്, എനിക്ക് ഏഴു വയസുള്ളപ്പോള്‍ തന്നെ ഞാന്‍ ഒരു ബസ്സ് മുതലാളി ആയിരുന്നു.

പുതിയ സ്ഥലത്തേക്ക് താമസം മാറി ഏഴാമത്തെ വയസ്സില്‍ എത്തിയ ഈ ഗ്രാമം ഒരു പക്ഷെ എനിക്ക് കിട്ടിയ വലിയ ഒരു അനുഗ്രഹം ആയിരുന്നു എന്ന് പറയാം. വ്യത്യസ്തമാക്കുന്നത് വെറും വയലുകളും നിശബ്ദതയും മാത്രം അല്ല ആരും കൊതിച്ചു പോകുന്ന സാമൂഹിക ബന്ധം മതം ജാതി ഇവയൊന്നും ഒരു വിധത്തിലും ബാധിക്കാത്ത സുന്ദര മനസ്സുകള്‍. ശ്രീകൃഷണ ജയന്തിക്കും, നാരായണ ഗുരു ജയന്തിക്കും, ഓഗസ്റ്റ് 15നും, റിപ്പബ്ലിക് ദിവസവും, ഗാന്ധി ജയന്തിക്കും വിഷുവിനും ഓണത്തിനും എല്ലാവര്‍ക്കും പായസം വിളമ്പാന്‍ ആയി ഒരു കൂട്ടം ആള്‍ക്കാര്‍. അത് കുടിക്കുമ്പോള്‍ ഒരു നേരം വയറു നിറച്ചു ഭക്ഷണം കിട്ടുന്ന ഒരു സംതൃപ്തി, അത് നല്‍കുന്നവര്‍ക്കും അത് കുടിച്ച എനിക്കും ലഭിച്ചിരുന്നു. ഇത്തരം മതത്തിനും രാഷ്ട്രിയത്തിനും അതീതമായ സാമൂഹിക ബന്ധം അരകിട്ടുറപ്പിച്ച സുന്ദര ഗ്രാമം.

പാടത്തും പറമ്പിലും ഓടി ചാടി നടക്കാന്‍, മഴയില്‍ തിമിര്‍ത്തു കളിക്കാന്‍, വയലുകളില്‍ പോയി മീന്‍ പിടിക്കാന്‍, ഓടി തഴഞ്ഞ സൈക്കിള്‍ ടയര്‍ ഉരുട്ടി ദൂരങ്ങളോളം മത്സരിച്ചു ഓടാന്‍. ഓടുമ്പോള്‍ ഊരി പോകുന്ന അരയില്‍ കുടുങ്ങാത്ത ട്രൗസര്‍ ആ ട്രൌസര്‍ മാത്രം ഇട്ടു ഓടാന്‍ വരും അക്കൂട്ടത്തില്‍ ഞാനും. ഒരു സൈക്കിള്‍ ടയര്‍ ഒത്തു കിട്ടാന്‍ ശ്രമിച്ചിട്ടും കിട്ടാതെ ഓടി തളരുന്നവരില്‍ നിന്നും കടം വാങ്ങി ഓടികുമ്പോള്‍ ബല്യ സന്തോഷം ആകും. ഗ്രാമീണ ജീവിതം നല്‍കിയ നാടന്‍ കളികള്‍ ഒന്നൊഴിയാതെ കളിച്ചു രസിച്ചു നടക്കുമ്പോള്‍ ഞാന്‍ കേട്ടില്ല പഠിക്കൂ എന്ന കല്പന ഒരു മൂലയില്‍ നിന്നും. മത്സരം ഇല്ല, പരീക്ഷ വെറും ഒരു ചടങ്ങ്. പഠിപ്പിക്കുന്ന ടീച്ചര്‍ പരിശ്രമിക്കുന്നു തലയില്‍ ഒന്ന് കയറി കിട്ടാന്‍ നമ്മളില്‍ പലരുടെയും. അവിടെ വികൃതിക്ക് കൂടുതല്‍ മാര്‍ക്കും എനിക്ക് ആയിരുന്നു. പത്താം ക്ലാസ് തോറ്റ കാക്കാനോട് 'ഇനി നീ എന്തിനാ കൊള്ളുക' എന്ന് ആരോ പറയുന്നത് കേട്ടു. അത് മനസ്സില്‍ എവിടെയോ പതിച്ചു. ഒരു തീപ്പൊരി അതില്‍ എവിടെയോ ഒളിഞ്ഞു കിടന്നിരുന്നു.

വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തുള്ള അങ്ങാടിയില്‍ ഉള്ള ബാപ്പാന്റെ കടയില്‍ പോയാല്‍ കിട്ടുന്ന ചെറിയ ഇടവേളയില്‍ മൂന്ന് പീടികക്ക് അപ്പുറം ഉള്ള വായനശാലയില്‍ കയറി വായന തുടങ്ങും. അതൊരു വലിയ മാറ്റത്തിനുള്ള ചെറിയ തുടക്കം ആയിരുന്നു.

പുതിയ സ്ഥലത്തേക്ക് താമസം മാറിയപ്പോള്‍ മനസ്സിന് കുളിര്‍മ നല്‍കിയ വയലേലകള്‍കൊണ്ട് അലങ്കൃതമായ എന്റെ സ്വന്തം ഗ്രാമം എനിക്ക് ആദ്യം തന്ന സമ്മാനം സ്വന്തം എന്ന് ഞാന്‍ അഭിമാനിച്ച ഒരു ബസ്സ്, രണ്ടാമത്തേത് എന്റെ സ്വന്തം വിദ്യാലയം. മണല്‍ തിട്ടകള്‍ ഇറങ്ങിയും കയറിയും പാടത്തും പറമ്പിലും മിന്നായം പോലെ ഓടി മറിഞ്ഞും നിമിഷങ്ങള്‍ക്ക് ഉള്ളില്‍ എത്തിപെടാവുന്ന ആ വിദ്യാലയം. ഹൃദയത്തില്‍ തൊട്ടു, മനസ്സിനെ ഉണര്‍ത്തുന്ന സുന്ദര കാഴ്ചകള്‍ നല്‍കി ബാല്യകാലങ്ങളില്‍. കളവില്ല, ചതിവ് ഇല്ല, മത്സരം ഇല്ല, റാങ്ക് ഇല്ല, നിറക്കൂട്ടുള്ള ഉടുപ്പ് ആര്‍ക്കും ഇല്ല. അടുത്തിരിക്കുന്നവന്‍ ടീച്ചര്‍ അരികിലൂടെ ചോദ്യങ്ങള്‍ ചോദിച്ചു പോകുമ്പോള്‍ സ്ലൈറ്റ് ചെരിച്ചു പിടിച്ചു ഉത്തരം കാണിച്ചു കൊടുക്കുമ്പോള്‍ നിറയുന്ന പുഞ്ചിരി, നിഷ്‌കളങ്ക സൗഹൃദത്തിന്റെ തുളുമ്പുന്ന കുടങ്ങള്‍ ആയിരുന്നു. ഒരു ബെഞ്ചില്‍ തന്നെ ആണും പെണ്ണും ഒന്നിച്ചിരുന്നു ബാലകാല നിഷ്‌കളങ്കത ഊട്ടി ഉറപ്പിച്ച പള്ളിക്കൂടം.

കലാലയങ്ങളെ വേര്‍തിരിക്കാന്‍ അളവുകോലുകള്‍ തുച്ചം ആയ ആ കാലത്ത് ഏതു അളവുകൊലിനാല്‍ അളന്നാലും മുന്നിട്ട് നില്‍ക്കുന്ന ആത്മാര്‍ഥതയുടെ നിറകുടങ്ങള്‍ ആയ അധ്യാപകര്‍. ആത്മാര്‍ഥത, പരിമിതിയുടെ ഉരകല്ലില്‍ ഉരച്ചു മാറ്റ് തെളിയിച്ചവര്‍. മഞ്ചാടി കുരുവും, ഇലഞ്ഞി കുരുവും, ഈര്‍ക്കിലും ഉപയോഗിച്ച് ഗണിതത്തിന്റെ ആദ്യപാഠം മനസ്സില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പെടാപാടുപെടുന്ന മാധവി ടീച്ചര്‍. ടീച്ചറുടെ മേശയില്‍ മഞ്ചാടിയും ഈര്‍ക്കില്‍ കെട്ടുകളും കൂടുതല്‍ സ്ഥലം പിടിച്ചിരുന്നു. പകുതിയില്‍ ഏറെ സമയം വരാന്തയിലും മുറ്റത്തും കൊണ്ട് പോയി ശുദ്ധ വായു ശ്വസിച്ചു പഠിക്കണം പഠിപ്പിക്കണം എന്ന മാതൃക കാണിച്ചുകൊടുത്ത മാധവി ടീച്ചര്‍. കാച്ചിയ വെളിച്ചെണ്ണ, കുഴമ്പ്, തുളസി ഇല ഇവയുടെ മിശ്രിതം സുഗന്ധം പരത്തി, നെറ്റിയില്‍ ചന്ദന കുറിയും ആയി ക്ലാസ്സിലേക്ക് കടന്നു വരുന്നു ടീച്ചര്‍. ''നമസ്‌തേ ടീച്ചര്‍'' എന്ന് എഴുന്നേറ്റ് നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു സ്വീകരിക്കുന്നത് ഒരു ചടങ്ങായി അന്ന് തോന്നിയെങ്കിലും ഗുരു ശിഷ്യ ബന്ധത്തിന്റെ ഒരു ശക്തമായ കണ്ണി അതിലൂടെ ഉണ്ടാക്കപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ ആ പ്രായത്തിലെ ബുദ്ധി മതിയാവാതെ പോയി. ഓരോ പിഞ്ചു കുഞ്ഞിനേയും പോലെ എന്നെയും അടുത്ത് പിടിച്ചു ലാളിച്ചു അക്ഷരങ്ങളും അക്കങ്ങളും ചൊല്ലി ഉരുവിട്ട് പഠിപ്പിച്ചപ്പോള്‍ ഓര്‍ത്തില്ല, ഞാന്‍ ചേര്‍ന്നിരിക്കുന്നത് വെറും ഒരു ടീച്ചറുടെ ഓരില്‍ അല്ല പകരം വെക്കാനില്ലാത്ത സ്‌നേഹനിധി ആയ ടീച്ചറുടെ അടുത്താണ് എന്ന്.

മാധവി ടീച്ചര്‍, എനിക്ക് ബുക്ക് കൊണ്ടുവരാന്‍ പെട്ടിയോ ബാഗോ ഇല്ല എന്ന് മനസ്സിലാക്കി പുസ്തകം കേടുകൂടാതെ സൂക്ഷിക്കാന്‍ ഒരു ബാഗില്‍ ബുക്ക് ഇട്ടു കൊണ്ടു വരണം എന്ന് സ്‌നേഹത്തോടെ എന്നെ ഉപദേശിച്ചു. എനിക്ക് ഇത് എങ്ങനെ ഉപ്പാനോട് പറയും എന്ന് അറിയില്ല. ഒരു പുതിയത് ബാഗ് വാങ്ങിക്കാന്‍ എന്തായാലും തയ്യാറാവില്ല. സാമ്പത്തികം, പിന്നേ ആവശ്യില്ലാത്തതു ഒന്നും വാങ്ങികാത്ത ശൈലി. ബാഗ് ആവശ്യം ഇല്ലാത്തത് ആയി തോന്നിയാലോ? എന്തായാലും മാധവി ടീച്ചറെ പേരും പറഞ്ഞ് അവതരിപ്പിക്കാം, ഞാന്‍ മനസ്സില്‍ തീരുമാനിച്ചു. ഞാന്‍ പതുക്കെ ബാഗ് വിഷയം അവതരിപ്പിച്ചു. ഞാന്‍ ഒരിക്കലും പ്രതീക്ഷികാത്ത മറുപടി എനിക്ക് കിട്ടി. 'വാങ്ങാം, നാളെ ചെട്ടിയാരെ പീടികയില്‍ നോക്കാം', കേട്ടപ്പോള്‍ ആശ്ചര്യവും സന്തോഷവും തോന്നി. 'ചെട്ടിയാരെ പീടികയില്‍ നിന്നായത് കൊണ്ട് പുതിയത് ആയിരിക്കും', ഞാന്‍ മനസ്സില്‍ പറഞ്ഞു. 'വാങ്ങിത്തരും എന്ന് പറഞ്ഞാല്‍ എന്തായാലും വാങ്ങിക്കും അത് ഉറപ്പാ '. ഉപ്പാനോടുള്ള വിശ്വാസം എന്നോട് അത് ഉറക്കെ പറഞ്ഞു.

പിറ്റേന്ന് ഉപ്പ വരുമ്പോള്‍ കയ്യില്‍ ഒരു പൊതി കണ്ടതോടെ ആകാംഷ കൂടി, ബുക്ക് കൊണ്ടുപോകാന്‍ വാങ്ങിച്ച ബാഗ് തരാന്‍ അതാ എന്നെ വിളിക്കുന്നു. കയ്യില്‍ കിട്ടിയ ആ പൊതി അവിടെ വെച്ച് തന്നെ തുറക്കാന്‍ പറഞ്ഞു. അതീവ സന്തോഷത്തില്‍ തുറന്ന ഞാന്‍, ആ ബാഗ് കണ്ടു ഒരു നിമിഷം ഞെട്ടി. അത് സാധനം വാങ്ങാന്‍ ഉപയോഗിക്കുന്ന നൈലോണ്‍ സഞ്ചി ആയിരുന്നു. എനിക്ക് കരച്ചില്‍ വന്നു. 'ഇത് എടുത്തു ഞാന്‍ എങ്ങനെ സ്‌കൂളില്‍ പോകും'. 'ടീച്ചര്‍ എന്ത് വിചാരിക്കും '. 'കുട്ടികള്‍ എന്ത് പറയും'. 'എല്ലാവരും കളിയാക്കില്ലെ'. അല്പനേരത്തെ സന്തോഷം വിഷമത്തില്‍ മുങ്ങി പോയി. എന്റെ മുഖത്തെ ഭാവമാറ്റം കണ്ട ഉപ്പ ഉറക്കെ പറഞ്ഞു, 'ഇതില്‍ ബുക്ക് കൊണ്ട് പോയാല്‍ എന്താ പ്രശ്‌നം'. വേറെ വഴി ഇല്ല, കൊണ്ട് പോയില്ല എങ്കില്‍ ഉപ്പാന്റെ ചീത്ത കിട്ടും, കൊണ്ട് പോയാല്‍ എല്ലാവരും കളിയാക്കും. ഉപ്പാനോട് എതിര്‍ത്ത് പറയാന്‍ ഒരു വകുപ്പും എന്റെ മുന്നില്‍ ഇല്ല. വിഷമത്തോടെ ഞാന്‍ ബൂക്കുകള്‍ അതില്‍ വെച്ചു. പിറ്റേന്നു സഞ്ചിയില്‍ ബുക്കും എടുത്തു ഞാന്‍ സ്‌കൂളില്‍ പോയി. പ്രതീക്ഷിച്ചത് സംഭവിച്ചു. എല്ലാ കുട്ടികളും കളിയാക്കി. അതില്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലായിരുന്നു. ചിലപ്പോള്‍ ഞാന്‍ ജീവിതത്തില്‍ കളിയാക്കല്‍ സഹിക്കാന്‍ ഉള്ള ബാല പാഠം ഈ പുസ്തക സഞ്ചിയില്‍ നിന്നാവും പഠിച്ചത്. ഒരു കൂസലും ഇല്ലാതെ ഞാന്‍ നിന്നു. സംഗതി പന്തിയെല്ല എന്ന് മാധവി ടീച്ചര്‍ മനസ്സിലാക്കി. ടീച്ചറുടെ മുഖത്തും ഞാന്‍ ഒരു ചെറു ചിരി കണ്ടു. കൂടുതല്‍ പന്തികേടിലേക്ക് പോകും മുമ്പ് എന്നേ അടുത്ത് പിടിച്ചു മാധവി ടീച്ചര്‍ പറഞ്ഞു, 'ഇതാണ് യഥാര്‍ത്ഥ പുസ്തക സഞ്ചി'... 'ഇതില്‍ സന്തോഷത്തോടെ പുസ്തകം ഇട്ടു കൊണ്ടുവന്ന ഇവന്‍ നിങ്ങള്‍ക്ക് പലതും മനസ്സിലാക്കി തന്നു' 'നിങ്ങളും ഇനി അച്ഛന്‍ വാങ്ങിച്ചു തരുന്നത് എന്തും സന്തോഷത്തോടെ ഉപയോഗിക്കണം, അതിലാണ് നന്മ '. ടീച്ചറുടെ വാക്കുകള്‍ എനിക്ക് കൂടുതല്‍ ഊര്‍ജം തന്നു. എന്റെ സങ്കടം പുഞ്ചിരിക്കു വഴിമാറി.

എന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ആയിരുന്നു ആ പുസ്തക സഞ്ചി. അത് എടുത്തു കൂസലില്ലാതെ പിന്നീടുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍ പോയത് കൊണ്ട് എന്നെ കൂടുതല്‍ ലാളിക്കാനും സ്‌നേഹിക്കാനും മാധവി ടീച്ചര്‍ക്ക് തോന്നിയത് പിന്നീട് പല നന്മയും എനിക്ക് ഉണ്ടാകാന്‍ കാരണമായി. എന്റെ കൈ പിടിച്ചു മലയാളം അക്ഷരങ്ങളുടെ ചെരിവും വളവും, കയറ്റവും ഇറക്കവും ഒടിവും നിവരലും പഠിപ്പിച്ചു തന്നു. എന്നെ മലയാളം കൈ എഴുത്ത് മത്സരത്തിനു പരിശീലിപ്പിച്ചത് മുതല്‍ പത്താം ക്ലാസ്സില്‍ പത്തര മാറ്റുള്ള വിജയം നേടി ടീച്ചറിനെ കാണാന്‍ പോയപ്പോള്‍ എന്റെ കയ്യില്‍ ചുരുട്ടി തന്ന നോട്ടുകള്‍ വരെ ആ പുസ്തക സഞ്ചിയിലൂടെ എനിക്ക് ലഭിച്ച പ്രത്യേക പരിഗണനയുടെ എക്കാലവും ഓര്‍ക്കുന്ന ഓര്‍മ്മകള്‍ ആയി, പാഠം ആയി എന്നില്‍ നില നിക്കുന്നു.

ആ സഞ്ചിക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് ഓര്‍മയില്ല... പക്ഷേ ആ ഓര്‍മ്മ ഇപ്പോഴും എന്നില്‍ ജീവിക്കുന്നു.

-റഫീക്ക് പെരൂള്‍

Latest News

സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച
സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച
August 2, 2025
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ
August 2, 2025
 ഐ സി സി  റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി സിഗ്‌നല്‍ മിററുകള്‍ സ്ഥാപിച്ചു
ഐ സി സി റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി സിഗ്‌നല്‍ മിററുകള്‍ സ്ഥാപിച്ചു
August 2, 2025
സൗദിയില്‍ ഫുഡ് ഡലിവറിക്ക് റോബോട്ടുകള്‍
സൗദിയില്‍ ഫുഡ് ഡലിവറിക്ക് റോബോട്ടുകള്‍
August 2, 2025
അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്
അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്
August 2, 2025
സൗദി-റഷ്യ നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം
സൗദി-റഷ്യ നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം
August 2, 2025
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ഖബറടക്കം വൈകുന്നേരം അഞ്ചരക്ക് ആലുവയില്‍
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ഖബറടക്കം വൈകുന്നേരം അഞ്ചരക്ക് ആലുവയില്‍
August 2, 2025
 ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കും -ചാണ്ടി ഉമ്മന്‍
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കും -ചാണ്ടി ഉമ്മന്‍
August 2, 2025
തിരുപ്പതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും
തിരുപ്പതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും
August 1, 2025
കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
August 1, 2025