l o a d i n g

സർഗ്ഗവീഥി

ഓര്‍മ്മച്ചെപ്പ്: ചെല്ലപ്പന്‍ മൂപ്പരും ന്യുജന്‍ തേങ്ങാ ബോയ്‌സും

സിജെ വാഹിദ്, ചെങ്ങാപ്പള്ളി

Thumbnail

ഓണാട്ടുകര ഇലിപ്പക്കുളം ദേശത്തെ കാല്‍ നൂറ്റാണ്ട് മുന്‍പത്തെ തെങ്ങ് കയറ്റ തൊഴിലാളികളായിരുന്നു ഇരട്ട സഹോദരങ്ങളായ കൃഷ്ണനും ചെല്ലപ്പനും...
പിന്നെ പപ്പനാവന്‍ (പദ്മനാഭന്‍) മൂപ്പരടക്കം മറ്റു ചിലരു മുണ്ടായിരുന്നു.
തെങ്ങ് കയറ്റ യന്ത്രങ്ങള്‍ വരുന്നതിനു മുന്‍പ് ഈ വിഭാഗം തൊഴിലാളികള്‍ മുളയേണി ഉപയോഗിച്ചായിരുന്നു തെങ്ങുകയറിയിരുന്നത്.
പരമാവധി 25 അടി ഉയരമുള്ള ഏണി തോളിലേന്തിയായിരുന്നു ഇവരുടെ സഞ്ചാരം..
വര്ഷങ്ങളായി നിരന്തരം ഉപയോഗിച്ചു വന്നിരുന്ന ഏണിയാകെ പോളിഷ് ചെയ്തത് പോലെ മിനുസമാര്‍ന്നതായിരിക്കും.
തെങ്ങിനോട് ചേര്‍ത്തു ഏണി ചാരി വച്ചിട്ട് വളരെ അനായാസമാവും ഇവര്‍ കയറുക. ഏണിയുടെ നടുഭാഗത്ത് ഒരു കയര്‍ത്തുണ്ട് കൊരുത്തിട്ടുണ്ടാകും. എണീടെ മധ്യ ഭാഗത്തെത്തുമ്പോള്‍ തെങ്ങുമായി ഏണിയെ ബന്ധിപ്പിച്ച് കയര്‍ ചുറ്റി കെട്ടിവയ്ച്ച് ബലപ്പെടുത്തും..

തേങ്ങ കുലയോടെ വെട്ടി ഇടുന്ന സമയത്ത് പലപ്പോഴും ഓലയോ തേങ്ങയോ ഒക്കെ വീണ് ഈ ഏണി മറിഞ്ഞു പോകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഇവ്വിധം കെട്ടി ഉറപ്പിക്കുന്നത്. പത്തിരുപത്തഞ്ച് അടി മാത്രമേ ഇവയ്ക്ക് ഉയരം ഉണ്ടാവുകയുള്ളൂ. അത്രയും ഭാഗം ഏണിയിലൂടെ കയറിയ ശേഷം മുകളിലേക്ക് വരുന്ന ഭാഗങ്ങളില്‍ കാല്‍ പാദം ചെറുതായി ഒന്നുറപ്പിച്ചു ചവുട്ടി കയറാനുള്ള ഇടം വെട്ടിയുണ്ടാക്കി അതില്‍ കാല്‍ പാദം ഊന്നിയാവും തെങ്ങിന് മുകളിലേക്ക് കയറുക. വളരെ വേഗത്തില്‍ അനായാസം തെങ്ങു കയറാന്‍ ഏറെ പരിശീലനം വേണം..നല്ല ഉയരമുള്ള തെങ്ങുകളില്‍ ഇവര്‍ കയറുന്നത്
കുട്ടിക്കാലത്ത് ഏറെ ഭയത്തോടെയാണ് ഞാന്‍ നോക്കിയിരുന്നത്.

തെങ്ങിന്റെ മുകള്‍ ഭാഗത്ത് കാല് പൂട്ടിക്കെട്ടി മൂപ്പര് ഒരു നില്‍പ്പുണ്ട്. അങ്ങനെ നിന്നുകൊണ്ടാണ് തേങ്ങാക്കുലകള്‍ വെട്ടി താഴെയിടുന്നത്, മാത്രമല്ല പഴുത്തോലകളെല്ലാം വെട്ടി, ചൂട്ടും കൊതുമ്പും ഒക്കെ അടര്‍ത്തി മാറ്റി തെങ്ങ് വൃത്തിയാക്കിയ ശേഷമാണ് താഴെയിറങ്ങുന്നത്. പലപ്പോഴും ഒരു തെങ്ങിന് മുകളില്‍ അഞ്ചാറു മിനുട്ട് വരെ എടുത്താണ് ജോലി പൂര്‍ത്തിയാക്കുക. ഏറെ അപകട സാധ്യത ഉള്ള ജോലിയാണിതെന്ന് പറയേണ്ടതില്ല...അതുപോലെ തെങ്ങില്‍ ചെല്ലിയടക്കം കീട ബാധ ഉണ്ടായാല്‍ തെങ്ങിന്റെ മുകള്‍ ഭാഗം വൃത്തിയാക്കി മരുന്ന് വയ്ക്കുന്നതും ഇക്കൂട്ടര്‍ തന്നെ.

അതേസമയം തെങ്ങില്‍ കള്ള് ചെത്താന്‍ ചില സ്‌പെഷ്യലിസ്റ്റുകളാണ് പോവുക. ചെത്തുകാരുടെ ഉപകരണങ്ങള്‍ കത്തിയടക്കം അടങ്ങുന്ന സംവിധാനം ശരീരത്തിന് പിറകിലായി ഒരു തടി ബോക്‌സില്‍ കെട്ടി വച്ചിട്ടുണ്ടാവും. പണ്ട് ചെത്തു ഉപകരണങ്ങളുമായി സൈക്കിളില്‍ പോകുന്നത് പതിവ് കാഴ്ച്ച ആയിരുന്നെങ്കില്‍ പില്‍ക്കാലത്തു ബൈക്കില്‍ ചെത്തിയാണ് ചെത്തു കാരുടെ യാത്ര.

കൃഷ്ണന്‍ മൂപ്പരെയും ചെല്ലപ്പന്‍ മൂപ്പരെയും കുട്ടിക്കാലം മുതല്‍ ഞാന്‍ കണ്ടു തുടങ്ങിയതാണ്. .നല്ല ഉയരമുള്ള കൊന്നത്തെങ്ങിലൊക്കെ ഇവര്‍ കയറുമ്പോള്‍ തല ചുറ്റുമോ എന്നോര്‍ത്ത് താഴെ നില്‍ക്കുന്ന ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചു നിന്നിട്ടുള്ള കാലം ഓര്‍ത്തു പോകുന്നു. കുടുംബത്തിലെ തെങ്ങിന്‍ പുരയിടങ്ങളില്‍ തേങ്ങാ ഇടുവിക്കാനായി കുട്ടിക്കാലത്തു വലിയ കാര്യസ്ഥനേപ്പോലെ പലപ്പോഴും ഒപ്പം പോകുന്നത് ഞാനായിരുന്നു. പിന്നെ നെല്ല് കൊയ്ത്തിനും കൃഷിയിറക്കിനുമാണ് ഇത്തരത്തില്‍ റോള്‍ കൈവരിക.

(പില്‍ക്കാലത്തു,1987 -ല്‍ ബാപ്പയുടെ മരണ ശേഷം ഒന്ന് രണ്ടു വര്‍ഷം നെല്‍ കൃഷി ഏറ്റെടുത്ത് നടത്തി നഷ്ടക്കച്ചവടമായതോടെ ഞാന്‍ നിര്‍ത്തി.
കാല്‍ നൂറ്റാണ്ടിന് ശേഷം ചെങ്ങാപ്പള്ളി വയലില്‍ പാലപ്പള്ളില്‍ അബൂബക്കര്‍ സാഹിബ് കൃഷി ചെയ്യാന്‍ തയ്യാറായി വന്ന് വയല്‍ വീണ്ടും പച്ചപ്പണിഞ്ഞതും അനുബന്ധ കഥ)

തേങ്ങ ഇടുവിക്കാന്‍ കാപ്പില്‍ ഭാഗത്തെ ഒന്ന് രണ്ടു പുരയിടങ്ങളിലേക്ക് പോകുമ്പോള്‍ കട്ടച്ചിറ പാടത്തിനു നടുവിലൂടെയുള്ള പാലമില്ലാത്ത ഭാഗത്തെ കനാല്‍ മുറിച്ചു കടന്നായിരുന്നു സഞ്ചാരം. മുള ഏണിയും തോളിലേന്തി ഷോര്‍ട്ട് കട്ട് വഴിയിലൂടെ പോകുന്ന മൂപ്പരുടെയും ചുമട്ടുകാരന്റെയും കൂടെ നീര്‍ ചാലിലെ
അരയ്‌ക്കൊപ്പം വെള്ളം നീന്തിയായിരുന്നു അവിടെയ്ക്കുള്ള ആ യാത്ര. തോടിന്റെ മധ്യ ഭാഗത്ത് ഇത്തിരി ആഴമുണ്ടാകും. നല്ല ഒഴുക്കുള്ള തെളിഞ്ഞ വെള്ളമായിരുന്നു അന്നത്തെ തോടുകളില്‍ എന്നതുമോര്‍ക്കണം. എല്ലാവരും അക്കരെ കടന്നാലും ഒഴുക്ക് കണ്ടു ഒന്ന് അറച്ചു നിന്നിട്ടാണ് രണ്ടും കല്പിച്ചു ഞാന്‍ തൊട്ടിലേക്കിറങ്ങുക.

ചെലപ്പന്‍ മൂപ്പര് നല്ല രസികനായിരുന്നു. സൗമ്യനായിരുന്നു. ഇവരുടെ കൂടെ പോകുന്നത് കൊണ്ടുള്ള ഒരു ഗുണം കല്‍ക്കണ്ട മധുരമുള്ള കരിക്ക് കിട്ടുമെന്നുള്ളതാണ്. കരിക്ക് കൈവെള്ളയില്‍ വച്ചു നല്ല മൂര്‍ച്ചയുള്ള വെട്ടുകത്തി കൊണ്ട് വെട്ടി കുടിക്കാന്‍ പാകത്തില്‍ കയ്യിലോട്ട് തരുമ്പോള്‍ 'ബിസ്മില്ലാഹി റഹ്‌മാനി റഹീം' എന്ന് കൂടി ചൊല്ലിയിട്ടുണ്ടാകും. ( പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ എന്നര്‍ത്ഥമുള്ള അറബി വാക്യം ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് മുസ്ലീങ്ങള്‍ ചൊല്ലുന്നതാണ്). ഖുര്‍ആനിലെ ഫാത്തിഹയും യാസീന്‍ ഭാഗങ്ങളും ചില സുറത്തുകളൊക്കെ ചെല്ലപ്പന്‍ മൂപ്പര്‍ക്ക് ഹൃദ്യസ്ഥമാണെന്ന് മാത്രമല്ല നന്നായി ചൊല്ലി കേള്‍പ്പിക്കുകയും ചെയ്യുമായിരുന്നു. അന്ന് വേലികെട്ടാന്‍ മെടഞ്ഞ ഓല ഉപയോഗപ്പെടുത്തുമായിരുന്നു.
തേങ്ങോല മെടയാന്‍ പാകത്തിലാക്കുന്നതിന്റെ ആദ്യ പടിയായി അവ കീറിക്കെട്ടുകളാക്കുന്ന പണിയും വളരെ ഭംഗിയായാണ് ഇവര്‍ അനായാസം നിര്‍വ്വഹിച്ചിരുന്നത്..

(ഈ ഓല കെട്ടുകള്‍ വെള്ളത്തില്‍ ദിവസങ്ങളോളമിട്ടു കുതിര്‍ത്തിട്ടാണ് ഓല മെടഞ്ഞു എടുക്കുക....സ്ത്രീ തൊഴിലാളികളാണ് ഓല ഭംഗിയായി മെടഞ്ഞെടുക്കുക. വെള്ളത്തില്‍ ഓലക്കെട്ടുകള്‍ കുതിര്‍ക്കാനിടുന്നതോടെ ഓലപ്പുളിയാല്‍ കുളത്തിലെ വെള്ളം കറുത്ത് ദുര്‍ഗന്ധപൂരിതമാകുമെന്നതാണു ഈ പ്രവര്‍ത്തിയുടെ ഒരു ദൂഷ്യം. ഇപ്പോള്‍ ഇത്തരം കാഴ്ചകള്‍ നാട്ടിന്‍ പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമായി).

എല്ലാ കാലവസ്ഥയ്ക്കും അനുയോജ്യമായിരുന്ന ഓല കൊട്ടകകളും ഓലപ്പുരകളും ഓല വേലികളുമിന്നു പരിമിതമായി. ബദല്‍ സംവിധാനങ്ങള്‍ എത്തിയതോടെ അവയൊക്കെ അപൂര്‍വ്വ കാഴ്ച്ചകളുമായി..

ചെല്ലപ്പന്‍ മൂപ്പര്‍ക്ക് തീരെ വയ്യാതാകുന്നതുവരെ തെങ്ങു കയറ്റ തൊഴില്‍ ചെയ്തിരുന്ന. മിക്കപ്പോഴും വീട്ടിലെത്തുന്ന മൂപ്പര്‍ക്ക് വാപ്പയെ വലിയ ഇഷ്ടം ആയിരുന്നു. വാപ്പയുടെ മരണ ശേഷം ഇടയ്ക്ക് എന്നെ കാണാന്‍ വരുമ്പോള്‍ വാപ്പയെ മിക്കപ്പോഴും സ്വപ്നം കാണാറുള്ള കഥ പറയുമായിരുന്നു. ആ വര്‍ണ്ണന കേള്‍ക്കാന്‍ ഏറെ രസമായിരുന്നു. ബാപ്പ ഇട്ടിരുന്ന വേഷം വരെ കൃത്യമായി വിവരിക്കുമായിരുന്നു. ഇരട്ടകളായ ഈ സഹോദരങ്ങള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മക്കള്‍ അത്യാവശ്യം തെങ്ങു കയറും. അതും ഇപ്പോള്‍ നിര്‍ത്തിയ മട്ടാണ്. പിന്നെ മാറ്റാരെയെങ്കിലും സംഘടിപ്പിച്ചു കൊണ്ട് വരികയാണ് പതിവ്.

ഈ ഘട്ടത്തിലാണ് നാട്ടുകാരനും അയല്‍വാസിയുമായ സലാഹുദീന്‍ എന്ന ചെറുപ്പക്കാരന്‍ തെങ്ങു കയറ്റ പരിശീലനമാര്‍ജ്ജിച്ച് ചെല്ലപ്പന്റെ റോളില്‍ ഈ രംഗത്ത് സജീവമായത്. .ഇടയ്ക്ക് ഇദ്ദേഹത്തിന്റ ടീമിലെ ഒരംഗം കട്ടച്ചിറ പ്രദേശത്തെ ഒരു വീട്ടിലെ തെങ്ങിന് മുകളില്‍ എത്തിയപ്പോള്‍ തെങ്ങു കയറ്റ യന്ത്രത്തില്‍ കാല്‍ കുരുങ്ങി തലകീഴായ് മണിക്കൂറുകള്‍ പെട്ടതും ഫയര്‍ ഫോഴ്സ് എത്തി മരണ വക്കില്‍ നിന്നും രക്ഷിച്ചതും മറ്റൊരു കഥ... 'തേങ്ങാ ബോയ്‌സ് 'എന്ന പേരില്‍ ഒരു തൊഴിലാളി സംഘം തന്നെ ഇന്ന് കായംകുളം കാപ്പില്‍ പ്രദേശത്ത് സജീവമാണ്. ഒരു ഫോണ്‍ കാള്‍ മതി ഇവര്‍ പറന്നെത്തും. കയറുന്ന തെങ്ങിന്റെ എണ്ണം അനുസരിച്ചു കാശ് നല്‍കണമെന്ന് മാത്രം.

കുടുംബശ്രീ വനിതകളും അനേകം യുവാക്കളും യന്ത്രം ഉപയോഗിച്ച് തെങ്ങു കയറ്റം പരിശീലിച്ചു വ്യാപകമായി ഇന്ന് ഈ തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്.

പുതുതലമുറയില്‍പെട്ടവര്‍ തെങ്ങുകയറ്റം തൊഴിലായി സ്വീകരിക്കാത്തതാണ് മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുള്ളത്. പ്രശ്നം പരിഹരിക്കുന്നതിനും യന്ത്രസഹായത്തോടെയുള്ള തെങ്ങുകയറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി നാളികേര വികസന ബോര്‍ഡ് 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' പദ്ധതി ആവിഷ്‌കരിച്ച് പരിശീലനം നല്‍കി സജ്ജമാക്കുയിട്ടുണ്ട്..

ഇതര സംസ്ഥാന തൊഴിലാളികളും മരം കയറാനും മരം മുറിക്കാനും തയ്യാറായി നാട്ടു വഴികളിലൂടെ യന്ത്ര സാമഗ്രികളുമായി സൈക്കിളില്‍' മരം മുറിക്കാനുണ്ടോ 'പറഞ്ഞു പായുന്നതും പുതുകാല കാഴ്ച. കാലം മാറുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ ഓരോ മേഖലയിലും ഉണ്ടാകുന്നു എന്നത് ചിന്തിക്കേണ്ടതു തന്നെ...

-സിജെ വാഹിദ്, ചെങ്ങാപ്പള്ളി

Photo

Latest News

സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച
സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച
August 2, 2025
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ
August 2, 2025
 ഐ സി സി  റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി സിഗ്‌നല്‍ മിററുകള്‍ സ്ഥാപിച്ചു
ഐ സി സി റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി സിഗ്‌നല്‍ മിററുകള്‍ സ്ഥാപിച്ചു
August 2, 2025
സൗദിയില്‍ ഫുഡ് ഡലിവറിക്ക് റോബോട്ടുകള്‍
സൗദിയില്‍ ഫുഡ് ഡലിവറിക്ക് റോബോട്ടുകള്‍
August 2, 2025
അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്
അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്
August 2, 2025
സൗദി-റഷ്യ നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം
സൗദി-റഷ്യ നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം
August 2, 2025
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ഖബറടക്കം വൈകുന്നേരം അഞ്ചരക്ക് ആലുവയില്‍
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ഖബറടക്കം വൈകുന്നേരം അഞ്ചരക്ക് ആലുവയില്‍
August 2, 2025
 ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കും -ചാണ്ടി ഉമ്മന്‍
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കും -ചാണ്ടി ഉമ്മന്‍
August 2, 2025
തിരുപ്പതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും
തിരുപ്പതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും
August 1, 2025
കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
August 1, 2025