റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് അബ്ദുക്ക മടങ്ങുന്നു. നാല്പത്തി ഒന്നാമത്തെ വയസ്സിലാണ് തൊഴില്‍ തേടി മലപ്പുറം വാഴക്കാട് അബ്ദു ചിങ്ങംകുളത്തില്‍ സൗദിയിലെത്തിയത്. റിയാദ് ബത്ഹയിലെ സഫാ മക്കാ പോളിക്ലിനിക്കില്‍ ജോലി തുടങ്ങിയതോടെയാണ് അബ്ദു ചിങ്ങംകുളത്തില്‍ 'അബ്ദുക്ക' എന്ന വിളിപ്പേരിന് ഉടമയായത്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സഫാ മക്കയിലെത്തുന്നവര്‍ക്കും അബ്ദുക്ക വേണ്ടപ്പെട്ട ആളായി മാറി. സഫാ മക്കയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയാണ് അബ്ദുക്കയുടെ മടക്കം.
റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഓഫീസ് അസിസ്റ്റന്റ് കൂടിയാണ് അബ്ദുക്ക. 2019 മുതല്‍ മീഡിയാ ഫോറം ഓഫീസിന്റെ സൂക്ഷിപ്പുകാരനും വാര്‍ത്താ സമ്മേളനത്തിനെത്തുന്നവരെ സ്വീകരിക്കുന്നതും അബ്ദുക്ക ആണ്. മീഡിയാ ഫോറം അബ്ദുക്കയ്ക്കു യാത്ര യയപ്പു നല്‍കി. ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്‌മാന്‍, മുജീബ് ചങ്ങരംകുളം, നസ്റുദ്ദീന്‍ വിജെ എന്നിവര്‍ ചേര്‍ന്നു ഉപഹാരം സമ്മാനിച്ചു.
ഹൗസ് ഡ്രൈവര്‍ പ്രൊഫഷനില്‍ 1993ല്‍ ഫ്രീ വിസയിലാണ് സൗദിയിലെത്തുന്നത്. വിവിധ ജോലികള്‍ ചെയ്തതിനു ശേഷം സഫാ മക്കയുടെ തുടക്കം മുതല്‍ പോളിക്ലിനിക്കിന്റെ ഭാഗമായി. നേരത്തെ ലെയ്സ് കമ്പനിയിലും ജിദ്ദ ബലദിയ ഓഫീസിലും കുറച്ചുകാലം ജോലി ചെയ്തു. സഫ മക്കയിലെത്തിയതിന് ശേഷമാണ് വീടുവെച്ചതും രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്തതെന്നും അബ്ദുക്ക പറയുന്നു. മാത്രമല്ല, അനുജന്‍ ബഷീര്‍ മരിച്ചതോടെ അവരുടെ കുട്ടികളുടെ ചുമതലയും ഏറ്റെടുത്തു. ഇതെല്ലാം പ്രവാസം സമ്മാനിച്ച അനുഗ്രമാണെന്ന് എഴുപത്തിയഞ്ചാം വയസ്സില്‍ സൗദിയോട് വിടപറയുമ്പോള്‍ നന്ദിയോടെ അബ്ദുക്ക ഓര്‍ക്കുന്നു. ഭാര്യ: അസ്മാബി, മക്കള്‍: ഫസ്ന, ഫസീല.
Related News