ലേഖനം
രണ്ട് ദിവസം മുന്‍പ് ജാഹെസ് സിഇഒ ഹമദ് അല്‍-ബകര്‍ തന്റെ എക്സ് പേജില്‍ കുറിച്ചത് ഇങ്ങനെയാണ്: 'ഒരു ചൈനീസ് ഡ്രാഗണ്‍ നിങ്ങളെ തേടിയെത്തി എന്ന് എന്നോട് ഒരാള്‍ പറഞ്ഞു, അതിന് സൗദി ഒട്ടകത്തെയാണ് കാണാന്‍ സാധിക്കുകയെന്ന് ഞാന്‍ മറുപടി നല്‍കി.' സൗദി വിപണിയില്‍ വിദേശ ഡെലിവറി ആപ്പുകളേക്കാള്‍ പ്രാദേശിക സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്. അതേസമയം, മികച്ച വിലയ്ക്ക് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കണമെന്നും ഇത് ആരോഗ്യകരമായ മത്സരത്തിന് സഹായിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ചൈനീസ് ഡെലിവറി കമ്പനിയായ മീറ്റുവാനെതിരായുള്ള ജാഹെസ് സിഇഒയുടെ പരാമര്‍ശം സൗദിയിലെ ഡെലിവറി വിപണിയിലെ മത്സരത്തിന്റെ ആഴം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ്, ജനറല്‍ അതോറിറ്റി ഓഫ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഔദ്യോഗിക വക്താവ് സാലിഹ് അല്‍-സുവൈദ്, ചൈനീസ് കമ്പനിയായ മീറ്റുവാന്‍ കീറ്റ എന്ന ആപ്പ് വഴി റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചത്. സൗദിയില്‍ ഒരു ബില്യണ്‍ റിയാലിലധികം നിക്ഷേപം നടത്തുമെന്നും, തങ്ങളുമായി സഹകരിക്കുന്ന 90 ശതമാനം റെസ്റ്റോറന്റുകള്‍ക്കും സൗജന്യ സേവനം നല്‍കുമെന്നും ചൈനീസ് കമ്പനി അറിയിച്ചിരുന്നു. ഇത് സൗദിയിലെ മറ്റ് ഡെലിവറി കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
സൗദിയിലെ ഡെലിവറി വിപണി
2023-ല്‍ സൗദി അറേബ്യയിലെ ഫുഡ് ഡെലിവറി വിപണിയുടെ മൂല്യം 13 ബില്യണ്‍ റിയാലായിരുന്നു. ഇത് അടുത്ത വര്‍ഷം 50 ബില്യണ്‍ റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023-ല്‍ 200 ദശലക്ഷത്തിലധികം ഡെലിവറികള്‍ നടന്നതായും കണക്കുകള്‍ പറയുന്നു. നിലവില്‍ 61 ഡെലിവറി കമ്പനികളാണ് സൗദിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സ്വദേശി-വിദേശി കമ്പനികളുണ്ട്.
മികച്ച വിലകളോ സേവനങ്ങളോ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നുണ്ട്. ഈ മത്സരത്തില്‍ ചില പ്രധാന കമ്പനികള്‍ വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 2012-ല്‍ സ്ഥാപിതമായ ആദ്യ സൗദി ഡെലിവറി ആപ്പായ ഹംഗര്‍ സ്റ്റേഷന്‍ ആണ് ഇതിലൊന്ന്. ചില പ്രധാന നഗരങ്ങളില്‍ ഇതിന്റെ വിപണി വിഹിതം 50 ശതമാനത്തിലധികമാണ്. 2023-ല്‍ ജര്‍മ്മന്‍ കമ്പനിയായ ഡെലിവറി ഹീറോ ഇത് ഏറ്റെടുത്തിരുന്നു.
2017-ല്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനായി തുടങ്ങിയ ജാഹെസ് ആപ്പാണ് മറ്റൊരു പ്രധാന കളിക്കാരന്‍. 2021-ല്‍ 8.9 ബില്യണ്‍ റിയാല്‍ മൂല്യമുള്ള ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി ഇത് മാറി. നിലവില്‍ സൗദിയിലെ മൊത്തം ഓര്‍ഡറുകളുടെ 32 ശതമാനം ജാഹെസിന്റെ കൈവശമാണ്. 2024-ല്‍ 106 ദശലക്ഷം ഓര്‍ഡറുകള്‍ ജാഹെസ് വഴി നടന്നതായും 3.5 ദശലക്ഷം ഉപഭോക്താക്കള്‍ ഉണ്ടെന്നും ജനറല്‍ അതോറിറ്റി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വ്യക്തമാക്കുന്നു. ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കും ജാഹെസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
മത്സരം പുതിയ തലത്തിലേക്ക്
പുതിയ ചൈനീസ് ആപ്പ് 'കീറ്റ'യുടെ കടന്നുവരവോടെ സൗദിയിലെ ഡെലിവറി വിപണിയില്‍ വളര്‍ച്ചയും മാറ്റവും പ്രതീക്ഷിക്കുന്നു. കീറ്റ സൗദി വിപണിയുടെ 40 ശതമാനം പിടിച്ചെടുത്തതായി വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് ജാഹെസ് സിഇഒ ഹമദ് അല്‍-ബകര്‍ തന്റെ കമ്പനിയുടെ വിഹിതത്തിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് ഒരു വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. 'അവര്‍ക്ക് ഞങ്ങളെ മറികടക്കാന്‍ കഴിയുന്ന പുതിയതായി ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് ഞങ്ങള്‍ അവരെ ഭയപ്പെടുന്നില്ല' അദ്ദേഹം പറഞ്ഞു. പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി കീറ്റ ഒരു ബില്യണ്‍ റിയാല്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്, 'അവര്‍ക്ക് ഒരു ബില്യണ്‍ റിയാല്‍ നിക്ഷേപിക്കാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ക്കും അതിനുള്ള ശേഷിയുണ്ട്' എന്നാണ്.
സിംഗപ്പൂരിലും സമാനമായ ഒരു മത്സരം നടക്കുന്നുണ്ട്. അവിടുത്തെ പ്രാദേശിക കമ്പനിയായ 'ഗ്രാബ്' ഫുഡ് ഡെലിവറിയില്‍ വെറും 10% വിപണി വിഹിതം മാത്രമാണ് 2024-ല്‍ നേടിയത്. എന്നാല്‍, ജര്‍മ്മന്‍ കമ്പനിയായ ഡെലിവറി ഹീറോയുടെ ഉടമസ്ഥതയിലുള്ള 'ഫുഡ്പാണ്ട' 90% വിപണി വിഹിതം നേടി. അമേരിക്കയിലും സമാനമായ മത്സരം നടക്കുന്നുണ്ടെങ്കിലും 'യുപിഎസ്', 'ഡോര്‍ഡാഷ്' തുടങ്ങിയ പ്രാദേശിക കമ്പനികള്‍ക്ക് മുന്‍തൂക്കമുണ്ട്.
ദേശീയ കമ്പനികളുടെ സംരക്ഷണം
ഓരോ രാജ്യത്തും ആഭ്യന്തര മത്സരം സാധാരണ കാര്യമാണ്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ദേശീയ കമ്പനികള്‍ക്ക് സംരക്ഷണം ആവശ്യമാണോ? ഇത് എല്ലാ രാജ്യങ്ങളും നേരിടുന്ന ഒരു വലിയ ചോദ്യമാണ്. ചൈന ഇതിന് ഉദാഹരണമാണ്, അവിടെ സര്‍ക്കാര്‍ പദ്ധതികളില്‍ പ്രാദേശിക കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കുന്നു. വിദേശ കമ്പനികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മ്മനി വിദേശ കമ്പനികളുടെ ഏറ്റെടുക്കലുകള്‍ തടയുന്ന നിയമങ്ങളും നടപ്പാക്കുന്നു.
സൗദി അറേബ്യയും ഈ കാര്യത്തില്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാര്‍ക്കറ്റില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും കുത്തകവത്കരണം തടയാനും ഔദ്യോഗിക അനുമതിയില്ലാതെ ഡെലിവറി കമ്പനികള്‍ക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കാന്‍ പാടില്ലെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ കോമ്പറ്റീഷന്‍ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഡാറ്റ, സ്റ്റാറ്റിസ്റ്റിക്സ് നെറ്റ്വര്‍ക്കായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2024-നും 2029-നും ഇടയില്‍ സൗദി അറേബ്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം അഞ്ച് ദശലക്ഷം വര്‍ധിക്കും. ഇത് ഡെലിവറി ആപ്ലിക്കേഷന്‍ വിപണിയിലെ മത്സരം കൂടുതല്‍ ശക്തമാക്കുമെന്ന് സൂചിപ്പിക്കുന്നു. അതിനാല്‍, പ്രാദേശിക കമ്പനികള്‍ക്ക് അതിജീവിക്കാന്‍ കൂടുതല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. ഉപഭോക്താക്കളെ ആകര്‍ഷിച്ചും, പുതിയ വിപണികളിലേക്ക് വ്യാപിച്ചും കമ്പനികള്‍ മുന്നേറണം. ഇതിന്റെ ഭാഗമായാണ്, കഴിഞ്ഞ ദിവസം ജാഹെസ് ഖത്തര്‍ കമ്പനിയായ സുനുനുവിന്റെ 76.56% ഓഹരികള്‍ 245 ദശലക്ഷം ഡോളറിന് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
(അല്‍ ഇഖ്തിസാദിയയോട് കടപ്പാട്)
Related News