ദോഹ:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ ഒന്നായ ഗാഷെര്‍ബ്രം-1 കീഴടക്കി ഖത്തരി പര്‍വതാരോഹക ഷെയ്ഖ അസ്മ അല്‍താനി. കഴിഞ്ഞ ദിവസമാണ് തന്റെ പര്‍വതാരോഹണ സാഹസിക യാത്രയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഗാഷെര്‍ബ്രം-1 കൊടുമുടിക്ക് മുകളില്‍ ഖത്തറിന്റെ ദേശീയപതാക പാറിച്ചത്. കീഴടക്കിയത് സമുദ്രനിരപ്പില്‍ നിന്നും 8,080 മീറ്റര്‍ (26,510 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും ഉയരമേറിയ പതിനൊന്നാമത്തെ പര്‍വതനിര!
''ഗാഷെര്‍ബ്രം 1 ,എണ്ണായിരം മീറ്ററിന് മുകളിലുള്ള എന്റെ പത്താമത്തെ വിജയകരമായ പര്‍വതാരോഹണം. ഞാന്‍ ഒരിക്കലും മറക്കാത്ത നിമിഷം'- കൊടുമുടി കീഴടക്കിയ ശേഷം ഷെയ്ഖ അസ്മ അല്‍ താനി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചതിങ്ങനെ. 'മറ്റൊരു കൊടുമുടി, എന്റെ സ്വന്തം രാജ്യത്തിന്റെ, ഖത്തറിന്റെ പതാക കയ്യിലുയര്‍ത്തി ഇവിടെ നില്‍ക്കുമ്പോള്‍ നിറഞ്ഞ അഭിമാനം. എന്റെ പരിമിതികള്‍ പരീക്ഷിക്കാന്‍, എന്നെക്കാള്‍ വലിയ ഒന്നിനെ പ്രതിനിധീകരിക്കാന്‍. അതിരുകള്‍ക്കപ്പുറത്തേക്ക് പോകാന്‍ നമ്മള്‍ തയ്യാറാണെങ്കില്‍ സ്വപ്നങ്ങള്‍ക്ക് നമ്മെ വളരെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും''- അവര്‍ സമൂഹമാധ്യമ കുറിപ്പില്‍ പറഞ്ഞു.
പാകിസ്ഥാനിലെ ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ഷിഗാര്‍ ജില്ലയ്ക്കും ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ താഷ്‌കുര്‍ഗാനും ഇടയിലാണ് ഗാഷെര്‍ബ്രം സ്ഥിതി ചെയ്യുന്നത്, ഹിമാലയത്തിലെ കാരക്കോറം മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗാഷെര്‍ബ്രം മാസിഫിന്റെ ഭാഗമാണ്.ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കൂടിയായ ഷെയ്ഖ അസ്മ അല്‍ താനി ഓക്‌സിജന്‍ സഹായമില്ലാതെ 8000 മീറ്ററിനു മുകളിലുള്ള കൊടുമുടികള്‍ കീഴടക്കിയ ആദ്യത്തെ അറബ് വനിതയാണ്.
ഷെയ്ഖ അസ്മയുടെ നേട്ടങ്ങള്‍ ഖത്തറിലെ യുവജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും വലിയ പ്രചോദനമാണെന്ന് ഖത്തര്‍ കായിക യുവജന മന്ത്രാലയം അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു. ഷെയ്ഖ അസ്മ അല്‍താനിയുടെ നേട്ടത്തിലും അവര്‍ രാജ്യത്തിന്റെ പതാക ഉയര്‍ത്തിയതിലും ഖത്തര്‍ ഒന്നടങ്കം അഭിമാനിക്കുന്നു. ഖത്തറിലെ മാത്രമല്ല, ലോകമൊട്ടുക്കുള്ള യുവ സമൂഹത്തിന് അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനും വെല്ലുവിളികളെ മറികടക്കുന്നതിനും പ്രചോദനമായി വര്‍ത്തിക്കുന്ന, ദൃഢനിശ്ചയത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നും കായിക യുവജന മന്ത്രാലയം പോസ്റ്റില്‍ വ്യക്തമാക്കി.
Related News