റിയാദ്- വരാനിരിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് ഒട്ടകമേളയുടെ ഭാഗമായി 'വിഷന്‍' റൗണ്ട് എന്ന പ്രത്യേക മത്സരം ഉള്‍പ്പെടുത്താനുള്ള തീരുമാനം ഒട്ടകവിപണിയില്‍ പുതിയ ഉണര്‍വ്വിന് കാരണമായി. ഈ തീരുമാനം ഉല്‍പാദന സംവിധാനത്തെ ശക്തിപ്പെടുത്തുകയും നിക്ഷേപകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പുതിയ സാധ്യതകള്‍ തുറന്നു കൊടുക്കുകയും ചെയ്യുമെന്ന് ഒട്ടകയുടമകള്‍ അഭിപ്രായപ്പെട്ടു. ഇത് വിപണിയില്‍ വിലവര്‍ധനവിനും ആവശ്യകത വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്.
'വിഷന്‍' മത്സരത്തില്‍, ഓരോ മത്സരാര്‍ഥിയും പത്ത് ചെറിയ ഒട്ടകങ്ങളെ ഓരോ നിറത്തിലും പ്രത്യേകം പങ്കെടുപ്പിക്കണം. ഓരോ നിറത്തിനും അഞ്ച് വിജയികളെ വീതം തിരഞ്ഞെടുക്കുന്നതിനാല്‍ മത്സരക്ഷമത വര്‍ദ്ധിക്കുകയും ഉല്‍പാദനത്തിന്റെ ഗുണനിലവാരം ഉയരുകയും ചെയ്യും.
സിംഗ്ള്‍ ഒട്ടകങ്ങള്‍ക്കായി മത്സരം തുടങ്ങാനുള്ള ഒട്ടക ക്ലബ് ചെയര്‍മാന്‍ ഷെയ്ഖ് ഫഹദ് ബിന്‍ ഫലാഹ് ബിന്‍ ഹത്‌ലീനിന്റെ തീരുമാനത്തെ ഉടമകള്‍ സ്വാഗതം ചെയ്തു. ഇത് വലിയൊരു വിഭാഗം വളര്‍ത്തുകാരെയും പുതുമുഖങ്ങളെയും പിന്തുണയ്ക്കുമെന്നും, സുരക്ഷിതവും സുസ്ഥിരവുമായ നിക്ഷേപത്തിന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് പ്രാദേശിക വിപണിയില്‍ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിലയിരുത്തുന്നു.
ഷെയ്ഖ് ഫഹദ് ബിന്‍ ഹത്‌ലീനിന്റെ തീരുമാനം, ഒട്ടകയുടമകളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി കൊണ്ടുള്ള ഒരു വികസന നീക്കമാണെന്ന് ഒട്ടകയുടമയായ മുആജബ് അല്‍ ദോസരി പറഞ്ഞു. 'വിഷന്‍' മത്സരത്തെക്കുറിച്ചുള്ള മുന്‍കൂര്‍ പ്രഖ്യാപനം ഉയര്‍ന്ന നിലവാരമുള്ള ഒട്ടകങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കാരണം, ഉടമകള്‍ അവയെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കുകയും, അവരുടെ വിപണി മൂല്യത്തിനനുസരിച്ചുള്ള വിലയ്ക്ക് മാത്രം വില്‍പ്പനക്ക് വെക്കുകയും ചെയ്യും.
വിവിധതരം ഒട്ടകങ്ങളുടെ വിലയിലും ആവശ്യകതയിലും ഈ തീരുമാനം വലിയ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. പുതിയ റൗണ്ടില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ക്കിടയില്‍ ഇവയ്ക്ക് വലിയ ഡിമാന്‍ഡാണ്.
Related News