തായിഫ്- തായിഫിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നു വീണുണ്ടായ അപകടത്തെ തുടര്‍ന്ന് രാജ്യത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ സുരക്ഷാ പരിശോധന ശക്തമാകും. അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു.
23-ലധികം പേര്‍ക്ക് പരിക്കേറ്റ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. റൈഡില്‍ കറങ്ങിക്കൊണ്ടിരുന്ന യുവാക്കളുടെയും യുവതികളുടെയും നിലവിളി ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം. റൈഡ് സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇതിന്റെ മുകള്‍ഭാഗം തകര്‍ന്നു വീണത്.
റൈഡ് തകര്‍ന്ന് താഴെ വീണതിനെത്തുടര്‍ന്ന് ആളുകള്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. '360 ഡിഗ്രി'യില്‍ കറങ്ങുന്ന ഊഞ്ഞാലാണ് മധ്യഭാഗം പിളര്‍ന്ന് നിലംപതിച്ചത്.
റൈഡിനുള്ളില്‍ ഇരുന്ന ആളുകള്‍ താഴേക്ക് വീണതിനെത്തുടര്‍ന്നും പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്.
അപകട വിവരം പുറത്തുവന്നയുടനെ തായിഫിലെ ആശുപത്രികള്‍ അടിയന്തരാവസ്ഥ (യെല്ലോ കോഡ്) പ്രഖ്യാപിക്കുകയും പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഡ്മിറ്റ് ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ ഉടന്‍ സുരക്ഷാ, ആംബുലന്‍സ് സേവനങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
Related News