റിയാദ് - സൗദി അറേബ്യയുടെ തെക്കും പടിഞ്ഞാറുമുള്ള വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പ് ലെവല്‍ ഉയര്‍ത്തിയിട്ടുണ്ട്. ശക്തമായ മഴയോടൊപ്പം ഇടിയും മിന്നലും, കാഴ്ചക്കുറവ്, ആലിപ്പഴം, വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ കാലാവസ്ഥ വെള്ളി പുലര്‍ച്ചെ വരെ തുടരും.
അല്‍ ബഹ മേഖലയില്‍ അല്‍ അഖീഖ്, ബല്‍ജുറാഷി, അല്‍ ഖുറ എന്നീ ഗവര്‍ണറേറ്റുകളില്‍ മുന്നറിയിപ്പ് ലെവല്‍ ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിന്റെ തീവ്രതയും അത് സൃഷ്ടിക്കുന്ന കാലാവസ്ഥാ പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, രാത്രി 8:00 വരെ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
അസീര്‍ മേഖലയിലെ ബിഷ ഗവര്‍ണറേറ്റില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും ശക്തമായ മഴയും സമാനമായ കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളും പ്രതീക്ഷിക്കുന്നു. കൂടാതെ, അല്‍ മജര്‍ദ, ബാരിഖ്, രിജാല്‍ അല്‍ മാ, മായില്‍, അല്‍ അംവ, അല്‍ ഉറൈന്‍, തത്ലിത്, തരീബ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ മിതമായ മഴയും ശക്തമായ കാറ്റ്, ഇടിമിന്നല്‍, ആലിപ്പഴം എന്നിവയും പ്രതീക്ഷിക്കുന്നു. ഈ മുന്നറിയിപ്പും രാത്രി 8:00 വരെ നിലനില്‍ക്കും.
മക്ക മേഖലയില്‍, ഓഗസ്റ്റ് 1 വെള്ളിയാഴ്ച മുതല്‍ ഓഗസ്റ്റ് 5 ചൊവ്വാഴ്ച വരെ നീളുന്ന ഒരു പ്രത്യേക മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കി. താഇഫ്, മയ്‌സാന്‍, അദം, അല്‍-അര്‍ദിയത്ത് എന്നീ ഗവര്‍ണറേറ്റുകളില്‍ മിതമായതോ കനത്തതോ ആയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍, താഴ്‌വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കാനും ഔദ്യോഗിക ചാനലുകള്‍ വഴി കാലാവസ്ഥാ വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
Related News