ദോഹ :തങ്ങളുടെ മാധ്യമ പ്രവർത്തകർക്കെതിരെ ഇസ്രായേൽ അധിനിവേശ സേനയും വക്താക്കളും തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനെതിരെ അൽ ജസീറ മീഡിയ നെറ്റവർക്ക്. ഗസ മുനമ്പിൽ ഇസ്രയേലിന്റെ അധിനിവേശവും വംശഹത്യയും റിപ്പോർട്ട് ചെയ്യുന്ന അൽ ജസീറയുടെ ലേഖകരെയും മറ്റു മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ടാണ് ഇസ്രായേൽ സേന നിരന്തരം പ്രകോപനം സൃഷിക്കുന്നത്. ഗസ കേന്ദ്രീകരിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന അനസ് അൽ-ഷെരീഫിനെ പ്രത്യേകം ഉന്നമാക്കിയാണ് പ്രകോപനം തുടരുന്നത്. തങ്ങളുടെ ജീവനക്കാർക്കെതിരെ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ഇത്തരം നടപടികളെ അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ശക്തമായി അപലപിച്ചു.
ഗസയിൽ ഇസ്രായേൽ അധിനിവേശം തുടങ്ങിയതുമുതൽ അൽ ജസീറ ചാനലിന്റെ ലേഖകർക്കെതിരെ വ്യക്തിപരമായ പ്രകോപനം ഇസ്രായേൽ തുടങ്ങിയിരുന്നു. സ്വതന്ത്രവും നിർഭയവുമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനെ തടസപ്പെടുത്തുകയാണ് ഇസ്രായേൽ സൈനികർ. യുദ്ധമേഖലയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യം വെക്കുന്ന സമീപനം അംഗീകരിക്കാൻ കഴിയുന്നതല്ല. അപകടകരമായ ഒരു നീക്കമാണിത്. ഗസയിലെ എല്ലാ മാധ്യമപ്രവർത്തകരുടെയും സംരക്ഷണം ഉറപ്പാക്കാനും അവരുടെ ജീവൻ സംരക്ഷിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും അൽ ജസീറ ആവശ്യപ്പെട്ടു. തങ്ങളുടെ മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദികൾ ഇസ്രായേൽ അധിനിവേശസേനയായിരിക്കും. ഭീഷണിയോ പ്രകോപനമോ ഇല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം മേഖലയിൽ രൂപപ്പെടുത്തിയെടുക്കണം.
യുദ്ധ സാഹചര്യം റിപ്പോർട്ട് ചെയ്യാൻ ഗസയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അന്താരാഷ്ട്ര മാധ്യമപ്രവർത്തകരെ ഇസ്രായേൽ തുടർച്ചയായി തടയുകയാണ്. ഇത് മാധ്യമപ്രവർത്തനത്തിന്റെ കടക്കൽ കത്തി വെക്കുന്നതിനു തുല്യമാണ്. ഗസയിലെ കൊടുംപട്ടിണിയും അധിനിവേശ സേനയുടെ അതിക്രമങ്ങളും സത്യസന്ധമായി ലോകത്തെ അറിയിച്ചതിനാണ് ഈ പ്രകോപനവും തടയലുമെല്ലാം- അൽ ജസീറ ചൂണ്ടിക്കാട്ടി.
Related News