അബൂദാബി: 18 മാസം ജോലിക്ക് ഹാജരാവാതെ ശമ്പളയിനത്തിലും മറ്റും കൈപ്പറ്റിയ 13.3 ലക്ഷം ദിര്‍ഹം ജീവനക്കാരി തിരികെ നല്‍കണമെന്ന കീഴ്കോടതിയുടെയും അപ്പില്‍ കോടതിയുടെയും വിധി ഭാഗികമായി തള്ളി അബൂദാബിയിലെ പരമോന്നത കോടതി. 2014ല്‍ ആണ് യുവതി സ്ഥാപനത്തില്‍ ജോലിക്ക് കയറുന്നത്.
95,630 ദിര്‍ഹമായിരുന്നു പ്രതിമാസ ശമ്പളം. 2024ല്‍ യുവ തിയെ കമ്പനി പിരിച്ചുവിട്ടു. ഇതിനെതിരെ യുവതി ലേബര്‍ കോടതിയെ സമീപിച്ചു. ശമ്പളയിനത്തില്‍ 5,73,785 ദിര്‍ഹവും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരമായി 2,86,892 ദിര്‍ഹവും ഗ്രാറ്റ്വിറ്റിയിനത്തില്‍ 3,24,330 ദിര്‍ഹവും പിരിച്ചു വിടലിലൂടെ നേരിട്ട മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി അഞ്ചുലക്ഷം ദിര്‍ഹവും ഈ തുക നല്‍കുന്നതു വരെ 12 ശതമാനം പലിശയും കമ്പനി നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
ഇതിനെതിരെ കമ്പനി എതിര്‍ഹരജി നല്‍കി. കൃത്യമായി കാരണം ബോധിപ്പിക്കാതെ ജീവനക്കാരി 18 മാസം അവധിയിലായിരുന്നെന്നും ഈ കാലയളവില്‍ കൈപ്പറ്റിയ 13.3 ലക്ഷം ദിര്‍ഹംതിരികെ നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കമ്പനിയുടെ അപ്പീല്‍ പരിഗണിക്കുകയും യുവതി 13.3 ലക്ഷം ദിര്‍ഹം നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതിനെതിരെ യുവതി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധി ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി പരമോന്നത കോടതിയെ സമീപിക്കുന്നതും അനുകൂല വിധി നേടുന്നതും.
Related News