ദോഹ:ഖത്തറിലെ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ 50,000 ഖത്തര്‍ റിയാലോ (ഏകദേശം USD 13,700) അല്ലെങ്കില്‍ അതിലധികം മൂല്യമുള്ള വസ്തുക്കളോ കൈവശം വെച്ചിട്ടുണ്ടെകില്‍ മുന്‍കൂട്ടി രേഖപ്പെടുത്തണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. രത്‌നങ്ങള്‍ കൈവശം വച്ചെത്തിയ യാത്രക്കാരന്‍ നേരിട്ട പിഴയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കൃത്യമായ വിവരങ്ങള്‍ നല്‍കാതെ യാത്രചെയ്യുന്നത് നിയമലംഘനമായാണ് കണക്കാക്കുക. അതിന്റെ അടിസ്ഥാനത്തില്‍ വസ്തുവകകള്‍ കണ്ടുക്കെട്ടും. കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയോ, അല്ലെങ്കില്‍ 100,000 മുതല്‍ 500,000 വരെ റിയാല്‍ പിഴയോ ലഭിക്കാമെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
വിമാനത്താവളങ്ങളിലോ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ വെബ്‌സൈറ്റിലോ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാം. നാണയങ്ങള്‍ (ഖത്തറിന്റെയോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും രാജ്യങ്ങളുടെയോ കറന്‍സികള്‍), ട്രാവലേഴ്‌സ് ചെക്ക്, ചെക്ക്, പ്രോമിസറി നോട്ട് എന്നിവ പോലുള്ള സാമ്പത്തിക രേഖകള്‍, വിലപ്പെട്ട ലോഹങ്ങള്‍, ഡയമണ്ട്, എംറാള്‍ഡ്, റൂബി, മുത്ത് പോലുള്ള കല്ലുകള്‍ എന്നിവയാണ് വെളിപ്പെടുത്തേണ്ടതായ പ്രധാനപ്പെട്ട വസ്തുക്കള്‍. യാത്രക്കാര്‍ കസ്റ്റംസ് നടപടികള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Related News