ന്യൂഡല്‍ഹി: പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ കോര്‍ഡിനേറ്ററായി അഡ്വ. ഡോ. സെബാസ്റ്റ്യന്‍ ജോസഫ് അട്ടപ്പാട്ട് നിയമിതനായി. സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും മറ്റ് കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ഡോ. സെബാസ്റ്റ്യന്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമത്തില്‍ ഡോക്ടറേറ്റ് എടുത്തത്. ഇതിനകം പതിനാലു ഗ്രന്ഥങ്ങളുടെ രചയിതാവുകൂടെയാണ് അഡ്വ. ഡോ. സെബാസ്റ്റ്യന്‍.
രാജ്യത്തിനകത്തും പുറത്തും നിരവധി സംഘടനകളും അഭിഭാഷകരുമായി വലിയ ബന്ധം പുലര്‍ത്തുന്ന അഡ്വ. ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, പ്രവാസി ലീഗല്‍ സെല്‍ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന തലത്തിലേക്കെത്തിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ലീഗല്‍ സെല്‍ പ്രസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. രാജ്യത്തെ വിവിധ ഹൈക്കോടതികളിലും വിവിധ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ ആര്‍.ടി. ഐ. പോര്‍ട്ടലുകള്‍ സ്ഥാപിച്ചത് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ നിന്ന് നേടിയെടുത്ത ഉത്തരവിനെ തുടര്‍ന്നാണ്.
നിലവില്‍ വിദേശ ജോലികളുടെ മറവില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന മനുഷ്യക്കടത്തുകള്‍ക്കിരയായ നിരവധി പ്രവാസികള്‍ക്കാണ് ഇതിനോടകം പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴില്‍ തട്ടിപ്പുകള്‍ തടയാന്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിലും പ്രവാസി ലീഗല്‍ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിന്റെ ഭാഗമായി കേരളാ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സര്‍ക്കാരിനുള്ള നിര്‍ദേശവും ലീഗല്‍ സെല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
Related News