ദുബായ്: റസ്റ്റാറന്റുകളിലും വീടുകളിലെ അടുക്കളകളിലും ഉപയോഗിച്ച പാചക എണ്ണകളും കൊഴുപ്പുകളും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ജൈവ ഡീസലാക്കി മാറ്റുന്നതിനുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ കരാറില്‍ ഒപ്പുവെച്ചു. ഡുബാല്‍ ഹോള്‍ഡിങ്ങിന്റെ ഉപസ്ഥാപനമായ ബയോഡ് ടെക്‌നോളജിയുമായി കൈകോര്‍ത്ത് ദുബായ് മുനിസിപ്പാലിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഇരുവരും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ധാരണ പ്രകാരം ദുബായിലുടനീളുമുള്ള വീടുകളില്‍ നിന്നും റസ്റ്റാറന്റുകളില്‍ നിന്നും ഉപയോഗിച്ച പാചക എണ്ണകള്‍, ഗ്രീസ്, കൊഴുപ്പുകള്‍ എന്നിവ ശേഖരിച്ച് ബയോഡ് ടെക്‌നോളജി പുനരുപയോഗിക്കാവുന്ന ജൈവ ഡീസലാക്കി മാറ്റും. ഉപയോഗിച്ച ശേഷമുള്ള പാചക എണ്ണകളും മറ്റും ശേഖരിക്കുന്നതിനായി എമിറേറ്റിലെ വീടുകളേയും റസ്റ്റോറന്റുകളേയും ബന്ധിപ്പിച്ചുള്ള പുതിയ ശൃംഖലക്ക് തുടക്കമിടും. ബി100 എന്ന ജൈവ ഡീസലാണ് ബയോഡ് ഉത്പാദിപ്പിക്കുക. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് പദ്ധതി വലിയ സഹായകമാവും.
മുനിസിപ്പാലിറ്റിയുടെ ഓവുചാല്‍, പുനരുപയോഗ ജല പദ്ധതികളുടെ വകുപ്പ് ഡയറക്ടര്‍ ഫഹദ് അല്‍ അവദി, ബയോഡ് ടെക്‌നോളജി ബോര്‍ഡ് അംഗം യൂസുഫ് ബസ്താകി, ബയോഡ് ടെക്‌നോളജി സി.ഇ.ഒ ശിവ വിഗ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ധാരണ പത്രം ഒപ്പിട്ടത്. നൂതന സാങ്കേതിക വിദ്യയും വ്യവസായ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തിയാണ് ഉപയോഗിച്ച പാചക എണ്ണകളെ പുനരുപയോഗ ജൈവ ഡീസലാക്കി മാറ്റുന്നതെന്ന് ശിവ വിഗ് പറഞ്ഞു. യു.എ.ഇയുടെ ഹരിത സാമ്പത്തിക ലക്ഷ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് പദ്ധതിയെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതരും വ്യക്തമാക്കി. പദ്ധതിയിലൂടെ പരിസ്ഥിതി ആഘാതം കുറക്കാനും വാണിജ്യ കിച്ചണുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള ചെലവ് കുറക്കാനും ഇതുവഴി സാധിക്കും.
Related News