തിരുവനന്തപുരം: പാലോട് രവി ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷത്തിനു പിന്നാലെ വെട്ടിലായ പാലോട് രവി പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് രാജി വച്ചതെന്നാണ്് വിവരം. രാജി സ്വീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ സ്ഥിരീകരിക്കുകയും ചെയ്തു.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.
പുല്ലംപാറയിലെ പ്രാദേശിക നേതാവ് ജലീലുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി പ്രതിരോധത്തിലായിരുന്നു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ഈ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചില്ല.
കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നുമായിരുന്നു പാലോട് രവി പറഞ്ഞത്. ''പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് നാമാവശേഷമാകും. മുസ്ലിം ഇതര പാര്‍ട്ടികള്‍ സി.പി.എമ്മിലേക്കും മറ്റ് പാര്‍ട്ടികളിലേക്കും പോകും. കോണ്‍ഗ്രസിലുള്ളവര്‍ ബി.ജെ.പിയിലേക്കോ മറ്റ് പാര്‍ട്ടികളിലേക്കോ പോകും. 60 അസംബ്ലി മണ്ഡലങ്ങളില്‍ കാശ് കൊടുത്ത് ബി.ജെ.പി വോട്ട് കരസ്ഥമാക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഭരണം തുടരുകയും ചെയ്യും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന് നാട്ടില്‍ ഇറങ്ങിനടന്ന് ജനങ്ങളോട് സംസാരിക്കാന്‍ ആളില്ല. എങ്ങനെ കാലുവാരാമെന്നാണ് നേതാക്കള്‍ ചിന്തിക്കുന്നത്''-എന്നാണ് പാലോട് രവി പറഞ്ഞത്.
Related News