ജിദ്ദ: വ്യാജ കാലാവസ്ഥ പ്രവചനം നടത്തിയ വ്യക്തിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സൗദി കാലവസ്ഥ കേന്ദ്രം. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങള്‍ വഴി പങ്കു വെച്ചത്.
രാജ്യത്ത് ഗുരുതരമായ കാലാവസ്ഥ മാറ്റത്തിന് സാധ്യതയുള്ളതായി ഇദ്ദേഹം പ്രവചിക്കുകയായിരുന്നു. അത് സമൂഹമാധ്യമങ്ങള്‍ വഴി പങ്ക് വെക്കുകയും ചെയ്തു ഇതേത്തുടര്‍ന്നാണ് നടപടി. വിവരങ്ങള്‍ നല്‍കിയ വ്യക്തിയുടെ യോഗ്യതയും വ്യക്തിത്വവും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അടുത്ത തിങ്കളാഴ്ച മുതല്‍ മദീന മേഖലയില്‍ കടുത്ത ഇടിമിന്നലോട് കൂടിയ അതി തീവ്ര മഴക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുള്ളതായാണ് ഇദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ മുന്നറിയിപ്പ് നല്‍കിയത്. പൊതു സമൂഹത്തെ പരിഭ്രാന്തരാക്കുന്ന ഇത്തരം വ്യാജ അറിയിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെക്കുന്നത് ഗുരുതരമായ കുറ്റമായി പരിഗണിക്കും. കാലാവസ്ഥ അറിയിപ്പുകള്‍ യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്നുള്ളത് മാത്രം സ്വീകരിക്കാന്‍ ദേശീയ കാലാവസ്ഥ കേന്ദ്രം പൊതുജനത്തോട് അഭ്യര്‍ഥിച്ചു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ അറിയിപ്പുകള്‍ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥ കേന്ദ്രം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Related News