റിയാദ്: നിമിഷപ്രിയയുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുചര്‍ച്ചക്ക് ഇപ്പോള്‍ തയ്യാറല്ലെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ റിയാദില്‍ പറഞ്ഞു.
ആ വിഷയത്തിലുള്ള പൊതുചര്‍ച്ചകള്‍ പോസിറ്റീവ് സാധ്യതകളൊന്നും തുറക്കില്ല. അനാവശ്യ ചര്‍ച്ചകളും കമന്റുകളും നിലവിലുള്ള സാധ്യത ഇല്ലാതാക്കും.
നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം മുസ്ലിയാര്‍ ഇടപെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയുന്നതിന് പരിമിതികളുണ്ട്. മാത്രമല്ല മോചന ശ്രമത്തിന് തിരിച്ചടിയാകും. അതുകൊണ്ടുതന്നെ നേരത്തെ വ്യക്തമാക്കിയ കാര്യങ്ങളല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഇനി നിമിഷയുടെ മോചനം സാധ്യമാകുമ്പോള്‍ ഇക്കാര്യത്തില്‍ തെന്റ ഭാഗത്തുനിന്ന് വിശദമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാന ഘടകം റോഡ് സൗകര്യമാണ്. ആന്റണിയുടെ കാലത്ത് എംകെ മുനീര്‍ റോഡ് വികസനത്തിന് പദ്ധതികൊണ്ടുവന്നെങ്കിലും ഇടതുപക്ഷം എതിര്‍ത്തു. തറക്കല്ലിട്ട രണ്ട് പദ്ധതികളാണ് കോഴിക്കോട്, തിരുവനന്തപുരം മെട്രോ. ഒന്‍പതുവര്‍ഷം കഴിഞ്ഞെങ്കിലും ഒന്നും നടന്നില്ല. 2003ല്‍ മൂന്നു കിലോ മീറ്ററുണ്ടായിരുന്ന ദല്‍ഹി മെട്രാ 10 വര്‍ത്തിനിടെ 423 കിലോമീറ്ററായി വര്‍ധിച്ചു. എന്നാല്‍ കൊച്ചി മെട്രോ ശൃംഖല ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ആലുവ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ മെട്രോ ദീര്‍ഘിപ്പിക്കാന്‍ ശേഷിയില്ലാത്തവരാണ് അപ്രായോഗികമായ കെ-റെയില്‍ വേണമെന്ന് വാശിപിടിക്കുന്നത്. വികസനമാണ് കേരളം ആഗ്രഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അരങ്ങേറുന്നത് വാചകമടി മാത്രമാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം 'കുഞ്ഞൂഞ്ഞോര്‍മ്മയില്‍' പങ്കെടുക്കാനാണ് ചാണ്ടി ഉമ്മന്‍ റിയാദിലെത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി നേതാക്കളായ സലിം കളക്കര, ബാലുക്കുട്ടന്‍, നവാസ് വെളളിമാടുകുന്നു, സക്കീര്‍ ദാനത്ത്, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ സന്നിഹിതരായിരുന്നു.
Related News