കൊച്ചി: പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സെക്രട്ടറിയും പവര്‍ കോര്‍പ്പറേഷന്‍ സി.എം.ഡി.യും മലയാളിയുമായ പി ബി സലീം ഐ.എ.എസി.ന് ഡോ.എപിജെ അബ്ദുല്‍ കലാം നാഷണല്‍ അവാര്‍ഡ്'. ഞായറാഴ്ച (27.07.25) വൈകിട്ട് നാലിന് കല്‍ക്കട്ട, ആലിയ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ വെസ്റ്റ് ബംഗാള്‍ ഗ്രാമ - നഗര വികസന വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കീം അവാര്‍ഡ് സമ്മാനിക്കും.
പശ്ചിമബംഗാള്‍ പവര്‍ കോര്‍പ്പറേഷനെ രാജ്യത്തെ മികച്ച തെര്‍മല്‍ പവര്‍ പ്ലാന്റ് ആക്കി മാറ്റിയത് പി.ബി. സലിം ചുമതല ഏറ്റതിന് ശേഷമായിരുന്നു. മൂവാറ്റുപുഴ, പെഴക്കാപ്പിള്ളി സ്വദേശിയായ പുളളിചാലില്‍ പി ബി സലിം കോര്‍പ്പറേഷന്‍ സി.എം.ഡി ആയി ചുമതലയേല്‍ക്കുമ്പോള്‍ സ്ഥാപനം നഷ്ടത്തിലായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് 102 കോടി രൂപയുടെ ലാഭം ഉണ്ടാക്കി മലയാളി ഉദ്യോഗസ്ഥന്‍ തന്റെ മികവ് തെളിയിച്ചു. പിന്നീടുള്ള ജൈത്ര യാത്രയ്ക്ക് ഒടുവിലാണ് രാജ്യത്ത് തന്നെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിച്ചത്.
സര്‍ക്കാരിന്റെ ഉയര്‍ന്ന പദവികളില്‍ ഇരിക്കുമ്പോള്‍ തന്നെ സാമൂഹിക ജീവകാരുണ്യ കായിക രംഗത്ത് ഇദ്ദേഹം നടത്തുന്ന ഇടപെടലുകളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതികളും സംസ്ഥാനത്തിന് മാതൃകയായിരുന്നു. ഇത്തരം ഇടപെടലുകള്‍ പൊതുസമൂഹത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഔദ്യോഗിക പരിവേഷത്തിന്റെ മേലങ്കിയില്‍ നിന്ന് മാറി നിന്ന് സാധാരണക്കാരെ കൂടി ചേര്‍ത്തു പിടിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി. എഴുത്തുകാരിയായ ഭാര്യ ഫാത്തി സലിമിന്റെ നേതൃത്വത്തില്‍ ഔവര്‍ ഹെറിറ്റേജ് ഫൗണ്ടേഷനും കല്‍ക്കട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു.
മികച്ച പൊതുപ്രവര്‍ത്തകനായി തിരഞ്ഞെടുക്കപ്പെട്ട ഡെറക് ഒ ബ്രിയാന്‍ എം പി യേയും ചടങ്ങില്‍ ആദരിക്കും. എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ അധ്യക്ഷത വഹിക്കും. ഡോ. അരുണ്‍ജ്യോതി ഭിക്ഷു (ബുദ്ധിസ്റ്റ്), സ്വാമി മഹാരാജ് ദേവഭരതാനന്ദ (രാമക്യഷ്ണ മിഷന്‍), ഡോ. സത്‌നാം സിംഗ് അഹ്ലുവാലിയ, വെസ്റ്റ് ബംഗാള്‍ മൈനോറിറ്റീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഹമ്മദ് ഹസ്സന്‍ (ഡെയ്ലി പ്യുബര്‍ കലോമിന്റെ എഡിറ്റര്‍), പ്രൊഫ. (ഡോ.) റഫീഖുള്‍ ഇസ്ലാം ( ആലിയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍), യൂസഫ് പത്താന്‍ (ലോക്‌സഭാ അംഗം), പി എം ജിഫ്രി കോയ തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Related News