മാലെ: യു.കെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാലദ്വീപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഗംഭീര സ്വീകരണം. 60 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി മാലിയിലെ വെലാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മോഡിയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മാലദ്വീപിന്റെ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. മോഡിയുടെ ഈ സന്ദര്‍ശനം, 2023-ല്‍ മുയിസു അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യ - മാലദ്വീപ് ബന്ധത്തില്‍ ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്. 'ഇന്ത്യ - മാലദ്വീപ് സൗഹൃദം പുതിയ ഉയരങ്ങള്‍ കൈവരിക്കും' എന്നാണ് മോ#ി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇന്ത്യ - യുകെ ചരിത്രപ്രാധാന്യമുള്ള വാണിജ്യ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയ ശേഷമാണ് യു കെയില്‍ നിന്ന് മോദി, മാലദ്വീപില്‍ എത്തിയത്. ഇന്ത്യ - യു കെ വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലായതോടെ നിരവധി സാധനങ്ങളുടെയും പല കാറുകളുടെയും തീരുവ കുറയും. ആഡംബര കാറുകളായ ജാഗ്വാര്‍, ലാന്‍ഡ്‌റോവര്‍ തുടങ്ങിയ കാറുകളുടെ ചുങ്കം 100 ല്‍ നിന്ന് 10 ആയി കുറയും. നിശ്ചിത എണ്ണം കാറുകളാവും തീരുവ കൂറച്ച് ഇറക്കുമതി അനുവദിക്കുകയെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് സാമൂഹ്യ സുരക്ഷ നിധി വിഹിതം നല്‍കുന്നതില്‍ 3 കൊല്ലം ഇളവും ലഭിക്കും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യു കെ ഓഫീസ് ഇല്ലെങ്കിലും 2 കൊല്ലം 35 മേഖലകളില്‍ തൊഴില്‍ ചെയ്യാമെന്നതാണ് കരാറിലെ മറ്റൊരു സവിശേഷത.
ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില എന്നിവക്കും സുഗന്ധ വ്യഞ്ജനം, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ്, എന്നിവയ്ക്കും തീരുവ ചുമത്തില്ല. കയറ്റുമതി മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നതാണ് വ്യാപാരക്കരാര്‍. യു കെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ തീരുവ 3 ശതമാനമായി കുറയും. ക്ഷീരോത്പന്നങ്ങള്‍, ആപ്പിള്‍ തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ ഇളവ് നല്‍കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനും തീരുവയില്ലാതെ യു കെ ഇറക്കുമതി ചെയ്യും. സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി തുടങ്ങിയവയുടെ തീരുവയും കുറച്ചു. തേയില, കാപ്പി എന്നിവയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കാനും യുകെ തയ്യാറായി.
Related News