കുവൈത്ത് സിറ്റി: മദ്യക്കച്ചവടം നടത്തിയതിന്റെ പേരില്‍ ഇന്ത്യക്കാരും നേപ്പാളികളും ഉള്‍പ്പെടെ 52 പേര്‍ കുവൈത്തില്‍ അറസ്റ്റില്‍. തലസ്ഥാനത്തെ ആറ് റെസിഡന്‍ഷ്യല്‍ ഏരിയകളിലെ അനധികൃത മദ്യ ഫാക്ടറികള്‍ നടത്തിയ സംഘത്തെയാണ് പിടികൂടിയത്. പിടിയിലായവരില്‍ 30 പുരുഷന്മാരും 22 സ്ത്രീകളുമുണ്ട്.
പ്രാദേശികമായുള്ള മദ്യത്തിന്റെ ഉത്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശോധന. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മനല്‍ അല്‍സ്ഫൂര്‍, ക്രിമിനല്‍ സെക്യൂരിറ്റി അഫയേഴ്‌സിന്റെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഹമീദ് അല്‍ദവാസ്, വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ നിരവധി മുതിര്‍ന്ന വ്യക്തികള്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
മിഷ്രിഫ്, ജാബിര്‍ അല്‍അലി, അല്‍നഹ്ദ, ഫൈഹ, സാദ് അല്‍അബ്ദുല്ല, അല്‍ഖുസൂര്‍ എന്നിവിടങ്ങളിലെ വാടക വീടുകള്‍ പ്രതികള്‍ അനധികൃത മദ്യ ഫാക്ടറികളാക്കി മാറ്റുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ശാന്തമായ റെസിഡന്‍ഷ്യല്‍ സോണുകള്‍ മനഃപൂര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നു. വീടുകളില്‍നിന്ന് അസംസ്‌കൃത ചേരുവകളുടെ ബാരലുകള്‍, വാറ്റിയെടുക്കല്‍ ഉപകരണങ്ങള്‍, മദ്യം നിറച്ച ആയിരക്കണക്കിന് കുപ്പികള്‍ എന്നിവ പിടിച്ചെടുത്തു. എട്ട് വാഹനങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. വ്യാവസായിക അടിസ്ഥാനത്തിലായിരുന്നു മദ്യ നിര്‍മാണം.
അന്വേഷണ സംഘങ്ങള്‍, ലക്ഷ്യമിട്ട വീടുകളില്‍ പുലര്‍ച്ചെ ഒരേസമയം റെയ്ഡുകള്‍ നടത്തുകയായിരുന്നു. വലിയ അളവില്‍ പണവും പണം എണ്ണുന്ന യന്ത്രവുമായി രണ്ട് പേരെ പിടികൂടി. രാജ്യത്തിന് പുറത്തുള്ള അജ്ഞാതരുമായി ഫോണിലൂടെ പ്രവര്‍ത്തനങ്ങള്‍ നയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തതായി സൂക്ഷ്മ നിരീക്ഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ശൃംഖലയുടെ കിംഗ്പിന്‍ എന്ന് ആരോപിക്കപ്പെടുന്നയാളെയും കസ്റ്റഡിയിലെടുത്തു.
Related News