ദമ്മാം: തൊഴിലാളികളുടെ താമസ ഇടങ്ങള്‍ക്കും ലേബര്‍ ക്യാമ്പുകള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സൗദി മുനിസിപ്പല്‍ ഭവന മന്ത്രാലയം. തൊഴിലാളികളുടെ സുരക്ഷയും സാമൂഹ്യ ആരോഗ്യ സംരക്ഷണവും മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശങ്ങള്‍. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പരിശോധനകള്‍ ശക്തമാക്കാനും മന്ത്രാലയം തീരുമാനിച്ചു.
500 പേര്‍ക്ക് താമസിക്കാവുന്ന കെട്ടിടങ്ങളില്‍ കിടപ്പുമുറികള്‍ക്ക് നാല് ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണം ഉണ്ടായിരിക്കണം. കിടപ്പുമുറിയില്‍ ഉള്‍ക്കൊള്ളുന്ന ആളുകളുടെ എണ്ണം പത്തില്‍ കൂടാന്‍ പാടില്ല. ഒപ്പം ഓരോ എട്ട് പേര്‍ക്കും ഒരു ബാത്ത്റൂമും വേണം. എല്ലാ ആളുകള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന രീതിയില്‍ ഓരോ നിലയിലും കുറഞ്ഞത് രണ്ട് അടുക്കളകള്‍, ഓരോ വ്യക്തിക്കും 0.7 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണത്തോടെ വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍, വാഷിംഗ് റൂം എന്നിവയും ഒരുക്കണം.
കിടപ്പുമുറികളില്‍ തണുപ്പിക്കുന്നതിനും ചൂടാക്കുന്നതിനുമുള്ള എയര്‍ കണ്ടീഷനിംഗ് മാര്‍ഗങ്ങള്‍, ആരോഗ്യകരവും സുരക്ഷിതവും ഉറപ്പാക്കുന്ന കുടിവെള്ള സംവിധാനം, ശുചിത്വം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനങ്ങളും പരിപാലനവും എന്നിവയും ഉറപ്പാക്കണം. അഞ്ഞൂറിന് മുകളില്‍ താമസക്കാരുള്ള കേന്ദ്രങ്ങളില്‍ മുഴുസമയ സൂപ്പര്‍വൈസിംഗ് ജീവനക്കാരന്‍, എമര്‍ജന്‍സി ക്ലിനിക്കല്‍ സൗകര്യം, കായിക വിനോദ കേന്ദ്രം, ഐസോലേഷന്‍ റൂം സൗകര്യം എന്നിവയും വേ.ണമെന്നാണ് നിര്‍ദേശം.
ആരോഗ്യ, വാണിജ്യ, മാനവ വിഭവശേഷി, സാമൂഹിക വികസനം, വ്യവസായം, ധാതു വിഭവശേഷി മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് മുനിസിപ്പല്‍ ഭവന മന്ത്രാലയം ചട്ടങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Related News