കണ്ണൂര്‍: ജയില്‍ ചാടി അധികം വൈകാതെ പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍. ആഹാരം കഴിക്കുന്നത് കുറച്ച് ശരീരഭാരത്തില്‍ കുറവ് വരുത്തി. വണ്ണം കുറക്കാന്‍ വേണ്ടി ചോറ് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. പകരം ആഴ്ചകളായി ചപ്പാത്തി മാത്രമാണ് കഴിച്ചിരുന്നത്. വണ്ണം കുറച്ചത് വഴിയാണ് രണ്ട് കമ്പികള്‍ മുറിച്ച് മാറ്റിയ ചെറിയ വിടവിലൂടെ ഗോവിന്ദച്ചാമിക്ക് നുഴഞ്ഞുകയറി പുറത്തുകടക്കാന്‍ സാധിച്ചതെന്ന് പറയുന്നു.
കണ്ണൂര്‍ നഗരത്തിലെ തളാപ്പ് പരിസരത്തെ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫിസിന് സമീപത്തെ കിണറ്റില്‍ ഒളിച്ച നിലയിലാണ് ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. കറുത്ത പാന്റും വെളുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.
ജയിലില്‍ ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ച സെല്ലിനുള്ളിലെ കട്ടിയുള്ള കമ്പികള്‍ ഹാക്‌സോ ബ്ലേഡ് കൊണ്ട് മുറിച്ച് ഉപ്പ് വെച്ച് ദ്രവിപ്പിച്ചാണ് കമ്പി നീക്കിയത്. ജയില്‍ വളപ്പില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് നിന്നാണ് ഹാക്‌സോ ബ്ലേഡ് ഗോവിന്ദച്ചാമി സംഘടിപ്പിച്ചത്. കമ്പികളില്‍ ചെറുതായി മുറിച്ച ശേഷമാണ് ഉപ്പ് വെച്ചത്. ജയില്‍ മതിലില്‍ കയറാനായി പാല്‍പാത്രങ്ങളും കന്നാസുകളും ഡ്രമ്മുമാണ് ഗോവിന്ദച്ചാമി ഉപയോഗിച്ചത്. കൂടാതെ, മതില്‍ ചാടാനുള്ള തുണികളും പ്രതി മുന്‍കൂട്ടി ശേഖരിച്ചിരുന്നു
ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടായിരുന്നില്ലെന്നു പറയുന്നു. അതിനാല്‍ ഇരുട്ടും പ്രതി രക്ഷപ്പെടാനുള്ള അവസരമാക്കി മാറ്റി. ജയില്‍ ചാട്ടം ഇല്ലാതാക്കാനാണ് വളപ്പിന് പുറത്തെ വലിയ മതിലിന് മുകളില്‍ വൈദ്യുതി വേലി സ്ഥാപിച്ചത്. വേലി മറികടക്കാന്‍ ശ്രമിച്ചാല്‍ വൈദ്യുതി ഷോക്ക് ഏല്‍ക്കുന്ന തരത്തിലാണ് സജ്ജീകരണം. എന്നാല്‍, ഗോവിന്ദച്ചാമി മതില്‍ ചാടുമ്പോള്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍. അതല്ലെങ്കില്‍ ഷോക്കേല്‍ക്കുമായിരുന്നു.
ഭക്ഷണം കുറച്ചാണ് ശരീര ഭാരം കുറച്ചതെങ്കില്‍ അതു ജയില്‍ അധിതരുടെ ശ്രദ്ധയില്‍പെടേണ്ടതായിരുന്നു. കാരണം കൃത്യമായ മെനുവും അളവും അനുസരിച്ചാണ് കേരളത്തിലെ ജയിലുകളില്‍ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഒരു തടവുകാരന്‍ ഭക്ഷണം കഴിക്കാതിരിക്കുക്കയോ ഭക്ഷണത്തില്‍ കുറവ് വരുത്തുകയോ വിഭവങ്ങളില്‍ ചിലത് ഒഴിവാക്കുകയോ ചെയ്താല്‍ ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍ എത്തേണ്ടതാണ്. എന്നാല്‍, ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ അത് ഉണ്ടായില്ലെങ്കില്‍ അതു ജയില്‍ ്അധികൃതരുടെ വീഴ്ചയായായി വേണം വിലയിരുത്താന്‍്.
സൗമ്യ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെ ഇന്ന് പുലര്‍ച്ചെ 1.15ഓടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ ജയില്‍ അധികൃതര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി അറിയുന്നത്. സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. അലക്കാന്‍ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെന്‍സിങ്ങില്‍ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഗോവിന്ദച്ചാമി മതിലില്‍ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.കോളിളക്കം സൃഷ്ടിച്ച കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീംകോടതി 2016ല്‍ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.
Related News