ജിദ്ദ: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം കണ്ട വികസന നായകനും, കോണ്‍ഗ്രസ് നേതാവുമായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികം 'ഓര്‍മ്മയില്‍ കുഞ്ഞൂഞ്ഞ്' എന്ന പേരില്‍ ഈ മാസം 27 ന് തീയതി ഞായറാഴ്ച രാത്രി 7.30ന് നവാരിയയിലെ നജ ആഡിറ്റോറിയത്തില്‍ വച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ പരിപാടിയില്‍ മുഖ്യാതിഥിയായി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ പങ്കെടുക്കുംന്നു. ചടങ്ങില്‍ വെച്ച് മക്കയിലെ പതിനാറോളം വരുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മികച്ച സേവനം ചെയ്യുന്ന അറുപതോളം മലയാളി നഴ്‌സുമാരെ 'ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ സേവാ പുരസ്‌കാരം' നല്‍കി ആദരിക്കുന്നു. അതോടൊപ്പം മുന്‍ വര്‍ഷങ്ങളില്‍ നടത്തി വന്നതുപോലെ മക്കയില്‍ നിന്നും എംബസി സ്‌കൂളില്‍ പഠിച്ച് പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടി തുടര്‍ പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 'ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ അക്കാദമിക് എക്‌സലന്‍സ്' അവാര്‍ഡും നല്‍കുമെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആതുര ശുശ്രൂഷ രംഗത്തും പൊതു രംഗത്തും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അബീര്‍ ഗ്രൂപ്പിന്റെ വൈസ് പ്രസിഡണ്ടും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.ശ്രീ.അഹമ്മദ് ആലുങ്കലിനെ ഈ വര്‍ഷത്തെ ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ വിശിഷ്ട സേവാ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതായും ഭാരവാഹികള്‍ വെളിപ്പെടുത്തി. ഇതും ചടങ്ങില്‍ സമ്മാനിക്കും.
കോണ്‍ഗ്രസിന്റെയും, ഒ.ഐ.സി.സിയുടെയും നാട്ടിലെയും പ്രവാസ ലോകത്തെയും നേതാക്കളും, മക്കയിലെ മറ്റ് സംഘടനാ പ്രതിനിധികളും, സാമൂഹ്യപ്രവര്‍ത്തകരും, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും, സ്വദേശി, വിദേശി പൗരപ്രമുഖന്മാരും, കലാ, സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരും , വിദ്യാര്‍ത്ഥികളും, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും അവാര്‍ഡ്ദാന ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഒ.ഐ.സി.സി മക്ക പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂര്‍, ജനറല്‍ സെക്രട്ടറി സലീം കണ്ണനാകുഴി, ട്രഷറര്‍ റഹീഫ് കണ്ണൂര്‍, വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ മനാഫ് വയ്യാനം, ഹബീബ് കോഴിക്കോട്, ജനറല്‍ സെക്രട്ടറി യാസര്‍ പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Related News