തൃശൂര്‍: മരണ ശേഷവും പിതാവിനോട് മനസലിയാതെ മകന്‍. മകന്റെ പീഡനത്തെ തുടര്‍ന്നാണ് വീടുവിട്ട് അഗതിമന്ദിരത്തില്‍ പിതാവും മാതാവും അഭയംതേടിയത്. അരിമ്പൂര്‍ കൈപ്പിള്ളി റിങ് റോഡില്‍ പ്ലാക്കന്‍ വീട്ടില്‍ തോമസിനാണ് (80) ഈ ദുര്‍വിധി. അഭയ മന്ദിരത്തില്‍വെച്ച് മരണമടഞ്ഞ പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് മകന്‍ വീട് പൂട്ടി സ്ഥലംവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് തോമസിന്റെ അന്ത്യ കര്‍മങ്ങള്‍ വീട്ടുമുറ്റത്തുവെച്ചാണ് നടത്തിയത്. ഭാര്യ റോസ്ലിക്കും മറ്റു ബന്ധുക്കള്‍ക്കും വീട്ടുമുറ്റത്തിരുന്നുകൊണ്ടു തന്നെ തോമസിന് അന്തമോപാചാരം അര്‍പ്പിക്കേണ്ടി വന്നു.
മകനും മരുമകളും മര്‍ദിക്കുന്നുവെന്ന് കാണിച്ച് ഏതാനും മാസം മുമ്പാണ് തോമസും ഭാര്യ റോസിലിയും അന്തിക്കാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇവര്‍ വീടുവിട്ടിറങ്ങി. നാട്ടുകാര്‍ ഇപെട്ടതിനെത്തുടര്‍ന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരെയും മണലൂരിലെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് തോമസ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകന്‍ വീട് പൂട്ടിപ്പോയ വിവരം അറിയുന്നത്. മകനെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് മൃതദേഹം വീട്ടുമുറ്റത്ത് കിടത്തി അന്ത്യകര്‍മങ്ങള്‍ നടത്തി. വൈകീട്ട് എറവ് സെന്റ് തെരേസാസ് കപ്പല്‍ പള്ളിയില്‍ സംസ്‌കരിച്ചു. ജോയ്‌സി മകളാണ്. മരുമകന്‍ വില്‍സന്‍.
Related News