ആലപ്പുഴ: വിപ്ലവ വീര്യം അലയടിക്കുന്ന പുന്നപ്ര വയലാര്‍ ചുടുകാട്ടില്‍ വിഎസ് അച്യുതാനന്ദന്‍ എന്ന വിപ്ലവ സൂര്യന്‍ ജ്വലിക്കുന്ന ഓര്‍മയായി. വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകന്‍ വി.എ.അരുണ്‍ കുമാര്‍ അഗ്‌നിപകര്‍ന്നു. വിഎസിനൊപ്പം പ്രവര്‍ത്തിച്ചവരും ആയിരക്കണക്കിനു അനുയായികളും പ്രിയ സഖാവിനെ അഗ്നി ഏറ്റുവാങ്ങുന്നതിന് സാക്ഷിയായി. കോരിച്ചൊരിയുന്ന മഴയെ തോല്‍പിച്ചുകൊണ്ടാണ് ആയിരക്കണക്കിനു സഖാക്കള്‍ അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
തുടര്‍ന്നു നടന്ന അനുശോചന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഒരു നൂറ്റാണ്ട് നീണ്ട ജീവിതം, അതില്‍ എട്ട് പതിറ്റാണ്ട് പിന്നിട്ട പൊതുപ്രവര്‍ത്തനം, അതിലേറെയും പോരാട്ടം. വിഎസിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎമ്മിന് മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാകെയും ഇന്നത്തെ ഘട്ടത്തില്‍ ജനാധിപത്യ ശക്തികള്‍ക്ക് വലിയ നഷ്ടം എന്ന് വിശേഷിപ്പിക്കാവുന്നതാണ് വിഎസിന്റെ വിയോഗം. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ച ചുരുക്കം മഹാരഥന്‍മാരില്‍ ഒരാളാണ് വിഎസ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപ്രസ്ഥാനുമായി ഇഴ ചേരുന്നതാണ് വിഎസിന്റെ ജീവിതം. സര്‍ സിപി അമേരിക്കന്‍ മോഡല്‍ എന്ന പേരില്‍ രാജഭരണം നിലനിര്‍ത്താന്‍ നടപടി എടുത്തപ്പോള്‍ അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നു പറഞ്ഞ പുന്നപ്ര വയലാര്‍ സമരസഖാക്കളുമായി ബന്ധപ്പെട്ടതാണ് വിഎസിന്റെ ജീവിതം. കേരളത്തിലെ തൊഴിലാളി സംഘടനയായലും കര്‍ഷക പ്രസ്ഥാനമായാലും അത് ശക്തിപ്പെടുത്താന്‍ പോരാടിയ നേതാവാണ് വിഎസ് എന്ന് പിണറായി അനുസ്മരിച്ചു.
Related News