ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ എം എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീത ഗോപിനാഥ് രാജിവച്ചു. അധ്യാപന ജീവിതത്തിലേക്ക് മടങ്ങാനാണ് ഐ എം എഫില്‍ നിന്നും ഗീത രാജിവച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെ ഗീത ഗോപിനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2025 ഓഗസ്റ്റില്‍ ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് അധ്യാപികയായി മടങ്ങിയെത്തുമെന്നും അവര്‍ അറിയിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയായ ഗീത, 2019 ലാണ് ഐ എം എഫിലെത്തിയത്. ചീഫ് ഇക്കണോമിസ്റ്റായി ജോലിയില്‍ പ്രവേശിച്ച ഗീത, 2022ല്‍ ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായി. ഈ പദവിയിലെത്തിയ ആദ്യ വനിതയാണ് ഗീത.
ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് മഹാമാരി കാലത്ത് ഗീതയുടെ സംഭാവനകള്‍ വളരെ വലുതായിരുന്നുവെന്നാണ് ഐ എം എഫ് വാര്‍ത്താക്കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിനിയായ ഗീത ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 - 18 കാലഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനമാണ് ഗീത നല്‍കിയത്. ഹാര്‍വഡിലേക്കുള്ള മടക്കം അക്കാദമിക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പുതിയ അധ്യായമാണെന്നാണ് ഗീത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Related News