പറ്റ്‌ന: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജി ബിജെപി മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയെന്ന് ആര്‍ജെഡി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വേട്ടയാടാന്‍ ലക്ഷ്യമിട്ട് ബിജെപി നടത്തിയ ഗൂഢാലോചനയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ രാജിയെന്നാണ് ആര്‍ജെഡി ആരോപണം.
''നിതീഷ് കുമാറിനെ ഒഴിവാക്കി ബിഹാറില്‍ സ്വന്തമായി ഒരു മുഖ്യമന്ത്രിയെ വേണമെന്ന് ബിജെപി വളരെക്കാലമായി ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. ഉപരാഷ്ട്രപതിയുടെ പദവി പോലെ രാഷ്ട്രീയമായി പ്രാധാന്യമില്ലാത്ത ഒരു സ്ഥാനം നല്‍കി നിതീഷ് കുമാറിനെ ഒഴിവാക്കാനാണ് ബിജെപി നോക്കുന്നത്. ധന്‍ഖറിന്റെ രാജി ഇതിന്റെ ഭാഗമാണ്''- ആര്‍ജെഡി നിയമസഭാ ചീഫ് വിപ്പ് അഖ്തറുല്‍ ഇസ്ലാം ഷാഹിന്‍ വ്യക്തമാക്കി.
അതേസമയം ആര്‍ജെഡിയുടെ ആരോപമം തള്ളിക്കളഞ്ഞ മന്ത്രിയും ജെഡിയു നേതാവുമായ ശ്രാവണ്‍ കുമാര്‍, നിതീഷ് കുമാര്‍ തന്നെയാകും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും എന്‍ഡിഎയുടെ മുഖമെന്നും ഇക്കാര്യം നേരത്തെ തന്നെ ഉറപ്പിച്ചതാണെന്നും വ്യക്തമാക്കി. ഇതിനിടെ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കുന്നത് ബിഹാറിന് വളരെ നല്ലതായിരിക്കുമെന്ന് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ അഭിപ്രായപ്പെട്ടു.
ബിഹാറില്‍ സ്വന്തംപാര്‍ട്ടിയില്‍നിന്ന് മുഖ്യമന്ത്രി വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. നിതീഷിനെ പിണക്കിയാല്‍ ബിഹാറില്‍ രാഷ്ട്രീയ തിരിച്ചടിയും ബിജെപി കണക്കുകൂട്ടുന്നു. അതിനാല്‍ ഉപരാഷ്ട്രപതിയായി അദ്ദേഹത്തെ ഉയര്‍ന്ന പദവിയിലേക്ക് നിയോഗിച്ചാല്‍ അത് വോട്ട് രാഷ്ട്രീയത്തിലും പ്രതിഫലിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടലെന്നാണ് ചില രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അതിനിടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കേരള മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേജ് സജീവ പരിഗണനയിലുള്ളതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍, മുന്‍ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്തു തന്നെയായാലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം ഒന്നും നല്‍കിയിട്ടില്ല.
Related News