തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അന്തിമോപചാരമര്‍പ്പിക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെത്തി. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശന വിദേയിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചായിരുന്നു യൂസഫലി അന്ത്യാഞ്ജലി നേര്‍ന്നത്. രാവിലെയോടെ ദര്‍ബാര്‍ ഹാളില്‍ ആരംഭിച്ച പൊതുദര്‍ശന ചടങ്ങിലേക്കാണ് എം.എ യൂസഫലി എത്തിയത്. വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശന ചടങ്ങില്‍ പങ്കുചേര്‍ന്നു.
ഗവര്‍ണര്‍ രാജേന്ദ്ര അലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പി.ബി അംഗം വൃന്ദാ കാരാട്ട്, മുന്‍ പോളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി വി.എസിന്റെ നിര്യാണത്തില്‍ ദുഖം പങ്കുവച്ചു. മകന്‍ അരുണ്‍ കുമാറിനെ ചേര്‍ത്ത് പിടിച്ചും മകള്‍ വി.വി ആശയുടെ ഭര്‍ത്താവിനെ കണ്ട് ആശ്വസ വാക്ക് നല്‍കിയുമാണ് അദ്ദേഹം മടങ്ങിയത്.
നിഷ്‌കളങ്കനായ രാഷ്ട്രീയ നേതാവും, അതിലുപരി നല്ലൊരു രാഷ്ട്രീയ നേതാവുമായിരുന്നു വി.എസ് എന്ന് യൂസഫലി പറഞ്ഞു. പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്‌സ് ചെയര്‍മാനായിരിക്കെ ബൃഹത്തായ ഇടപെടലുകള്‍ നടത്തി. സ്മാര്‍ട്‌സ് സിറ്റി അടക്കമുള്ള പദ്ധതികള്‍ക്കായി വി.എസ് നടത്തിയ ഇടപെടുകള്‍ യൂസഫലി സ്മരിച്ചു. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്നിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം തീരാ നഷ്ടമാണ്. വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് ജനങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായത്. വി.എസുമായി വളരെ അടുത്ത സ്‌നേഹബന്ധമായിരുന്നുവെന്നും യൂസഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Related News