ന്യൂഡല്‍ഹി- ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായി രാജിവെച്ചത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഒരു ന്യായാധിപന്റെ വീട്ടില്‍നിന്ന് വലിയ തുക പണമായി കണ്ടെടുത്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ഉപരാഷ്ട്രപതി അംഗീകരിച്ചതാണ് ഈ രാജിയിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നെന്നും, ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലായിരുന്നു രാജിയെന്നും സൂചനകളുണ്ട്.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍ തുക പണമായി പിടിച്ചെടുത്ത സംഭവമാണ് ഈ വിവാദങ്ങളുടെയെല്ലാം കാതല്‍. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചപ്പോള്‍, പ്രതിപക്ഷ എം.പിമാര്‍ ജസ്റ്റിസ് വര്‍മ്മയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതി ധന്‍കര്‍ ഈ പ്രമേയം അംഗീകരിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യസഭാ സെക്രട്ടറി ജനറലിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഈ നീക്കം സര്‍ക്കാരിനെ പ്രകോപിപ്പിച്ചു എന്നാണ് സൂചനകള്‍. ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ സര്‍ക്കാര്‍ തന്നെ മുന്നില്‍നിന്ന് പോരാടാന്‍ ഉദ്ദേശിച്ചിരുന്ന സാഹചര്യത്തില്‍, ധന്‍കറിന്റെ ഈ നടപടി സര്‍ക്കാരിന് അപ്രതീക്ഷിത പ്രഹരമായി. ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ അണിയറയില്‍ സംസാരങ്ങള്‍ ഉയര്‍ന്നു. വെറും ആറ് മാസം മുമ്പ് പ്രതിപക്ഷം ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് പിന്നാലെയാണ് ഇങ്ങനെയൊരു നീക്കം വീണ്ടും ഉയര്‍ന്നുവന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ധന്‍കര്‍ ഈ നീക്കത്തെക്കുറിച്ച് മനസ്സിലാക്കുകയും സ്ഥാനമൊഴിയാന്‍ തീരുമാനിക്കുകയുമായിരുന്നു.
രാത്രി 9.25-ഓടെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാജി കത്ത് പങ്കുവെച്ചു. 'ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കാനും വൈദ്യോപദേശം പാലിക്കാനും വേണ്ടി, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67(എ) പ്രകാരം ഞാന്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി സ്ഥാനം ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ രാജിവെക്കുന്നു,' ധന്‍കര്‍ കത്തില്‍ കുറിച്ചു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ധന്‍കറിന്റെ രാജി അധികാര കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ധന്‍കറിന് നല്ല ആരോഗ്യം ആശംസിക്കുകയും രാജ്യത്തിന് വിവിധ തലങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഈ സംഭവത്തെ 'വിവരണാതീതം', 'പ്രഹേളികയില്‍ പൊതിഞ്ഞ രഹസ്യം' എന്നൊക്കെ വിശേഷിപ്പിച്ചു.
ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും കിരണ്‍ റിജിജുവിന്റെയും അസാന്നിധ്യം ഉപരാഷ്ട്രപതിയെ അസ്വസ്ഥനാക്കിയെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുമ്പോള്‍ ജെ.പി. നദ്ദ നടത്തിയ 'ഞാന്‍ പറയുന്നത് മാത്രമേ രേഖപ്പെടുത്തൂ' എന്ന പരാമര്‍ശവും ധന്‍കറിനെ ചൊടിപ്പിച്ചുവെന്നു അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം നദ്ദ തള്ളി. മറ്റൊരു പ്രധാന പാര്‍ലമെന്ററി പരിപാടിയില്‍ പങ്കെടുത്തതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും, തന്റെ പരാമര്‍ശം പ്രതിപക്ഷ എം.പിമാര്‍ക്ക് നേരെയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.
വെറും 10 ദിവസം മുന്‍പ് 'ദൈവിക ഇടപെടല്‍ ഇല്ലെങ്കില്‍' 2027 ഓഗസ്റ്റില്‍ താന്‍ വിരമിക്കുമെന്ന് പറഞ്ഞ 74 വയസ്സുകാരനായ ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി ബി.ജെ.പി രാഷ്ട്രീയത്തിലെ നിര്‍ണ്ണായക നിമിഷമായി അടയാളപ്പെടുത്തുന്നു.
Related News