ദില്ലി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ രാജിയില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ധന്‍കറുടെ നീക്കം സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. സര്ക്കാര്‍ വിശദീകരണമൊന്നും ഇതുവരേക്കും ഉണ്ടായിട്ടില്ലെങ്കിലും പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ധന്‍കറിന്റെ രാജി ഞെട്ടിക്കുന്നതെന്ന് സിപിഎമ്മും കോണ്‍ഗ്രസും പ്രതികരിച്ചു. ആരോഗ്യ കാരണങ്ങളല്ലാതെ മറ്റു കാരണങ്ങള്‍ ഉണ്ടോ എന്ന് സര്‍ക്കാര്‍ വൃക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഗദീപ് ധന്‍കര്‍ ഇന്നലെ അപ്രതീക്ഷിതമായി രാജിവെച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് രാജിക്കത്ത് നല്‍കിയത്. മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിയെന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. മുന്‍പ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം.
രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന് പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ എന്‍.ഡി.എ ചര്‍ച്ച ആരംഭിച്ചു. കോണ്‍ഗ്രസുമായി ഉടക്കി നല്‍ക്കുന്ന ശശി തരൂര്‍ എം.പി, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരാണ് പരിഗണനയിലുള്ളതെന്ന് അറിയുന്നു.
Related News