l o a d i n g

കേരള

പ്രായം വകവെച്ചു കൊടുക്കാത്ത പോരാളി

ഇ.എം.എസ്, കെ.കരുണാകരന്‍, കെ.ആര്‍.ഗൗരിയമ്മ, ഇ.കെ.നായനാര്‍, ബേബി ജോണ്‍ തുടങ്ങി അന്നത്തെ രാഷ്ട്രീയ തലയെടുപ്പുകളുടെയെല്ലാം ഇടവും വലവുമായി പത്ര സമൂഹവും ജീവിച്ചു. ഇവരില്‍ പലരുടെയും കുടുംബാംഗങ്ങളെ പോലെ അവരെയെല്ലാം ഞങ്ങള്‍ അടിമുടി അറിഞ്ഞു

Thumbnail


വി.എസ്.അച്യുതാനന്ദനെ നേരിട്ട്അറിഞ്ഞുതുടങ്ങുന്നത് എണ്‍പതുകളുടെ ആദ്യത്തിലാണ്- കൃത്യമായി പറഞ്ഞാല്‍ അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറിയായ 1981 മുതല്‍ 1991 വരെയുള്ള കാലത്ത്. സംഭവ ബഹുലമായിരുന്നു ആ വര്‍ഷങ്ങള്‍. എത്രയെത്രയോപൊതു ചടങ്ങുകളില്‍ മുഖാമുഖം കണ്ടു, കേട്ടു. ആരുമായും ആവശ്യമില്ലാതെ വലിഞ്ഞു കയറിയും അല്ലാതെയും ബന്ധമുണ്ടാക്കുന്ന ശീലമില്ലാത്തതിനാല്‍ വ്യക്തി സൗഹൃദമൊന്നും ഇതുപോലുള്ള ഉന്നതരുമായുണ്ടാകില്ല. ഒരു കാര്യം ഉറപ്പാണ് , ഈ നേതാക്കള്‍ക്കൊക്കെ അന്നത്തെ പത്രപ്രവര്‍ത്തകരില്‍, ഇതെഴുതുന്നയാള്‍ ഉള്‍പ്പെടെയുള്ളവരെ അറിയാമായിരുന്നു ഏത് പത്രം, പേര്, നിലപാട് എന്നതൊക്കെ. അത്രയൊക്കെ തന്നെ ധാരാളമല്ലേ.? കാരണം , ഒന്നാമത് നമ്മളൊന്നും അത്ര വലിയ മാധ്യമങ്ങളില്‍ ജോലി ചെയ്തവരല്ല. ഈ പരിമിതികളിലും, ഇതുപോലുള്ളവര്‍ ഞങ്ങളെ പോലുള്ളവരെയും ശ്രദ്ധിച്ചുവെങ്കില്‍ അത് തന്നെ വലിയ കാര്യം. മാധ്യമ സമൂഹത്തെ വി.എസിന്റെയൊക്കെ തലമുറ എങ്ങിനെ കണ്ടു എന്നതിന്റെ തെളിവ് തന്നെയാണ് ഈ ബന്ധം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മൊയ്തു വാണിമേലിന് അക്രഡിറ്റേഷന്‍ അനുവദിച്ച കമ്മറ്റി യോഗത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ പറഞ്ഞ കാര്യം അക്കാലത്ത് വലിയ തമാശയായി പ്രചരിച്ചു കേട്ടിട്ടുണ്ട്. ' ഓന് എത്രയോ കാലമായി അക്രഡിറ്റേഷന്‍ ഉണ്ടെടോ...'' എന്നായിരുന്നു നായനാര്‍ അക്രഡിറ്റേഷന്‍ കമ്മറ്റി യോഗത്തില്‍ പറഞ്ഞത്. ഇത് മറ്റൊരു വാണിമേലാണെന്ന് മറ്റുള്ളവര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇതു പോലെയൊക്കെ, വി.എസ് ഇതെഴുതുന്നയാളെയും അദ്ദേഹത്തിന്റെതായ രീതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പത്ര സമ്മേളനങ്ങളില്‍ വല്ല ഇടപെടലും നടത്തി തുടങ്ങും മുമ്പ് വി.എസ് അന്ന് ഇങ്ങിനെ പരിഹസിക്കുമായിരുന്നു. ' അതെ...അതെ ... സുലൈമാന്‍ സേട്ട്, സുലൈമാന്‍ സേട്ട്...' ചോദിക്കൂ... ചോദിക്കൂ... ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റും സംഭവ കാല രാഷ്ട്രീയത്തിലെ മതന്യൂനപക്ഷപിന്നോക്ക സമൂഹ വിഷയങ്ങള്‍ ഇത്തിരി തീവ്രമായി തന്നെ കൈകാര്യം ചെയ്യുന്നയാളുമായ സേട്ട് സാഹിബിനെ വെച്ചുള്ള ഈ പേര് വിളിയൊക്കെ അദ്ദേഹം ഒരവകാശം പോലെ പ്രയോഗിക്കുന്നതാണ്. ഇത്തരം കളിയാക്കലൊക്കെ ഞങ്ങളുടെ തലമുറയിലെ പത്ര സമൂഹം അന്നത്തെ നേതാക്കള്‍ക്ക് അവരറിയാതെ വകവെച്ചു കൊടുത്തിരുന്നുവെന്നതാണ് ശരി. ഇ.കെ.നായനാരുമായുള്ള ഏറ്റുമുട്ടലുകള്‍ ഇന്നും ഞങ്ങളില്‍ പലരുടെയും നല്ല ഓര്‍മ. വി.എസുമായി ബന്ധപ്പെട്ട മറ്റൊരു നേരനുഭവം അന്നത്തെ കാലവും വി.എസിനെപോലുള്ളവരുടെ രീതികളും ചെറിയ മട്ടില്‍ അടയാളപ്പെടുത്തി തരുന്നുണ്ട്. കുവൈത്ത് ടൈംസ് പത്രത്തിന്റെ കേരള പ്രതിനിധി എന്ന ദൗത്യവും ദീര്‍ഘ വര്‍ഷങ്ങള്‍ ഇതെഴുതുന്നയാള്‍ നിര്‍വ്വഹിക്കുകയുണ്ടായി. ഷാര്‍ളി ബെഞ്ചമിന്‍ എന്നൊരു ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ അന്ന് കുവൈത്തിലെ ഓഫീസില്‍ എഡിറ്ററായി ജോലി ചെയ്യുന്നുണ്ടായിരുന്നു. വി.എസിനെ കുവൈത്ത് ടൈംസ് മലയാളം പതിപ്പിനുവേണ്ടി ഇന്റര്‍വ്യു ചെയ്യണമെന്ന് നാട്ടില്‍ അവധിക്കെത്തിയ ഷാര്‍ളി ബെഞ്ചമിന് ഒരേ നിര്‍ബന്ധം. ഇതിനായി വി.എസിനെ നേരിട്ട് വിളിച്ചപ്പോള്‍ ആറ്റികുറുക്കിയ വാക്കുകളില്‍ ഇതാ വരുന്നു നിരാശ പകരുന്ന പ്രതികരണം. ' സമയമില്ല...' വി.എസ് അങ്ങിനെ പറഞ്ഞാല്‍ കുടുതലെന്തെങ്കിലും അങ്ങോട്ട് പറയാന്‍ കെല്‍പ്പുള്ളള്ളവരായി പത്രക്കാരിലും അല്ലാത്തവരിലും വളരെ കുറച്ചുപേരേ കാണൂ അന്നും എന്നും. അതായിരുന്നു അവരുടെയൊക്കെയൊരു തലയെടുപ്പ്. പക്ഷെ ഷാര്‍ളിയുണ്ടോ ഇതൊക്കെ അറിയുന്നു. നമുക്കൊന്ന് ശ്രമിക്കാം എന്ന ഷാര്‍ളിയുടെ ആഗ്രഹം കേട്ട് ഞങ്ങള്‍ രണ്ടു പേരും നേരെ എ.കെ.ജി സെന്ററിലെത്തി. അന്നത്തെ കാലത്ത് ഞങ്ങളെ പോലുള്ള തലസ്ഥാന പത്രക്കാര്‍ക്ക് പാര്‍ട്ടി ഓഫീസുകളൊക്കെ സ്വന്തം വീടകം പോലെയായതിനാല്‍ ഒരു തടസവുമില്ലാതെ നേരെ വി.എസിന്റെ മുറിയില്‍. ഒരു പാട് ഫയലുകളുമായിരിക്കുന്ന വി.എസിനെ കണ്ടപ്പോള്‍ അദ്ദേഹം നേരത്തെ പറഞ്ഞ കാര്യത്തിലെ സത്യസന്ധത ഓര്‍ത്തു പോയി- സമയമില്ലാത്തതു കൊണ്ട് തന്നെയാണ് അങ്ങിനെ പറഞ്ഞതെന്ന സത്യം. മുരടനക്കിയപ്പോള്‍ ' നിങ്ങളോട് ഞാന്‍ പറഞ്ഞില്ലെ സമയമില്ലെന്ന് ' എന്ന് ദേഷ്യ ഭാവമൊന്നുമില്ലാതെ മറുപടി. യഥാര്‍ഥത്തില്‍ വി.എസിനെ പോലൊരു പാര്‍ട്ടി സെക്രട്ടറിയുടെ മുറിയില്‍ ഇതുപോലെ അനുവാദമില്ലാതെ കടന്ന് ചെന്നതില്‍ ഒരു ജാള്യവും ഇതെഴുതുന്നയാള്‍ക്ക് അന്നനുഭവപ്പെട്ടിരുന്നില്ല. വി.എസ് ഇങ്ങിനെയൊക്കെയാണ് ആളുകളോട് പെരുമാറുന്നതെന്ന് പിന്നീട് പല സന്ദര്‍ഭത്തിലും മനസ്സിലാക്കാനും ഇത്തരം അനുഭവങ്ങള്‍ സഹാകമായി. ഇ.എം.എസ്, കെ.കരുണാകരന്‍, കെ.ആര്‍.ഗൗരിയമ്മ, ഇ.കെ.നായനാര്‍, ബേബി ജോണ്‍ തുടങ്ങി അന്നത്തെ രാഷ്ട്രീയ തലയെടുപ്പുകളുടെയെല്ലാം ഇടവും വലവുമായി പത്ര സമൂഹവും ജീവിച്ചു. ഇവരില്‍ പലരുടെയും കുടുംബാംഗങ്ങളെ പോലെ അവരെയെല്ലാം ഞങ്ങള്‍ അടിമുടി അറിഞ്ഞു. അപ്പോഴൊന്നും സഹപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിക്കുന്ന വി.എസിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. മാധ്യമങ്ങളെ പക്ഷെ അദ്ദേഹത്തിന്റെതായ രീതിയില്‍ മേല്‍പറഞ്ഞ മട്ടില്‍ കൈകാര്യം ചെയ്തു.

താന്‍വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനൊപ്പമല്ലെന്ന് തോന്നുന്നവരെയൊന്നും ഒരു പരിധിക്കപ്പുറം ഇതുപോലുള്ളവര്‍ ഉള്‍ക്കൊള്ളില്ല. പ്രത്യയശാസ്ത്രത്തിനു വേണ്ടി സ്‌നേഹിക്കുകയും, വെറുക്കുകയും ചെയ്യുന്ന നിഷ്‌ക്കളങ്കരായ ജൈവമനുഷ്യര്‍. വി.എസ്.മുഖ്യമന്ത്രിയായപ്പോഴേക്കും കാര്യങ്ങളൊക്കെ മറ്റൊരു രീതിയിലേക്ക് മാറിയിരുന്നുവെന്നാണ് തോന്നുന്നത്. പ്രവാസ ജീവിതത്തിലായതിനാല്‍ (1999-2017) അക്കാലമൊന്നും നേരിട്ട് കണ്ടിട്ടില്ല. വി.എസിന്റെ പാര്‍ട്ടി നാളുകള്‍ ഇ.എം.എസുള്ള സമയമായതിനാല്‍ പാര്‍ട്ടി സംഘടനയുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്ര വിഷയങ്ങളൊക്കെ ഇ.എം.എസ് എഴുതിയും പ്രസംഗിച്ചും യഥാസമയം പരിഹരിച്ചു. വി. എസി ന്റെ പ്രവര്‍ത്തനയിടം പാര്‍ട്ടിയില്‍ തന്നെ കേന്ദ്രീകരിച്ച കാലവുമായിരിക്കാം ഇത്. പരിസ്ഥിതി വാദമുള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളം നിറഞ്ഞു നിന്ന കാലത്തും, അധികാരം കൈയിലിരുന്ന നാളുകളിലും അദ്ദേഹത്തെ അടുത്ത് നിന്ന് കാണാന്‍ അവസരമുണ്ടായിരുന്നില്ല. അക്കാലമൊക്കെ അകലെ നിന്ന് വീക്ഷിച്ചത് നിറഞ്ഞ കൗതുകത്തോടെയായിരുന്നു. ഞങ്ങളറിഞ്ഞ വി.എസ് തന്നെയോ ഇതെന്ന് പ്രവാസകാലത്ത് പല ഘട്ടങ്ങളിലും അതിശയിക്കുക പോലും ചെയ്തിട്ടുണ്ട്.

പ്രവാസി സമൂഹത്തോട് പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികളുടെ കാര്യത്തില്‍ വി.എസിന്റെ പാര്‍ട്ടിയുടെ നിലപാടിലെ മാറ്റം വളരെ മെല്ലെയായിരുന്നു. ഇന്ന് പാര്‍ട്ടിക്ക് പ്രബലമായ ഗള്‍ഫ് ഘടകങ്ങളുണ്ട്. പ്രവാസം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴും വി.എസിനെ നിരവധി തവണ വിവിധ വേദികളില്‍ കേട്ടു. കൂടുതലും നിയമസഭയില്‍. എല്ലാ പ്രസംഗങ്ങളും എഴുതി തയ്യാറാക്കിയവ. സഭയിലിരിക്കുന്ന വി.എസ്. നിശ്ചിത സമയമായാല്‍ സഹായിക്കൊപ്പം ഇറങ്ങി പുറത്തേക്ക്. നിയമസഭ പ്രസ് ഗാലറിയിലൊന്നിന്റെ തൊട്ടടുത്താണ് അദ്ദേഹത്തിന്റെ നിയമസഭയിലെ ഓഫീസ്. ആളും ബഹളവുമില്ലാത്ത ഒരിടം. ഇടക്കൊരു ദിവസം സഭയില്‍ പ്രസംഗിച്ചു നില്‍ക്കെ വി.എസ് മെല്ലെ പിന്നിലേക്ക് ചാഞ്ഞ് ഒന്നിരുന്നു. എല്ലാവരും പേടിച്ചു പോയ രംഗം. അന്നത്തെ എം.എല്‍.എയായിരുന്ന എ.എം.ആരിഫ്, ഇടുക്കിയില്‍ നിന്നുള്ള രാജേന്ദ്രന്‍ എന്നിവര്‍ ഓടി അടുത്തെത്തിയപ്പോഴേക്കും വീണ്ടും എഴുന്നേറ്റ് നിന്ന വി.എസ്. തന്റെ പ്രസംഗം തുടര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം. അതെ ഇനി അങ്ങിനെയൊരു ആശ്വാസത്തിനവസരമുണ്ടാകില്ല. അദ്ദേഹം പോയിരിക്കുന്നു. എതിരാളികളിലാരോ വി.എസിന്റെ പ്രായത്തെ കളിയാക്കിയപ്പോള്‍ അദ്ദേഹം ഉദ്ധരിച്ച വിപ്‌ളവ കവി ടി.എസ് തിരുമുമ്പിന്റെ വരികള്‍ ഇങ്ങിനെ-

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തലനരക്കാത്തതല്ലെന്‍ യുവത്വവും;

ആദ്യകാല കമ്യൂണിസ്റ്റു് നേതാക്കളിലൊരാളും കവിയും സ്വാതന്ത്രസമരസേനാനിയുമായിരുന്നു താഴേക്കാട്ടു തിമിരിമനയില്‍ സുബ്രഹ്‌മണ്യന്‍ തിരുമുമ്പ് എന്ന ടി. എസ്. തിരുമുമ്പ് ( 1906 - 1984)ന്റെ കവിത തന്നെ ചൊല്ലിയ വി.എസ് വാര്‍ധക്യത്തിന്റെ പേരില്‍ തന്നെ പരിഹസിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കുകയായിരുന്നു. പ്രായക്കൂടുതലായതു കൊണ്ട് അഭിനവ് ഭാരത് യുവസംഘം എന്ന സംഘടനയില്‍ അംഗത്വം നല്‍കാത്തതിന് പ്രതികരണമായാണ് തിരുമുമ്പ് ഈ കവിത എഴുതിയത്. തിരുമുമ്പിന്റെ സമരകാലമൊക്കെ ഓര്‍മയിലുള്ള വി.എസ് യഥാസമയം അതെടുത്ത് പ്രയോഗിച്ചു. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളെ നേരിടുന്നതിനുള്ള അദ്ദേഹത്തിന്റെ വേറിട്ട രീതിയുടെ ഒരുദാഹരണം മാത്രമാണിത്. സ്വന്തം പാര്‍ട്ടിയോട് കലഹിക്കേണ്ടി വന്നപ്പോഴാണ് വി.എസിലെ തീപ്പൊരി കേരളം കൂടുതലായി കാണുകയും കേള്‍ക്കുകയും ചെയ്തത്. യുവാവാരരാണെന്ന് തിരുമുമ്പ് ആ കവിതയില്‍ ദീര്‍ഘമായി പറയുന്നുണ്ട്. പിറവി തൊട്ടുള്ള നാളെണ്ണി കണക്കാക്കലല്ല തന്റെ യവ്വനമെന്ന തിരുമുമ്പിന്റെ വരികള്‍ തനിക്കും ബാധകമാണെന്ന് വി.എസ് വാര്‍ധക്യത്തിന്റെ പേരില്‍ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചവരോട് പറയാതെ പറയുകയായിരുന്നു. തിരുമുമ്പ് പറഞ്ഞ രീതിയിലുള്ള സുധീര ജീവിതം നയിക്കുന്നവര്‍ മാത്രമായിരുന്നു വി.എസിന്റെ വീക്ഷണത്തിലും യുവാക്കള്‍. അല്ലാത്തവര്‍
' ഇവയെഴുന്നോര്‍ സദാപി യുവാക്കന്മാര്‍-
രിവരയെഴാത്തവര്‍ വൃദ്ധരില്‍ വൃദ്ധരും!''
തന്നെ നോക്കി വൃദ്ധത്വം പറഞ്ഞവരോട് വൃദ്ധനാകാന്‍ മനസ്സില്ല എന്നദ്ദേഹം സദാ ക്ഷോഭിക്കുകയായിരുന്നു. ശരിയെന്ന് വിശ്വസിച്ച വഴിയില്‍ പോരിനിറങ്ങുമ്പോള്‍ പ്രായത്തിന്റെ അവശതകള്‍ പോലും വകവെച്ചു കൊടുക്കാതിരുന്ന തലമുറയുടെ പ്രതിനിധി.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025