മുംബൈ: കൊച്ചിയില്‍ നിന്നും ഇന്നു രാവിലെ പുറപ്പെട്ട എയര്‍ ഇന്ത്യയുടെ 2744 നമ്പര്‍ എയര്‍ബസ് 320 വിമാനം മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങാനുള്ള ശ്രമത്തിനിടെ റണ്‍വേയില്‍നിന്നു തെന്നിമാറി. പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് വന്‍ അപകടം ഒഴിവായി സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്തത്. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 175 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
കനത്ത മഴക്കിടെ രാവിലെ 9.27ഓടെയാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച വിമാനം റണ്‍വേയില്‍ നിന്നും തെന്നിനീങ്ങിയാണ് നിന്നത്. വിമാനത്തിന്റെ ഒരു എഞ്ചിനും, ചത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ റണ്‍വേക്കും കേടുപാടുകള്‍ സംഭവിച്ചു. വിമാനം അപകടത്തില്‍പെട്ടതിനു പിന്നാലെ അടിയന്തിര സംവിധാനങ്ങള്‍ സജ്ജമാക്കിയിരുന്നതായി മുംബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. രണ്ടാം റണ്‍വേ ഉപയോഗിച്ചാണ് വിമാനത്താവള പ്രവര്‍ത്തനം പുനരാരംഭിച്ചത്. 250പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന സുരക്ഷ ശക്തമാക്കുന്നതിനിടെയാണ് മുംബൈയില്‍ ലാന്‍ഡിങ്ങിനിടെ അപകടമുണ്ടായത്.
Related News