റിയാദ്: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുവാന്‍ പ്രാദേശിക കൂട്ടായ്മകളുടെ കൂട്ടായ ഇടപെടല്‍ മുന്‍പെന്നത്തേക്കാളും അനിവാര്യമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതിന് അന്താരാഷ്ട്ര എന്‍ ജി ഓ സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ 'റിസ' യുടെ നേതൃത്വത്തില്‍ നടന്ന 'പ്രവാസി ലീഡേഴ്സ് മീറ്റ് ' വെബിനാറില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയിലെ റിയാദ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ്, ജിദ്ദ എന്നീ പ്രവിശികളില്‍നിന്നുള്ള പ്രവാസി നേതാക്കള്‍ പങ്കെടുത്തു.
വിവിധ പ്രവാസിനേതാക്കള്‍ ഒരുമിച്ച് നാട്ടില്‍ ഓരോ ജില്ലയിലും തങ്ങള്‍ക്കാവും വിധം ലഹരി ഉപയോഗവും വ്യാപനവും തടയുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടതിന്റെ അനിവാര്യത ഊന്നി പറയുകയും റിസയുടെ ശ്രമങ്ങള്‍ക്ക് എന്‍ ആര്‍ കെ ഫോറത്തിന്റെ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്യുന്നതായും വെബിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് റിയാദ് എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ സി പി മുസ്തഫ പറഞ്ഞു.
സമഗ്ര ബോധവത്കരണത്തിലൂടെ ഓരോ കുടുംബാംഗത്തെയും ലഹരിയുടെ കെണിയില്‍ പെടാതെ സംരക്ഷിക്കുവാന്‍ വേണ്ട അടിസ്ഥാനപരമായ നടപടികളാണ് അനിവാര്യമെന്നും സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കൂട്ടായ്മകളുടെ സഹായത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രവാസി ലഹരി വിരുദ്ധ കൂട്ടായ്മകള്‍ രൂപീകരിക്കുവാനും ഇതിനായി എല്ലാ ജില്ലകളിലും നിന്നുമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് റിസ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കാന്‍ സന്നദ്ധമാണെന്നും റിസ തയാറാക്കിയ കര്‍മ്മ പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് പറഞ്ഞു.
സ്വാഗതപ്രസംഗം നടത്തിയ റിസ കണ്‍സള്‍ട്ടന്റ് ഡോ. എ. വി ഭരതന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ഈ രംഗത്ത് റിസ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും പ്രവാസി നേതാക്കള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ഉണ്ടായി.
റിയാദില്‍നിന്നും മാധ്യമപ്രവര്‍ത്തകനായ ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിംകരീം, ബിനോയ് മാത്യു എന്നിവരും ജിദ്ദയില്‍നിന്ന് കേരളാ പൗരാവലി നേതാക്കളായ ഉണ്ണി തെക്കേടത്ത്, മിര്‍സാ ശരീഫ്, അനസ് ഓച്ചിറ, സലാഹ് കാരാടന്‍, എന്നിവരും ദമ്മാമില്‍ നിന്ന് ഡോ. സജീവ്, ലിനാദ്, സുഹൈല്‍, സക്കീര്‍ വള്ളക്കടവ്, സൈഫ് മുക്കം എന്നിവര്‍ ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. പ്രവാസലോകത്തെ നേതാക്കള്‍ക്ക് നാട്ടില്‍ പ്രാദേശികമായി എന്തെല്ലാം ഇടപെടലുകള്‍ നടത്താം എന്നതിനെക്കുറിച്ച് വിവിധ സംഘടനാ പ്രതിനിധികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിച്ചു.
റിയാദില്‍ നിന്നും അലക്‌സ് കൊട്ടാരക്കര, ഫൈസല്‍ പൂനൂര്‍, ക്‌ളീറ്റസ് തിരുവന്തപുരം എന്നിവരും ദമ്മാമില്‍ നിന്നും ഇസ്മായില്‍ നൗഷാദും ജിദ്ദയില്‍ നിന്നും കബീര്‍ കൊണ്ടോട്ടിയും ലീഡേഴ്സ് മീറ്റിന്റെ കോഡിനേറ്റര്‍മാരായി. കൂടുതല്‍ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കുമായി പ്രവാസി ലീഡേഴ്സ് മീറ്റ് - ഓണ്‍ലൈന്‍ സെഷന്‍-രണ്ട് ഓഗസ്റ്റില്‍ സംഘടിപ്പിക്കുമെന്ന് റിസാ നേതൃത്വം അറിയിച്ചു.
Related News