റിയാദ് : രണ്ട് മാസം നീണ്ടു നില്‍ക്കുന്ന റിയാദ് കെഎംസിസി സൂപ്പര്‍ കപ്പ് 2025 ഫുട്‌ബോള്‍ മാമാങ്കത്തിന് വര്‍ണ്ണാഭമായ തുടക്കം. കാല്‍പന്ത് കളിയെ ഹൃദയത്തിലേറ്റിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഷിഫ ദുറത്ത് അല്‍ മലാബ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളാല്‍ ശ്രദ്ധേയമായി. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം അല്‍ റയാന്‍ പോളിക്ലിനിക്ക് മാനേജിംഗ് ഡയറക്ടര്‍ മുഷ്ത്താഖ് മുഹമ്മദ് അലിയും ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ സാനിന്‍ വാസിമും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷനായിരുന്നു.
ഉദ്ഘാടന മത്സരത്തില്‍ അസിസിയ സോക്കര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് എഫ് സി വാഴക്കാടിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് റെയിന്‍ബോ എഫ് സി യൂത്ത് ഇന്ത്യ സോക്കറുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ വരുന്ന ജില്ലാ ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള ആദ്യ മത്സരത്തില്‍ മലപ്പുറം ജില്ലാ ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കണ്ണൂര്‍ ജില്ലാ ടീം പരാജയപ്പെടുത്തി.
ഉദ്ഘാടനതൊടനുബന്ധിച്ച് വിവിധ ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റ് വേറിട്ട അനുഭവമായി. ഓളപ്പരപ്പില്‍ ആവേശമുയര്‍ത്തുന്ന ചുണ്ടന്‍ വള്ളം പുല്‍ത്തകിടിയിലൂടെ ഒഴുകിനീങ്ങുന്ന മനോഹരമായ കലാസൃഷ്ടി അവതരിപ്പിച്ച ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് പിറകില്‍ എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളും വിവിധ മണ്ഡലം കമ്മിറ്റികളുടെ പ്രത്യേക ബാനറിന് മുമ്പില്‍ മലപ്പുറം ജില്ലയും തുടര്‍ന്ന് പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, വയനാട് ജില്ലകളും മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. ബാന്‍ഡ് വാദ്യങ്ങളും കൊല്‍ക്കളിയും നൃത്തനൃത്യങ്ങളും മറ്റ് കലാ രൂപങ്ങളും പരിപാടിക്ക് കൊഴുപ്പേകി. ഏറ്റവും മുന്നില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും തുടര്‍ന്ന് സ്‌കോപ്പ് വളണ്ടിയര്‍ അംഗങ്ങളും മാര്‍ച്ച് പാസ്റ്റില്‍ പങ്കാളികളായി. കഥകളി കലാരൂപവും വര്‍ണ്ണകുടയേന്തിയ നൃത്തകരും കാണികള്‍ക്ക് ആവേശം പകര്‍ന്നു. വനിതാ കെഎംസിസിയുടെ നേതൃത്വത്തില്‍ നിരവധി കുടുംബിനികളും കുട്ടികളും ചടങ്ങുകളെ വര്‍ണ്ണാഭമാക്കി. ഓര്‍ഗാനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് അവതാരകനായിരുന്നു. ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ടൂര്‍ണ്ണമെന്റ് ചീഫ് കോര്‍ഡിനേറ്റര്‍ മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.
ഇനി രണ്ട് മാസക്കാലം റിയാദിന്റെ വാരാന്ത്യങ്ങള്‍ കൂടുതല്‍ ചൂട് പിടിക്കും. വിവിധക്ലബുകള്‍ക്ക് വേണ്ടി സന്തോഷ് ട്രോഫി, ദേശീയ ഐ ലീഗ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി കളിക്കാര്‍ കളിക്കളത്തിലെത്തും. ഇതോടൊപ്പം സൗദിയിലെ പ്രമുഖ പ്രവാസി താരങ്ങളും വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും. റിയാദ് ഇന്ത്യന്‍ ഫുടബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ലീഗ് കം നോ ഔട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ എട്ട് ആഴ്ച നീണ്ടുനില്‍ക്കും.
സനിന്‍ വാസിം കിക്കോഫ് നിര്‍വ്വഹിച്ചു. സിറ്റി ഫ്ളവര്‍ ഫിനാന്‍സ് മാനേജര്‍ അസീബ് കാപ്പാട്, എ ബി സി കാര്‍ഗോ ഡയറക്ടര്‍ സലീം അബ്ദുല്‍ ഖാദര്‍, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, വൈസ് പ്രസിഡന്റുമാരായ വി കെ മുഹമ്മദ്, ശറഫുദ്ധീന്‍ കണ്ണേറ്റി വാദി ദവാസിര്‍, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം, ചെയര്‍മാന്‍ യു പി മുസ്തഫ, മുഹമ്മദ് വേങ്ങര, റിയാദ് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, എന്‍ ആര്‍ കെ ഫോറം ജോ. കണ്‍വീനര്‍ നാസര്‍ കാരക്കുന്ന്, റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര, റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുള്ള വല്ലാഞ്ചിറ, ഇല്ല്യാസ് സഫമക്ക പോളിക്ലിനിക്ക്, ലിയാഖത്ത് വേസ്റ്റേണ്‍ യൂണിയന്‍, അന്‍സാര്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ്, നജ്മുദ്ധീന്‍ മഞ്ഞളാംകുഴി, റീവ് കണ്‍സള്‍ട്ടന്റ് മാനേജര്‍ എന്‍ എം റാഷിദ്, മുഹമ്മദ് ഹാരിസ് സേഫ്റ്റി മോര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്‌മാന്‍ ഫറൂഖ്, അഡ്വ. അനീര്‍ ബാബു, അഷ്റഫ് കല്‍പകഞ്ചേരി, ജലീല്‍ തിരൂര്‍, നാസര്‍ മാങ്കാവ്, പി സി അലി വയനാട്, റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, നജീബ് നല്ലാങ്കണ്ടി വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം കെഎംസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.
ഫോട്ടോ :
ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ സാനിന്‍ വാസിമും അല്‍ റയാന്‍ പോളിക്ലിനിക്ക് മാനേജിംഗ് ഡയറക്ടര്‍ മുഷ്ത്താഖ് മുഹമ്മദ് അലിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
Related News