ദുബായ്: പോലീസുകാരനായി നടിച്ച് ഒരു ഏഷ്യന്‍ പൗരനില്‍ നിന്ന് 45,000 ദിര്‍ഹം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 45കാരനായ അറബ് വംശജന് ദുബായ് ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പ്രതി നൈഫ് പ്രദേശത്തെ ഒരു കറന്‍സി എക്‌സ്‌ചേഞ്ചിന്റെ സമീപത്ത് വെച്ച് അജ്ഞാതരായ മറ്റു ചിലരുമായി ചേര്‍ന്നാണ് കവര്‍ച്ചാ ശ്രമം നടത്തിയത്. കഴിഞ്ഞ ഏപ്രിലാണ് സംഭവം നടന്നത്. ഒരു എക്‌സ്‌ചേഞ്ചില്‍ നിന്ന് 45,000 ദിര്‍ഹം യുഎസ് ഡോളറാക്കി മാറ്റാനായി എത്തിയ ആള്‍ നിരക്ക് അനുകൂലമല്ലാത്തതിനാല്‍ ഇടപാട് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം എക്‌സ്‌ചേഞ്ചില്‍ നിന്ന് പുറത്തുവരുമ്പോഴാണ് പ്രതിയും കൂടെയുള്ളവരും വാഹനം നിര്‍ത്തി ഇറങ്ങിയത്.
തങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞാണ് പണം തട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ ഏഷ്യക്കാരന്‍ ബാഗ് വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയും കരഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രണ്ട് പേര്‍ പൊലീസിന്റെ ബാഡ്ജ് പോലെയുള്ള ഐഡന്റിഫിക്കേഷന്‍ കാണിച്ചുവെങ്കിലും, ഇതിനെ തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെ പ്രതികളും കൂട്ടാളികളും ഓടി രക്ഷപ്പെട്ടു.
പിന്നീട് ദുബൈ പൊലീസ് അന്വേഷണം ആരംഭിക്കുകയും സംഭവത്തില്‍ ഉപയോഗിച്ച വാഹനത്തെ തിരിച്ചറിയുകയും ചെയ്തു. വാഹനം ഒരു കുട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും, പ്രതിയുടെ സഹോദരനാണ് അത് ഉപയോഗിച്ചിരുന്നത്. ഇതിലൂടെ പ്രതിക്ക് ആ വാഹനത്തില്‍ ആക്സസ് ഉണ്ടായിരുന്നെന്നത് സ്ഥിരീകരിക്കപ്പെട്ടു.
കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. പരാതിക്കാരന്‍ തന്നെ പണം വാഗ്ദാനം ചെയ്തതായി പ്രതി ആരോപിച്ചു. ആ പണം വാങ്ങാനായാണ് എത്തിയതെന്നും ആളുകള്‍ കൂടിയതോടെ തെറ്റിദ്ധാരണ പറ്റിയെന്നും പ്രതി വിശദീകരിച്ചു. എന്നാല്‍, കോടതി ഈ വാദം തള്ളിക്കളഞ്ഞു. പ്രതിയുടെ വിശദീകരണം വിശ്വസനീയമല്ല എന്നും അത് കുറ്റം ഒഴിവാക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്ന് കാണുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ കവര്‍ച്ചയ്ക്ക് ശ്രമിച്ചതിനും പൊലീസുകാരനായി നടിച്ചതിനും കുറ്റക്കാരനായി കണ്ടെത്തി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
Related News