ലഖ്‌നൗ: ലോക പ്രശസ്തമായ ഭക്ഷണ വിതരണ ശൃംഖലയാണ് കെ.എഫ്.സിക്ക് ചിക്കന്‍ ഒഴിവാക്കുന്ന കാര്യം ചിന്തിക്കാനാവുമോ. എന്നാല്‍ ഗാസിയാബാദിലെ കെ.എഫ്.സി ഔട്ട്ലെറ്റിലെ മെനുവില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ നീക്കം ചെയ്ത് വെജിറ്റേറിയന്‍ വിഭവങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മെനുവിലെ ഈ മാറ്റം കമ്പനിയുടെ ഇഷ്ടപ്രകാരമായിരുന്നില്ല. ശ്രാവണ മാസത്തിന്റെയും കാന്‍വാര്‍ യാത്രയുടെയും പശ്ചാത്തലത്തില്‍ മാംസാഹാരം വില്‍ക്കുന്നതിനെതിരെ ഹിന്ദു രക്ഷാദള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണിത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ ഒട്ട്‌ലറ്റിനു നേരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ക്കു പേരുകേട്ട കെ.എഫ്.സി ഔട്ട്ലെറ്റിലെ മെനുവില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ നീക്കം ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ശ്രാവണ മാസത്തിന്റെ ആത്മീയ പ്രാധാന്യം കണക്കിലെടുത്ത് ഈ കാലയളവില്‍ മാംസാഹാര വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്ദിരാപുരം മേഖലയിലാണ് സംഭവം. ഔട്ട്ലെറ്റിന്റെ ഷട്ടറുകള്‍ ബലമായി താഴിട്ടതായും ഗതാഗതം തടസപ്പെടുത്തിയതായും പറയുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഗതാഗതം തടസപ്പെടുത്തിയതിന് പോലീസ് കേസെടുത്തു.
പ്രതിഷേധത്തിന് പിന്നാലെ കെ.എഫ്.സി ഔട്ട്‌ലെറ്റില്‍ നിലവില്‍ സസ്യാഹാരം മാത്രം ലഭ്യമാണ് എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ റെസ്റ്റോറന്റ് അധികൃതര്‍ തയ്യാറായില്ല.
Related News