ന്യൂഡല്‍ഹി: 75 വയസ്സു കഴിഞ്ഞാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് വിരമിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അഭിപ്രായം പ്രധാനമന്ത്രി മോഡിയുടെ കാര്യത്തില്‍ യോജിക്കുന്നതല്ലെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. ബി.ജെ.പി.യുടെ വിജയത്തിനു പിന്നില്‍ മോഡി ഫാക്ടറാണെന്ന് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുത്തില്‍ അദ്ദേഹം പറഞ്ഞു. 75 കഴിഞ്ഞാല്‍ മാറി നില്‍ക്കേണ്ട തരത്തില്‍പെട്ട ആളല്ല മോഡി. മോഡി അധികാരത്തിലെത്തിയ ശേഷമാണ് ബി.ജെ.പിക്ക് ഇന്നു കാണുന്ന വളര്‍ച്ച ഉണ്ടായത്. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായത് 82ാംവയസിലാണെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.
2014 മുതലുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായത് മോഡിയുടെ വ്യക്തിപ്രഭാവവും രാഷ്ട്രീയ നേതൃപാടവവും ആയിരുന്നു. ഇതു വലിയ രീതിയില്‍ ജനത്തെ സ്വാധീനിച്ചു. മോഡിയായിരുന്നില്ല തങ്ങളുടെ നേതാവെങ്കില്‍ ബി.ജെ.പിക്ക് 150 സീറ്റുപോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടില്ലായിരുന്നു. മോഡി നേതാവായി എത്തിയതോടെ, ഒരിക്കലും ബി.ജെ.പിയുടേതല്ലാത്ത വോട്ടുബാങ്കുകളും പാവപ്പെട്ടവും കൂടുതലായി പാര്‍ട്ടിയുടെ പക്ഷത്തേക്ക് ചാഞ്ഞു. അദ്ദേഹത്തില്‍ അവര്‍ക്കുള്ള വിശ്വാസമാണത്. ചിലര്‍ക്ക് അത് ഇഷ്ടമല്ലെങ്കിലും, യാഥാര്‍ഥ്യം അതാണെന്ന് ദുബെ കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ച് മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. 2014ലും 2019ലും മൃഗീയ ഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് 2024ല്‍ നേരിയ തിരിച്ചടി നേരിട്ടതോടെ സീറ്റുകളുടെ എണ്ണം 240 ആയി കുറഞ്ഞു. 2014ല്‍ 282, '19ല്‍ 303 എന്നിങ്ങനെയായിരുന്നു ബി.ജെ.പി ജയിച്ച സീറ്റുകളുടെ എണ്ണം. നിതീഷ് കുമാറിന്റെ ജെ.ഡി.യു, എന്‍. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മൂന്നാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി അണിനിരന്ന് ബി.ജെ.പിയുടെ ഏകപക്ഷീയ മുന്നേറ്റത്തിന് തടയിടുകയായിരുന്നു.
Related News