കൊല്ലം: ശാസ്താംകോട്ടയിലെ കോവൂര്‍ സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു. തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി വലിയപാടം മിഥുന്‍ ഭവനില്‍ മനുവിന്റെ മകന്‍ മിഥുനാണ് (13) മരിച്ചത്. സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം. രാവിലെ ഒമ്പതരയോടെയാണ് സംഭവം. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ച് കൊണ്ട് നില്‍ക്കെയാണ് സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ ചെരുപ്പ് വീണത്. അതെടുക്കാന്‍ കയറിപ്പോഴാണ് അപകടത്തില്‍പെട്ടത്. ചെരുപ്പ് എടുക്കാന്‍ മതില്‍ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.
ഉടന്‍ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് നാട്ടുകാരുടെ പരാതി. സ്‌കൂള്‍ കെട്ടിടത്തിനു മുകളിലൂടെയാണ് വൈദ്യുതി ലൈന്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അറിയിച്ചു.
Related News