യു.പിയില്‍ മലയാളി യുവ ഡോക്ടറുടെ മരണം. അന്വേഷണം വേണമെന്ന് കുടുംബം
തിരുവനന്തപുരം മലയാളി യുവ ഡോക്ടര്‍ അഭിഷോ ഡേവിഡിനെ (32) യുപിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനമയച്ചു. പാറശാല പാലൂര്‍ക്കോണം പാമ്പാടുംകൂഴി അബിവില്ലയില്‍ അഭിഷോയെ വെള്ളിയാഴ്ച രാവിലെയാണു ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ഹോസ്റ്റമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയായിരുന്നു. ഞായറാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഹോസ്റ്റലിലെത്തി അകത്തുനിന്നു പൂട്ടിയ വാതില്‍ തകര്‍ത്ത് കയറിയപ്പോഴാണു അഭിഷോയെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്. മരണത്തിനു തലേന്നു രാത്രിയും ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പറയുന്നു. 19നു നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു. 2 മാസം മുന്‍പാണ് ഒടുവില്‍ നാട്ടിലെത്തിയത്. ഭാര്യ ഡോ. നിമിഷ തിരുവനന്തപുരം എസ്‌ഐടി ആശുപത്രി ഗൈനക്കോളജി വിഭാഗം പിജി വിദ്യാര്‍ഥിയാണ്. 10 മാസം മുന്‍പായിരുന്നു വിവാഹം.
യുപി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഭിഷോയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മുറിയിലെ ഫൊറന്‍സിക് പരിശോധനാ ഫലവും വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് യു.പി പോലീസ് അറിയിച്ചിട്ടുള്ളത്.
Related News