ദമ്മാം: ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി ബദര്‍ ഫുട്‌ബോള്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന എസ് ടി സി ബാങ്ക് ചാമ്പ്യന്‍സ് കപ്പ് 2025 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കോബ്ര പാര്‍ക്ക് വിന്നേഴ്‌സ് സ്റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍, എസ് ടി സി ബാങ്ക് റീജിയണല്‍ മാനേജര്‍ മര്‍വാന്‍ അല്‍ നാസര്‍ കിക്കോഫ് കര്‍മ്മം നിര്‍വഹിച്ചു. ഇതോടെ ചാമ്പ്യന്‍സ് കപ്പിനായുള്ള പോരാട്ടത്തിന് ഔദ്യോഗികമായി തിരിതെളിഞ്ഞു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ റഫീക്ക് കൂട്ടിലങ്ങാടി, ടൂര്‍ണമെന്റ് കമ്മിറ്റിക്കുവേണ്ടി മര്‍വാന്‍ അല്‍ നാസറിനെ പൂച്ചെണ്ട് നല്‍കി നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ ഡിഫ പ്രസിഡന്റ് ഷെമീര്‍ കൊടിയത്തൂര്‍, പസഫിക് ലോജിസ്റ്റിക് ബിസിനസ് മാനേജര്‍ അഷ്റഫ് കയ്യാലത്ത്, റാഡിക്‌സ് ഓപ്പറേഷന്‍ മാനേജര്‍ ഷാദില്‍ നടുകണ്ടത്തില്‍, ബദ്ര്‍ റബീഹ് എച് ആര്‍ മാനേജര്‍ ഹബീബ് ഏലംകുളം, ബദ്ര്‍ റബീഹ് റാക ബ്രാഞ്ച് ഓപ്പറേഷന്‍ മാനേജര്‍ താരിഖ്, മീഡിയേറ്റര്‍ സി.ഇ.ഒ, അബ്ദുള്ള , കെ.എം.സി.സി പ്രതിനിധി ആലിക്കുട്ടി ഒളവട്ടൂര്‍, നവയുഗം പ്രതിനിധി ഷാജി മതിലകം, നൗഷാദ് ഇരിക്കൂര്‍ (മീഡിയ വണ്‍), ഡിഫ ജനറല്‍ സെക്രട്ടറി റഷീദ് മാളിയേക്കല്‍, ഡിഫ ട്രഷറര്‍ ജുനൈദ് കാസര്‍കോട്, ഡിഫ രക്ഷാധികാരി സകീര്‍ വള്ളക്കടവ് തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
ആദ്യ മത്സരത്തില്‍ യു ഐ സി മാഡ്രിഡ് എഫ് സിയും ഡാസ്ലര്‍ ബ്യൂട്ടി പാര്‍ലര്‍ കെപ്വ എഫ്സിയും തമ്മില്‍ വാശിയേറിയ പോരാട്ടം കാഴ്ചവെച്ചു. കളിയുടെ മുഴുവന്‍ സമയവും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയപ്പോള്‍, മത്സരം ആവേശം നിറഞ്ഞ പെനാല്‍റ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. അത്യന്തം വാശിയേറിയ ഷൂട്ട്ഔട്ടില്‍, എതിരാളികളെ മൂന്ന് ഗോളുകള്‍ക്ക് തളച്ച് നാല് ഗോളുകള്‍ക്ക് മാഡ്രിഡ് എഫ്സി ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. മാഡ്രിഡ് എഫ് സി ഗോള്‍ കീപ്പര്‍ ഫായിസ് റസാക്ക്, തന്റെ തകര്‍പ്പന്‍ സേവുകളിലൂടെ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം മത്സരത്തില്‍ ഇ.എം.എഫ് റാക്ക, യൂത്ത് ഇന്ത്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് വിജയം സ്വന്തമാക്കി കരുത്ത് തെളിയിച്ചു. ഇ.എം.എഫ് റാക്കയുടെ നിയാസായിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. രണ്ട് ഗോളുകള്‍ നേടുകയും മൂന്നാം ഗോളിന് മനോഹരമായി വഴിയൊരുക്കുകയും ചെയ്ത നിയാസിന്റെ മിന്നുന്ന പ്രകടനം കളിക്കളത്തില്‍ ആധിപത്യം സ്ഥാപിച്ചു. വരും ദിവസങ്ങളിലും കൂടുതല്‍ ആവേശകരവും വാശിയേറിയതുമായ മത്സരങ്ങള്‍ ടൂര്‍ണമെന്റില്‍ പ്രതീക്ഷിക്കുന്നുവെന്നും, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു അവിസ്മരണീയമായ കാല്‍പന്ത് വിരുന്നായിരിക്കുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു.
ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് കൂട്ടിലങ്ങാടി, ബദര്‍ ക്ലബ്ബ് പ്രസിഡന്റ് മഹ്റൂഫ് കൊണ്ടോട്ടി, സെക്രട്ടറി ഷഹീം മങ്ങാട്, ട്രഷറര്‍ ജംഷി, റഷീദ് അഹ്‌മദ്, അസ്‌കര്‍, ഷഫീക് കാസിം, അനീസ് മോളൂര്‍, സുബിന്‍ ബിര്‍ഷാദ്, ജുനൈദ് എന്നിവരുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.
പടം : എസ് ടി സി ബാങ്ക് ബി എഫ് സി ചാമ്പ്യന്‍സ് കപ്പിന്റെ കിക്കോഫ് മര്‍വാന്‍ അല്‍ നാസര്‍ നിര്‍വഹിക്കുന്നു.
Related News