ജലന്ധര്‍:ലോകത്തെ പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിങ് റോഡ് അപകടത്തില്‍ അന്തരിച്ചു. 114 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ട് സ്വദേശമായ പഞ്ചാബിലെ ജലന്ധറിലുള്ള ബിയാസ് പിന്ദില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചാണ് മരിച്ചത്. ഇടിച്ച വാഹനം് നിര്‍ത്താതെ പോയി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
1911ല്‍ ശാരീരിക പരിമിതികളോടെ ജനിച്ച ഫൗജ സിങിന് അഞ്ച് വസ്സുവരെ നടക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് നടക്കാനുള്ള ശേഷി കൈവരിച്ചെങ്കിലും കാലുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെട്ടിരുന്നു. 1992ല്‍ ഭാര്യ ഗിയാന്‍ കൗറിന്റെ വിയോഗത്തിനു പിന്നാലെ ഈസ്റ്റ് ലണ്ടനിലേക്ക് താമസം മാറി. 1994ല്‍ മകനെ കൂടി നഷ്ടമായ ഫൗജ, പിന്നീട് ഇതിന്റെ ആഘാതത്തില്‍നിന്ന് മുക്തിതേടിയാണ് മാരത്തണിലേക്ക് തിരിഞ്ഞത്.
2000ല്‍, 89-ാം വയസ്സിലാണ് ഫൗജ ആദ്യമായി മരത്തണില്‍ പങ്കെടുത്തത്. ലണ്ടന്‍ മാരത്തണ്‍ ആറ് മണിക്കൂര്‍ 54 മിനിറ്റുകൊണ്ട് പിന്നിട്ട ഫൗജ പിന്നീട് ന്യൂയോര്‍ക്ക്, ടൊറന്റോ, മുംബൈ മാരത്തണുകളിലും പങ്കെടുത്തു. 2003ല്‍ ടൊറന്റോ മാരത്തണ്‍ അഞ്ച് മണിക്കൂര്‍ 40 മിനിറ്റ് റോക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 2011ല്‍ കാനഡയിലെ ഒണ്ടാരിയോ മാരത്തണില്‍ 100 വയസ്സ് പിന്നിട്ടവരുടെ വിഭാഗത്തില്‍ എട്ട് റെക്കോഡുകളാണ് ഫൗജ സ്വന്തം പേരിലാക്കിയത്. 100 വയസ്സ് പിന്നിട്ടവരില്‍ ഫുള്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ വ്യക്തിയാണ്. 2011ല്‍ ഖുശ്വന്ത് സിങ് എഴുതി പ്രസിദ്ധീകരിച്ച 'ടര്‍ബന്‍ഡ് ടൊര്‍ണാഡോ' ഫൗജ സിങിന്റെ ജീവചരിത്രമാണ്.
Related News